പീരുമേട്: ഗവി മീനാര്‍ കൊച്ചുപമ്പയിലെ ക്ഷേത്രോത്സവത്തിനായി വണ്ടിപ്പെരിയാറില്‍ നിന്നും കൊണ്ടുപോയ മൈക്ക് സെറ്റും ഗവി നിവാസികളുടെ ബന്ധുക്കളേയും വള്ളക്കടവ് ചെക്ക്പോസ്റ്റില്‍ തടഞ്ഞു.
ഗവി ക്ഷേത്രത്തിലെ ഉത്സവം കഴിഞ്ഞ മാസം അവസാനമാണ് നടന്നത്. ഇവിടേയ്ക്ക് കൊണ്ടുവന്ന ഉച്ചഭാഷിണിയും മറ്റും ചെക്ക്പോസ്റ്റില്‍ നിന്നും യാതൊരുവിധ തടസങ്ങളും ഇല്ലാതെ കടത്തിവിട്ടിരുന്നു. മാത്രമല്ല ഗവി നിവാസികളുടെ ബന്ധുക്കളേയും ഇതുവഴി കടത്തിവിട്ടിരുന്നു. എല്ലാ വര്‍ഷങ്ങളിലും കെഎഫ്ഡിസി ഡിവിഷണല്‍ മാനേജരുടെ കത്ത് വള്ളക്കടവ് ചെക്ക്പോസ്റ്റില്‍ നല്‍കുകയാണ് പതിവ്. ഇത്തവണ മീനാര്‍ കൊച്ചുപമ്പ ക്ഷേത്രം ഉത്സവം നടത്തുന്നത് സംബന്ധിച്ച് മാനേജര്‍ വള്ളക്കടവ് ചെക്ക്പോസ്റ്റില്‍ ബന്ധപ്പെട്ടവര്‍ക്ക് കത്ത് നല്‍കിയതുമാണ്.
ഇതിനെ തുടര്‍ന്ന് ഇന്നലെ രാവിലെ വണ്ടിപ്പെരിയാറില്‍ നിന്നും ക്ഷേത്ര ഉത്സവുമായി ബന്ധപ്പെട്ട മൈക്ക് സെറ്റും മറ്റുമായി വള്ളക്കടവ് ചെക്ക്പോസ്റ്റില്‍ രാവിലെ മുതല്‍ വൈകിട്ട് 5 മണി വരെ കടന്നുപോകാന്‍ അനുവദിക്കാതിരുന്നത് കാരണം ഉത്സവത്തിനെത്തിയവര്‍ വഴിയിലായി.ഗവി ഭൂസംരക്ഷണ സമിതി പ്രവര്‍ത്തകര്‍ പത്തനംതിട്ട ജില്ലാ കളക്ടറെ ബന്ധപ്പെട്ടതിനെ തുടര്‍ന്നുള്ള തീരുമാനത്തിലാണ് ഇവരെ കടത്തിവിട്ടത്.
വള്ളക്കടവ് ചെക്ക്പോസ്റ്റില്‍ ഇത്തരത്തിലുണ്ടായ സംഭവത്തില്‍ വ്യാപകമായ പ്രതിഷേധം ഉയരുന്നുണ്ട്. സംഭവത്തെക്കുറിച്ച് വനംവകുപ്പ് മൗനം പാലിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: