മാനാഞ്ചിറ-വെളളിമാട്കുന്ന് റോഡ് 27ന് ആക്ഷന്‍ കമ്മിറ്റിയുടെ റോഡ് ഉപരോധം

Thursday 4 May 2017 9:51 pm IST

കോഴിക്കോട്: മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡ് വികസനത്തിന് ആവശ്യമായ മുഴുവന്‍ ഫണ്ടും നല്‍കുമെന്ന സര്‍ക്കാരിന്റെ വാഗ്ദാനം ഒരു വര്‍ഷം കഴിഞ്ഞിട്ടും നടപ്പിലാക്കാത്ത സാഹചര്യത്തില്‍ ആക്ഷന്‍ കമ്മിറ്റി നാലാം ഘട്ട സമരത്തിനൊരുങ്ങുന്നു. പ്രക്ഷോഭത്തിന്റെ ഭാഗമായി മെയ് 27ന് മാനാഞ്ചിറയില്‍ റോഡ് ഉപരോധിക്കും. ചരിത്രകാരന്‍ ഡോ. എം.ജി.എസ്. നാരായണനും, ഗാന്ധിയന്‍ തായാട്ട് ബാലനും സമരത്തിന് നേതൃത്വം നല്‍കും. സമരത്തിന്റെ മുന്നോടിയായി 21 ന് വൈകിട്ട് ആറുമണിക്ക് മലാപ്പറമ്പ്ഹൗസിംഗ് കോളനിപരിസരത്ത് സമരപ്ര ഖ്യാപനകണ്‍വെന്‍ഷന്‍നടക്കും. ആധാരങ്ങള്‍ സമര്‍പ്പി ച്ച് ഫണ്ടിനുവേണ്ടി കാത്തിരിക്കുന്ന ഭൂവുടമകള്‍, നഷ്ടപരിഹാര തുക കിട്ടാനുള്ള കച്ചവടക്കാര്‍, തൊഴിലാളികള്‍, കൂടാതെ റസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാര്‍, സാമൂഹ്യ-സാംസ്‌കാരിക സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കും. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, എം.കെ. രാഘവന്‍ എംപി, മുന്‍ മന്ത്രി ഡോ. എം.കെ. മുനീര്‍ എംഎല്‍എ, എ. പ്രദീപ്കുമാര്‍ എംഎല്‍എ, രാഷ്ട്രീ യ പാര്‍ട്ടി നേതാക്കള്‍, സാമൂഹ്യ-സാംസ്‌കാരിക നായകര്‍, വ്യാപാര സംഘടനാ നേതാക്കള്‍ എന്നിവരെ ക്ഷണിക്കും. 2016 ഓഗസ്റ്റ് ഒന്നിന് ആക്ഷന്‍ കമ്മിറ്റി നിവേദനം നല്‍കിയപ്പോള്‍ സമരത്തിന്റെയോ, കാത്തിരിപ്പിന്റെയോ ആവശ്യം ഇനിയില്ലെന്നും കിഫ്ബിയിലെ ആദ്യ പദ്ധതിയായി ഈ റോഡ് വികസനം യാഥാര്‍ത്ഥ്യമാക്കുമെന്നും ധനകാര്യമന്ത്രി തോമസ് ഐസക്, എ. പ്രദീപ്കുമാര്‍ എംഎല്‍എയുടെ സാന്നിദ്ധ്യത്തില്‍ പ്രഖ്യാപിച്ചിരുന്നു. പൊതുമരാമത്ത് മന്ത്രി ജി. സുധാകരനും സത്വര നടപടി സ്വീകരിക്കുമെന്ന് ഉറപ്പു നല്‍കിയതാണ്. കിഫ്ബിയുടെ രണ്ട് യോഗം കഴിഞ്ഞ് 4000 കോടി രൂപയുടെ പദ്ധതികള്‍ പ്രഖ്യാപിക്കുകയും ഈ നിയോജകമണ്ഡലത്തിലെ തന്നെ പുതിയ ചില റോഡ് പദ്ധതികള്‍ക്ക് ഫണ്ട് അനുവദിക്കുയും ചെയ്തു. എന്നാല്‍ ഈ റോഡിനെ അവഗണിച്ചു. സംസ്ഥാന ബജറ്റിലും ഈ റോഡ് പരാമര്‍ശിക്കപ്പെട്ടില്ല. ജനുവരി 20ന് തിരുവനന്തപുരത്ത് ധനകാര്യ മന്ത്രി പങ്കെടുത്ത ഉന്നതതല യോഗത്തിലെ തീരുമാനപ്രകാരം എംഎല്‍എ നിര്‍ദ്ദേശിച്ചതനുസരിച്ച് ആക്ഷന്‍ കമ്മിറ്റി വിളിച്ചുചേര്‍ത്ത ഭൂവുടമകളുടെ യോഗത്തില്‍ സമ്മതപത്രം നല്‍കിയ മുഴുവന്‍ പേര്‍ക്കും മാര്‍ച്ച് 31നകം ഫണ്ട് നല്‍കുമെന്ന് എംഎല്‍എ തന്നെ നേരിട്ട് ഉറപ്പു നല്‍കിയിരുന്നു. മൊ ത്തം 490 ഭൂവുടമകളില്‍ 400 പേരും ഇതിനകം സമ്മതപത്രം നല്‍കിയിട്ടുണ്ട്. അതില്‍ 85 പേരുടെ ഭൂമിയാണ് മുന്‍ സര്‍ക്കാരിന്റെ കാലത്ത് ഏറ്റെടുത്തിട്ടുള്ളത്. ഏറ്റെടുത്ത 38 കടയുടമകള്‍ക്കും തൊഴിലാളികള്‍ക്കും സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരത്തുക ലഭിക്കാത്തതിനാല്‍ അവരും സമരത്തിലാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.