കുന്നംകുളം: കേന്ദ്രസര്‍ക്കാരിന്റെ വായ്പാ പദ്ധതികള്‍ അനുവദിക്കില്ലെന്ന ഐസിഐസിഐ നിലപാടിനെതിരെ ബിജെപി പ്രവര്‍ത്തകര്‍ ബാങ്കിന് മുന്നില്‍ സമരം പ്രഖ്യാപിച്ചു. ഇതേത്തുടര്‍ന്ന് ഐസിഐസിഐ ബാങ്ക് അധികൃതര്‍ നിലപാട് തിരുത്തി.
പ്രധാനമന്ത്രി ആവാസ് ബീമാ യോജന പദ്ധതിയില്‍ വായ്പ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു ഐസിഐസിഐ കുന്നംകുളം ബ്രാഞ്ച്. ഇതേത്തുടര്‍ന്ന് ഇന്നലെ രാവിലെ ബിജെപി പ്രവര്‍ത്തകര്‍ ബാങ്ക് ശാഖക്ക് മുന്നില്‍ ഉപരോധസമരം പ്രഖ്യാപിച്ചു. തുടര്‍ന്ന് ബ്രാഞ്ച് പ്രവര്‍ത്തനം നിലച്ചു.
ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ.അനീഷ്കുമാര്‍, മണ്ഡലം പ്രസിഡണ്ട് കെ.എസ്.രാജേഷ്, സംസ്ഥാന കൗണ്‍സില്‍ അംഗം ഇ.ചന്ദ്രന്, തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു സമരം. സമരം ശക്തമായതോടെ പോലീസും സ്ഥലത്തെത്തി.
എന്നാല്‍ സമരക്കാര്‍ പിന്മാറാന് തയ്യാറായില്ല. തുടര്‍ന്ന് ബാങ്ക് റീജ്യണല്‍ മാനേജര്‍ സ്ഥലത്തെത്തി സമരം നടത്തിയവരുമായി സംസാരിച്ചു. ഒടുവില്‍ സ്വന്തം ജാമ്യത്തില്‍ പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം ലോണ്‍ അനുവദിക്കാമെന്ന് ബാങ്ക് ഉറപ്പ് നല്‍കിയതോടെ സമരം അവസാനിപ്പിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: