കിഴക്കന്‍മേഖലയില്‍ കുന്നിടിക്കലും മണ്ണുകടത്തലും വ്യാപകമാകുന്നു

Thursday 4 May 2017 1:57 pm IST

കൊട്ടാരക്കര: കിഴക്കന്‍ മേഖലയില്‍ കുടിവെള്ളക്ഷാമം അതിരൂക്ഷമായിട്ടും കുന്നിടിക്കിലും, മണ്ണുകടത്തലും നിര്‍ബാധം തുടരുന്നു. ജനങ്ങള്‍ കുടിവെള്ളത്തിനായി നെട്ടോട്ടമോടുമ്പോള്‍ രാത്രിയുടെ മറവില്‍ മണ്ണ് കടത്തും നടന്നുവരുന്നു. പോലീസും റവന്യു അധികൃതരും സമ്മര്‍ദ്ദം നിമിത്തം നടപടി എടുക്കാത്തതാണ് ഇതിന് കാരണം. കൊട്ടാരക്കര-പുത്തൂര്‍ റോഡരികില്‍ പകല്‍ സമയങ്ങളില്‍ കുന്നിടിച്ച് നിരപ്പാക്കിയിട്ടുണ്ട്. കരിങ്കല്‍ക്വാറികളുടെ പ്രവര്‍ത്തനം ജില്ലയില്‍ ഭാഗീകമായി നിലച്ചിരിക്കുകയാണ്. ഈ രംഗത്ത് പ്രവര്‍ത്തിച്ചിരുന്ന പലരും ഇപ്പോള്‍ മണ്ണ് കടത്തലില്‍ സജീവമായിട്ടുണ്ട്. യാതൊരുവിധ അനുമതിയും ഇല്ലാതെ മണ്ണ് കടത്തുന്നവരാണ് കുന്നിടിക്കലിന്റെ പിന്നില്‍. കൊല്ലം ബൈപാസ് നിര്‍മ്മാണത്തിന്റെ മറവില്‍ മണ്ണ് കടത്തുന്നവരാണ് രാത്രി സമയങ്ങളില്‍പോലും കുന്നിടിക്കുന്നത്. ബൈപാസ് നിര്‍മ്മാണത്തിന് മണ്ണെത്തിക്കുന്നതിന് പ്രത്യേക അനുമതി നല്‍കിവരുന്നുണ്ട്. ഈ അനുമതി ദുരുപയോഗം ചെയ്താണ് വ്യാപകമായ രീതിയില്‍ കടത്ത് നടന്നുവരുന്നത്. ബൈപാസ് നിര്‍മ്മാണ ആവശ്യത്തിലേക്ക് പ്രത്യേക അനുമതി നല്‍കുന്നുണ്ടെങ്കിലും അത് കുന്നിടിക്കാനും ഖനനം ചെയ്യാനുമുള്ള അനുമതിയല്ല. എന്നാല്‍ നടന്നുവരുന്നതെല്ലാം ഇതുമാത്രമാണ്. ബൈപാസ് ആവശ്യത്തിനെന്ന് പറഞ്ഞ് എടുക്കുന്ന മണ്ണ് പടിഞ്ഞാറന്‍ മേഖലയില്‍ വ്യാപകമായ നിലംനികത്തലിന് ഉപയോഗിച്ചുവരുന്നു. ബൈപാസ് നിര്‍മ്മാണത്തിന് മണ്ണെത്തിക്കുമ്പോള്‍ കിട്ടുന്ന വിലയുടെ ഇരട്ടിയിലധികം ലഭിക്കും നിലം നികത്താന്‍ എത്തിച്ചുകൊടുക്കുമ്പോള്‍, ഇതാണ് മാഫിയകളെ ആകര്‍ഷിക്കുന്നത്. പടിഞ്ഞാറന്‍ മേഖലയില്‍ നിന്നുള്ള ഏജന്റുമാര്‍ ഇതിനായി മിക്കയിടത്തും തമ്പടിച്ചിട്ടുണ്ട്. ബൈപാസ് നിര്‍മ്മാണത്തിനെന്ന് വ്യാജബോര്‍ഡ് പതിപ്പിച്ച മണ്ണുകടത്ത് വാഹനങ്ങളും വ്യാപകമാകുന്നു. കരുനാഗപ്പള്ളി, ക്ലാപ്പന, ഓച്ചിറ ഭാഗങ്ങളിലേക്ക് ലോറികളില്‍ മണ്ണ് കടത്തികൊണ്ടുപോകുന്നത് നിരവധി പോലീസ്റ്റേഷനുകള്‍ക്ക് മുന്നിലൂടെയാണ്. അനിയന്ത്രിതമായി നടന്നുവരുന്ന മണ്ണെടുപ്പും, മണലൂറ്റും നിലം നികത്തലും പാറ ഖനനവുമാണ് കിഴക്കന്‍ മേഖല കുടിവെള്ളക്ഷാമം രൂക്ഷമായതിന്റെ പ്രധാന കാരണം. ജലലഭ്യത ഓരോ ദിവസവും കുറഞ്ഞ് വന്നിട്ടും മാഫിയാ പ്രവര്‍ത്തനങ്ങള്‍ അവസാനിക്കുന്നില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.