ജില്ല പുലിപ്പേടിയില്‍ ; ജനങ്ങള്‍ ആശങ്കയില്‍

Thursday 4 May 2017 9:29 pm IST

മട്ടന്നൂര്‍: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പുലിയെ കണ്ടെന്ന ആഭ്യൂഹം ശക്തമായതോടെ ജനങ്ങള്‍ ആശങ്കയിലായി. ഫോറസ്റ്റ്, റവന്യൂ, പോലീസ് അധികൃതര്‍ പുലിയെ കണ്ടെന്ന് പറയപ്പെടുന്ന പ്രദേശങ്ങളില്‍ വിശദമായ പരിശോധനകള്‍ നടത്തിയെങ്കിലും പുലിയെ കണ്ടെത്താനായില്ല. അഴീക്കോട്, കല്ല്യാട്, ബ്ലാത്തൂര്‍, തിരൂര്‍, കണ്ണവം, നിടുംപൊയില്‍, മാലൂര്‍, തറ്റിയാട്, നെല്ലൂന്നി തുടങ്ങിയ സ്ഥലങ്ങളിലെല്ലാം പുലിയെ കണ്ടതായിപ്രദേശവാസികള്‍ പറയുന്നുണ്ടെങ്കിലും ഫോറസ്റ്റ് അധികൃതര്‍ക്ക് പുലിയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഈ പ്രദേശങ്ങളിലൊന്നും പുലി മനുഷ്യരെയോ മൃഗങ്ങളെയോ അക്രമിച്ചതായും വിവരമില്ല. മാലൂര്‍ പുരളിമലയുടെ താഴ്‌വാര പ്രദേശങ്ങളിലായ തോലമ്പ്ര, തറ്റിയാട്, ആലച്ചേരി, തൊടീക്കളം, എടയാര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ നിരവധി തവണ നാട്ടുകാര്‍ പുലിയെ കണ്ടിരുന്നു. എടയാര്‍ ആലച്ചേരി റോഡില്‍ കൊളത്തായി കുന്നില്‍ നടുറോഡില്‍ മട്ടന്നൂര്‍ പോലീസ്‌സ്റ്റേഷനിലെ ഒരു ഉദ്യോഗസ്ഥന്‍ പുലിയെ കണ്ടിരുന്നു. എക്കര്‍ കണക്കിന് വനപ്രദേശമുള്ള മേഖലയാണിത്. ആലച്ചേരിയിലെ പാറാലികുന്നില്‍ തന്നെ നൂറുകണക്കിന് ഏക്കര്‍ വനഭൂമിയാണ്. ആഴ്ചകള്‍ക്ക് മുമ്പ് നെടുംപൊയിലില്‍ പുലിയെ ചത്ത നിലയില്‍ കണ്ടെത്തിയിരുന്നു. കണ്ണവം വനമേഖലയില്‍നിന്നും പുറത്തുചാടിയ പുലി വാഹനമിടിച്ച് മരിച്ചതാണെന്നായിരുന്നു അധികൃതരുടെ നിഗമനം. പുലിയോട് സാമ്യമുള്ള കൂറ്റന്‍ കാട്ടുപൂച്ചകളും പല പ്രദേശങ്ങളിലും കണ്ടെത്തിയിട്ടുണ്ട്. നെല്ലൂന്നിയില്‍ പുലിയെ കണ്ടെന്ന പ്രചരണത്തെത്തുടര്‍ന്ന് ഫോറസ്റ്റ് അധികൃതര്‍ നടത്തിയ തിരച്ചിലില്‍ കാട്ടുപന്നിയെയാണ് കണ്ടെത്തിയത്. കല്ല്യാട് തിരൂരില്‍ കിണറില്‍ വീണ പുലി പിന്നീട് രക്ഷപ്പെടുകയായിരുന്നു. ഫോറസ്റ്റ് അധികൃതരുടെ പ്രത്യേക ഇരുമ്പു കൂട്ടില്‍ കയറ്റി യുവാവിനെ കിണറ്റിലിറക്കി പരിശോധന നടത്തിയിരുന്നു. അഴീക്കോട് പുലിക്കായി വെച്ച കൂട്ടില്‍ തെരുവ് പട്ടികളാണ് കുടുങ്ങിയത്. പുലിയിറങ്ങിയെന്ന പ്രചരണങ്ങള്‍ വ്യാപകമായതോടെ മലയോര മേഖലകളില്‍ റബ്ബര്‍ ടാപ്പിങ് തുടങ്ങിയ കാര്‍ഷികവൃത്തികള്‍ നടക്കുന്നില്ല. പ്രഭാത സവാരി കുറഞ്ഞിട്ടുണ്ട്. കുട്ടികളെ പുറത്തുവിടാന്‍ രക്ഷിതാക്കള്‍ ഭയക്കുകയാണ്. വളര്‍ത്തുമൃഗങ്ങളെ മേയ്ക്കാന്‍ പുറത്ത്‌കൊണ്ടുപോകുന്നത് നിലച്ചു. മലയോരമേഖലയില്‍ മാത്രമുണ്ടായിരുന്ന വന്യമൃഗശല്യം മറ്റുസ്ഥലങ്ങളിലും ഇപ്പോള്‍ അനുഭവപ്പെട്ടു തുടങ്ങിയിട്ടുണ്ട്. പന്നി, മുള്ളന്‍പന്നി, കാട്ടുപോത്ത്, കുരങ്ങ് എന്നിവ വ്യാപകമായി നാട്ടിന്‍പുറങ്ങളിലിറങ്ങി കൃഷിനാശം വരുത്തുന്നത് പതിവായിരിക്കുകയാണ്. ഇതുകൂടാതെ വനാതിര്‍ത്ഥികളില്‍ മാത്രം കണ്ടിരുന്ന കാട്ടാന കൂട്ടങ്ങളും നാട്ടിലിറങ്ങുന്നത് ജനങ്ങളെ ഭീഷണിയിലാക്കുന്നു. വ്യാപകമായ മൃഗവേട്ടയും ഈ മേഖലകളില്‍ നടക്കുന്നുണ്ട്. ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളോ ആള്‍ബലമോ ഇല്ലാതെ നട്ടംതിരിയുകയാണ് ഫോറസ്റ്റ് അധികൃതര്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.