സംഗീത സാമ്രാട്ടിനെ സ്മരിക്കുമ്പോള്‍

Thursday 4 May 2017 10:00 pm IST

പ്രപഞ്ചത്തില്‍ സംഗീതത്തിന് മനുഷ്യനേക്കാള്‍ പഴക്കമുണ്ട്. സംഗീതം അത്യുന്നതമാണ്. അതിന് പകരം വയ്ക്കാനായി മറ്റൊന്നുമില്ല. വൈദികകാലത്തുതന്നെ ഭാരതത്തില്‍ രൂപംപ്രാപിച്ച കലയാണ് സംഗീതം. പ്രത്യേകിച്ച് സാമവേദത്തില്‍ സംഗീതം നിറഞ്ഞുനില്‍ക്കുന്നത് കാണാം. ശാസ്ത്രീയ സംഗീതത്തിന്റെ കുലപതി ത്യാഗരാജ്യ സ്വാമികള്‍ സംഗീതത്തിന് നല്‍കിയ സംഭാവനകള്‍ വര്‍ണനാതീതമാണ്. 1767 മെയ് നാലിനാണ് ത്യാഗരാജ സ്വാമികളുടെ ജനനം. അദ്ദേഹത്തിന്റെ മുത്തച്ഛന്‍ ഗിരിരാജകവി തഞ്ചാവൂര്‍ സദസ്സില്‍ അംഗമായിരുന്നു. അച്ഛന്‍ രാമബ്രഹ്മം. അമ്മ സീതമ്മ.ദേവീദേവന്മാരുടെ പേരുകള്‍ മക്കള്‍ക്കിടുക എന്ന രീതി അന്നത്തെ കാലത്ത് ബ്രാഹ്മണരുടെ ഇടയില്‍ ഉണ്ടായിരുന്നു. അതനുസരിച്ച് തഞ്ചാവൂരിലെ പ്രധാന ദേവനായ ത്യാഗരാജന്‍ (ശിവന്‍) എന്ന നാമം രാമബ്രഹ്മം മകനു നല്‍കി. സീതമ്മ പുരന്ദരദാസിന്റെ ഭക്തിനിര്‍ഭരമായ കീര്‍ത്തനങ്ങള്‍ ധാരാളം ആലപിക്കുമായിരുന്നു. രാമബ്രഹ്മമാകട്ടെ നിത്യവും രാമായണം പാരായണം ചെയ്യുന്ന വ്യക്തിയും. ഈ അന്തരീക്ഷത്തിലാണ് ത്യാഗരാജന്‍ വളര്‍ന്നത്. ജല്‍പ്പേശനും രാമനാഥനുമായിരുന്നു ത്യാഗരാജന്റെ ജ്യേഷ്ഠ സഹോദരന്മാര്‍. ജ്യേഷ്ഠന്മാരെ അപേക്ഷിച്ച് പഠനത്തിനു മുന്നില്‍ ത്യാഗരാജനായിരുന്നു. അതു മനസ്സിലാക്കിയ പിതാവ് ചെറുപ്പത്തിലേ സംസ്‌കൃതവും തെലുങ്കും പഠിപ്പിച്ചു. അമ്മ സംഗീതവും അഭ്യസിപ്പിച്ചു. ഒരുതവണ കേട്ടാല്‍ മനഃപാഠമാക്കാനുള്ള കഴിവ് ത്യാഗരാജനുണ്ടായിരുന്നു. തഞ്ചാവൂരിലെ ഉത്സവത്തോടനുബന്ധിച്ച് കൂടുന്ന സാഹിത്യസദസ്സില്‍ രാമബ്രഹ്മമായിരുന്നു രാമായണം പാരായണം ചെയ്തിരുന്നത്. ദാരിദ്ര്യവും കഷ്ടപ്പാടും നിറഞ്ഞ ജീവിതമായിരുന്നു