കെ.എം. മാണി ഇടതുപക്ഷത്തിന്റെ ബന്ധുവാകുന്നതെങ്ങനെയെന്ന് ബിനോയ് വിശ്വം

Thursday 4 May 2017 8:38 pm IST

കോഴിക്കോട്: കോട്ടയം ജില്ലാ പഞ്ചായത്തിലുണ്ടായ സി പി എം-കേരള കോണ്‍ഗ്രസ് ബാന്ധവത്തിനെതിരെ സി പി ഐ. കോട്ടയത്തുണ്ടായ അവിശുദ്ധ ബന്ധം എന്തായാലും ഇടതുപക്ഷത്തെ ശക്തിപ്പെടുത്താനല്ലെന്ന് സി പി ഐ നേതാവും മുന്‍ മന്ത്രിയുമായ ബിനോയ് വിശ്വം വ്യക്തമാക്കി. വലതുപക്ഷത്തെ കുരുട്ടു ബുദ്ധിക്കാര്‍ക്ക് ചുവപ്പു പരവതാനി വിരിക്കുമ്പോള്‍, അതു ചെയ്തവര്‍ നമ്മുടെ കൊടിയിലേക്ക് ഒന്നു നോക്കുകയെങ്കിലും ചെയ്യേണ്ടതായിരുന്നുവെന്നും ബിനോയ് വിശ്വം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. കോണ്‍ഗ്രസിനോടും ബി ജെ പിയോടും ഒരേ സമയം വിലപേശുകയായിരുന്ന കെ എം മാണിയുടെ പാര്‍ട്ടി എങ്ങനെയാണ് ഇടതുപക്ഷത്തിന്റെ ബന്ധുവാകുന്നതെന്നാണ് അദ്ദേഹം ചോദിക്കുന്നത്. ബാര്‍ കോഴ, ബജറ്റ് വില്‍പ്പന തുടങ്ങി മാണിക്കെതിരെ നാം പറഞ്ഞതെല്ലാം നുണയായിരുന്നുവെന്നാണോ ഇപ്പോള്‍ ജനം വിശ്വസിക്കേണ്ടത്? ഇടതുപക്ഷവും വലതുപക്ഷവും തമ്മിലുള്ള വ്യത്യാസം രണ്ടക്ഷരങ്ങളുടേതു മാത്രമാണെന്നുണ്ടെങ്കില്‍ പാവപ്പെട്ടവരും നീതിബോധമുള്ളവരും എന്തിന് ഇടതുപക്ഷത്തോട് കൂറ് കാണിക്കണം? ആ വേര്‍തിരിവിന്റെ വര നേര്‍ത്ത് നേര്‍ത്ത് ഇല്ലാതാവുകയാണോ? കോട്ടയം ജില്ലാ പഞ്ചായത്തിലെ അവിശുദ്ധ ബന്ധം എന്തായാലും ഇടതുപക്ഷത്തെ ശക്തിപ്പെടുത്താനല്ല. വലതുപക്ഷത്തെ കുരുട്ടു ബുദ്ധിക്കാര്‍ക്ക് ചുവപ്പു പരവതാനി വിരിക്കുമ്പോള്‍, അതു ചെയ്തവര്‍ നമ്മുടെ കൊടിയിലേക്ക് ഒന്നു നോക്കുകയെങ്കിലും ചെയ്യേണ്ടതായിരുന്നുവെന്നും ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി. സി പി എം പിന്തുണയോടെ കോണ്‍ഗ്രസിനെ തളളിയാണ് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സക്കറിയ കുതിരവേലി വിജയം കൈവരിച്ചത്. എട്ടിനെതിരെ 12 വോട്ടുകള്‍ നേടിയാണ് സക്കറിയ വിജയിച്ചത്. വോട്ടെടുപ്പിന് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പ് നടന്ന അട്ടിമറി നീക്കത്തിലൂടെ സി പി എം പിന്തുണ ഉറപ്പിച്ച കേരള കോണ്‍ഗ്രസ് ഭരണം നേടിയെടുക്കുകയായിരുന്നു. സി പി ഐ തെരഞ്ഞെടുപ്പില്‍ നിന്നും വിട്ടുനില്‍ക്കുകയാണുണ്ടായത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.