ഇന്ന് ചര്‍ച്ച സ്വകാര്യ ബസ് തൊഴിലാളി സമരം പൂര്‍ണ്ണം : ജനം വലഞ്ഞു

Thursday 4 May 2017 9:33 pm IST

കണ്ണൂര്‍: ബോണസ് വിതരണം ചെയ്യുക, രണ്ടു ഗഡു ഡിഎ കുടിശ്ശിക ഉടന്‍ വിതരണം ചെയ്യുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ജില്ലയിലെ സ്വകാര്യ ബസ്സുടമകള്‍ ബുധനാഴ്ച അര്‍ദ്ധരാത്രി മുതല്‍ ആരംഭിച്ച അനിശ്ചിതകാല സമരം ജില്ലയില്‍ ഇന്നലെ പൂര്‍ണ്ണം. ജില്ലയില്‍ നിന്നുളള സ്വകാര്യ ബസ്സുകളൊന്നും ഒരിടത്തും സര്‍വ്വീസ് നടത്തിയില്ല. എന്നാല്‍ സമീപജില്ലകളില്‍ നിന്നുളള സ്വകാര്യ ബസ്സുകളെല്ലാം പതിവു പോലെ സര്‍വ്വീസ് നടത്തി. പ്രധാന റൂട്ടുകളില്‍ പതിവുപോലെ കെഎസ്ആര്‍ടിസി ബസ്സുകള്‍ സര്‍വ്വീസ് നടത്തി. ഏതാനും ചില റൂട്ടുകളില്‍ നാമമാത്രമായ പ്രത്യേക സര്‍വ്വീസുകളും കെഎസ്ആര്‍ടിസി നടത്തി. നഗര-ഗ്രാമ വ്യത്യാസമില്ലാതെ സമരം കാരണം ജനങ്ങള്‍ ഏറെ വലഞ്ഞു. കെഎസ്ആര്‍ടിസി ബസ്സുകളില്ലാത്ത മേഖലകളില്‍ ജനങ്ങള്‍ പൂര്‍ണ്ണമായും സ്വകാര്യവാഹനങ്ങളെയാണ് ആശ്രയിച്ചത്. ബസ്സുകള്‍ സര്‍വ്വീസ് നടത്താഞ്ഞതിനാല്‍ ജില്ലയിലെ നഗരങ്ങളിലെല്ലാം ജനത്തിരക്ക് വളരെ കുറവായിരുന്നു. സമരം ഇന്നലെത്തന്നെ തീരുമെന്ന വിശ്വാസത്തില്‍ ഉദ്യോഗസ്ഥര്‍ പലരും ലീവെടുത്തതിനാല്‍ സര്‍ക്കാര്‍ ഓഫീസുകളിലും സ്വകാര്യ സ്ഥാപനങ്ങളിലും ഹാജര്‍നില കുറവായിരുന്നു. കഴിഞ്ഞ ദിവസം എഡിഎമ്മിന്റെ സാന്നിധ്യത്തില്‍ സമരം ഒഴിവാക്കുന്നതിനായി ചര്‍ച്ച നടന്നെങ്കിലും ഇരുപക്ഷവും അവരവരുടെ നിലപാടുകളില്‍ ഉറച്ച് നിന്നതോടെ ചര്‍ച്ച അലസി പിരിയുകയായിരുന്നു. ബോണസ്സ് നല്‍കാന്‍ തയ്യാറാണെന്നും എന്നാല്‍ കോടതി വിധിയ്ക്ക് വിധേയമായി എന്ന് കരാറില്‍ എഴുതിച്ചേര്‍ക്കണമെന്നും ഉടമകള്‍ അറിയിച്ചതിനെത്തുടര്‍ന്ന് ഇത് സാധ്യമല്ലെന്ന് തൊഴിലാളി യൂനിയന്‍ നേതാക്കള്‍ അറിയിക്കുകയായിരുന്നു. മാത്രമല്ല തൊഴിലാളികള്‍ നല്‍കാനുളള രണ്ട് ഗഡു ഡിഎ ബസ്സ് ചാര്‍ജ്ജ് വര്‍ദ്ധനവ് ഉണ്ടാകുന്ന മുറയ്ക്ക് നല്‍കാന്‍ തയ്യാറാണെന്നും ഉടമകള്‍ ചര്‍ച്ചയില്‍ അറിയിച്ചിരുന്നു. ലേബര്‍ ഓഫീസറുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തില്‍ ഇന്ന് ജില്ലാ കലക്ടറുടെ സാന്നിധ്യത്തില്‍ ഇരുപക്ഷങ്ങളുമായും ചര്‍ച്ച നടക്കുമെന്നറിയുന്നു. ജനങ്ങളെ ബുദ്ധിമുട്ടിച്ചുകൊണ്ട് നടത്തുന്ന സമരത്തിനെതിരെ പ്രതിഷേധം വ്യാപകമായിട്ടുണ്ട്. സമരം ഒത്തുതീര്‍പ്പാക്കാന്‍ മുന്‍കയ്യെടുക്കാത്ത ജില്ലാ ഭരണകൂടത്തിന്റെ നടപടിയും പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. സമരം നടത്തിയ തൊഴിലാളികള്‍ സംയുക്ത സമര സമിതിയുടെ നേതൃത്വത്തില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പ്രകടനം നടത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.