അവരുടേത്. ത്യാഗരാജന് എട്ട് വയസ്സായപ്പോള്‍ നിത്യദാരിദ്ര്യത്തിലായി കുടുംബം. അവര്‍ തിരുവയ്യാറിലേക്ക് പോയി. അന്നത്തെ രാജാവിന്റെ കാരുണ്യംകൊണ്ട് ഒരു വീടും കുറച്ചു കൃഷിഭൂമിയും ലഭിച്ചു. തഞ്ചാവൂര്‍ കൊട്ടാരം തിരുവയ്യാറില്‍നിന്ന് അധികം ദൂരത്തായിരുന്നില്ല. രാമസുബ്രഹ്മണ്യം ത്യാഗരാജനെ അവിടെ കൊണ്ടുപോവുക പതിവായിരുന്നു. അക്ഷരസ്ഫുടതയോടുകൂടി രാമായണം വായിക്കാന്‍ തുടങ്ങിയപ്പോള്‍ രാമബ്രഹ്മം മകനെ ആ ദൗത്യം ഏല്‍പ്പിച്ചു. നിറഞ്ഞ സദസ്സില്‍ ആദ്യമായി ത്യാഗരാജന്‍ രാമായണ ശ്ലോകം ചൊല്ലി. രാമബ്രഹ്മം അതു വ്യാഖ്യാനിച്ചു. സദസ്സിലെ പണ്ഡിതര്‍ ഒന്നടങ്കം ത്യാഗരാജനെ അനുമോദിച്ചു ത്യാഗരാജന്റെ സംഗീതപാടവംകണ്ട് കൂടുതലായി സംഗീതം പഠിപ്പിക്കാന്‍ രാമബ്രഹ്മം തീരുമാനിച്ചു. നിത്യപൂജയ്ക്ക് പൂ പറിക്കാന്‍ ത്യാഗരാജന്‍ പോയിരുന്നത് സംഗീതജ്ഞനായ വെങ്കിടരമണയ്യരുടെ തോട്ടത്തിലായിരുന്നു. അവിടെ അദ്ദേഹം സംഗീതം പഠിപ്പിക്കുന്നത് ത്യാഗരാജന്‍ പതിവായി കേട്ടുനില്‍ക്കുമായിരുന്നു. പൂ പറിക്കാന്‍ പോകുന്ന മകന്‍ നിത്യവും വൈകി വരുന്നത് കണ്ടപ്പോള്‍ കാരണമന്വേഷിച്ചിറങ്ങിയ അച്ഛന്‍ കണ്ടത് സംഗീതത്തില്‍ എല്ലാം മറന്നു നില്‍ക്കുന്ന മകനെയാണ്. രാമബ്രഹ്മം വെങ്കിട്ടരമണനോട് മകന്റെ സംഗീതഭ്രമം അറിയിക്കുകയും ശിഷ്യനായി സ്വീകരിക്കണമെന്ന് അപേക്ഷിക്കുകയും ചെയ്തു. അദ്ദേഹം സന്തോഷപൂര്‍വം അപേക്ഷ സ്വീകരിച്ചു. അധികം താമസിയാതെ ഗുരുവിനറിയാവുന്നതെല്ലാം ഹൃദിസ്ഥമാക്കുകയും ചെയ്തു. സംഗീതത്തെക്കുറിച്ചുള്ള സകലഗ്രന്ഥങ്ങളും ത്യാഗരാജന്‍ പഠിച്ചുവെങ്കിലും സംഗീതരംഗത്ത് ഇനിയും ഒരുപാട് പഠിക്കാനുണ്ടെന്ന ആഗ്രഹം എപ്പോഴും അദ്ദേഹത്തിന്റെ മനസ്സിലുണ്ടായിരുന്നു. ത്യാഗരാജന്റെ ജ്യേഷ്ഠന്‍ രാമനാഥന്‍ ഇതിനിടയില്‍ മരണമടഞ്ഞു. ആ കാലഘട്ടത്തിന്റെ രീതിയനുസരിച്ച് ത്യാഗരാജന്‍ യൗവ്വനത്തിലേ വിവാഹിതനായി. ത്യാഗരാജന് 18 വയസ്സായപ്പോല്‍ അച്ഛനും ഏറെ താമസിയാതെ അമ്മയും മരണമടഞ്ഞു. വീടിന്റെ ഒരോഹരിയും അച്ഛന്‍ പൂജ ചെയ്ത ശ്രീരാമവിഗ്രഹവും ത്യാഗരാജനു ലഭിച്ചു. സമ്പത്തു മുഴുവനും തീര്‍ന്നപ്പോള്‍ അദ്ദേഹം ഉഞ്ച്വവൃത്തി (ഭിക്ഷാടനം) ഉപജീവനമാര്‍ഗ്ഗമായി സ്വീകരിച്ചു. കൂടെ രാമഭജനവും. ആ സമയത്താണ് കാഞ്ചീപുരത്തുനിന്നുവന്ന രാമകൃഷ്ണയതീന്ദ്രന്‍ എന്ന യോഗി വര്യനുമായി കൂടിക്കാഴ്ച നടന്നത്. ത്യാഗരാജന്റെ രാമഭക്തിയില്‍ ആകൃഷ്ടനായ യോഗിവര്യന്‍ അദ്ദേഹത്തിന് ശ്രീരാമമന്ത്രം ഉപദേശിച്ചു. 96 കോടി തവണ ജപിച്ച് സിദ്ധിവരുത്തുവാനും നിര്‍ദ്ദേശിച്ചു. തിരുവയ്യാറിലെ ദക്ഷിണ കൈലാസ ക്ഷേത്രനടയിലിരുന്ന് ത്യാഗരാജന്‍ രാമമന്ത്രം ഉരുവിട്ടു തുടങ്ങി. ഏകദേശം 21 വര്‍ഷംകൊണ്ട് 96 കോടി ജപം പൂര്‍ത്തിയാക്കി. ശ്രീരാമന്‍ സീതാലക്ഷ്മണ ഭരത ഹനുമാനോടൊത്ത് അദ്ദേഹത്തിന് ദര്‍ശനം നല്‍കുകയും ചെയ്തു. ആ അസുലഭ മുഹൂര്‍ത്തത്തില്‍ ''ഏലാനീ ദയ നദൂ'' എന്ന ആഠാണാ കീര്‍ത്തനം പാടിയെന്നും അതാണ് ത്യാഗരാജന്‍ കര്‍ണാടക സംഗീതത്തിന് നല്‍കിയ ആദ്യ സംഭാവന എന്നും വിശ്വസിച്ചിരുന്നു. ഈ സംഭവത്തിനുശേഷം അദ്ദേഹം ഒട്ടേറെ കീര്‍ത്തനങ്ങള്‍ രചിക്കുകയും ഭക്തിനിര്‍ഭരമായി ആലപിക്കുകയും ചെയ്തു. അദ്ദേഹത്തിന് ആയിരക്കണക്കിന് ശിഷ്യന്മാരുണ്ടായി. ഉഞ്വവൃത്തിയില്‍നിന്ന് കിട്ടുന്ന പണത്തിന്റെ നല്ലൊരുപങ്ക് ത്യാഗരാജന്‍ ദാനം ചെയ്തുവന്നു. പല രാജാക്കന്മാരും അദ്ദേഹത്തിന് ആസ്ഥാന വിദ്വാന്‍ സ്ഥാനം നല്‍കി ആദരിക്കാന്‍ മുമ്പോട്ടു വന്നെങ്കിലും അതെല്ലാം അദ്ദേഹം നിരസിച്ചു. പല പല വിദ്വാന്മാരും ത്യാഗരാജനെ സന്ദര്‍ശിച്ചു. അതില്‍ ചിലരാണ് ഷഡ്കാല ഗോവിന്ദമാരാര്‍, മാളിയേക്കല്‍ കൃഷ്ണമാരാര്‍ തുടങ്ങിയവര്‍. അനുജന്റെ എളിയ ജീവിതം ജ്യേഷ്ഠന്‍ ജല്‍പ്പേശന് ഉള്‍ക്കൊള്ളാനായില്ല. സമ്പത്തുണ്ടെങ്കില്‍ തനിക്കും സുഖമായി കഴിയാമായിരുന്നു എന്നാണ് അദ്ദേഹം ചിന്തിച്ചത്. ഒരുനാള്‍ കോപത്താല്‍ ത്യാഗരാജന്റെ ശ്രീരാമവിഗ്രഹത്തെ കാവേരിയിലേക്കെറിഞ്ഞു. ഒരുവര്‍ഷമായിട്ടും വിഗ്രഹം ലഭിച്ചില്ല. ഇനി വിഗ്രഹം ലഭിക്കുന്നതുവരെ ജലപാനം ചെയ്യില്ലെന്ന് ത്യാഗരാജന്‍ തീരുമാനിച്ചു. അന്ന് രാത്രി സ്വപ്‌നത്തില്‍ വിഗ്രഹം എവിടെയുണ്ടെന്ന് അറിയാന്‍ കഴിഞ്ഞു. അദ്ദേഹത്തിന്റെ സന്തോഷത്തിന് അതിരുണ്ടായില്ല. വാര്‍ദ്ധക്യത്തിന്റെ ആരംഭത്തില്‍ ത്യാഗരാജന്‍ തീര്‍ത്ഥാടനത്തിന് പുറപ്പെട്ടു. തിരുകൊട്ടിയൂര്‍, കോവൂര്‍ മുതലായ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് അവിടെയുള്ള ദേവന്മാരെ സ്തുതിച്ച് അഞ്ച് കൃതികള്‍ വീതം രചിച്ചു. അതാണ് തിരുകൊട്ടിയൂര്‍ പഞ്ചരത്‌നം, കോവൂര്‍ പഞ്ചരത്‌നം എന്ന നാമങ്ങളില്‍ അറിയപ്പെടുന്നത്. വര്‍ഷങ്ങള്‍ നീണ്ടുനിന്ന തീര്‍ത്ഥാടനം അവസാനിക്കുമ്പോള്‍ വാര്‍ദ്ധക്യം ത്യാഗരാജനെ പിടിമുറുക്കിയിരുന്നു. തിരുവയ്യാറില്‍ തിരിച്ചെത്തി ''നാദബ്രഹ്മാനന്ദ'' എന്ന പേരില്‍ അദ്ദേഹം സന്യാസം സ്വീകരിച്ച് പുഷ്യബഗുള പഞ്ചമി ദിനത്തില്‍ ശിഷ്യന്മാരെ വരുത്തി കീര്‍ത്തനങ്ങള്‍ ആലപിക്കുവാന്‍ ആവശ്യപ്പെട്ടു. അതുകേട്ടുകൊണ്ടുതന്നെ ആ വിളക്കണഞ്ഞു. 1847 ജനുവരി ആറാം തീയതിയായിരുന്നു അന്ന്. 250 വര്‍ഷം പിന്നിട്ടിട്ടും ത്യാഗരാജ സ്വാമികളും അദ്ദേഹത്തിന്റെ സംഗീതവും മനുഷ്യമനസ്സുകളില്‍ മായാതെ നിലനില്‍ക്കുന്നു. നാട്ട, ഗൗള, ആരഭി, വരാളി, ശ്രീ എന്നീ രാഗങ്ങളിലുള്ള പഞ്ചരത്‌ന കീര്‍ത്തനങ്ങള്‍ അറിവിന്റെയും ഈശ്വരഭക്തിയുടെയും പ്രത്യക്ഷഭാവങ്ങളായി ശോഭിച്ചുകൊണ്ട് ത്യാഗരാജസ്വാമികളെ നിത്യസ്മരണീയനാക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.