വര്‍ണവിവേചനത്തിന്റെ വിത്ത് പാകുന്നവര്‍

Thursday 4 May 2017 10:06 pm IST

ഇക്കഴിഞ്ഞ മാര്‍ച്ച് 27-നാണ് ദില്ലിക്കടുത്ത് നോയിഡയില്‍ താമസിക്കുന്ന ഒന്‍പത് ആഫ്രിക്കന്‍ വിദ്യാര്‍ത്ഥികളെ ഒരുകൂട്ടം ക്രിമിനലുകള്‍ അക്രമിച്ച് പരിക്കേല്‍പ്പിച്ചത്. ഇന്ത്യ-ആഫ്രിക്ക നയതന്ത്രബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് അവര്‍ താമസിച്ച് പഠിക്കുന്നത്. അവര്‍ മയക്കുമരുന്നിനടിമകളാണെന്നും, അവയുടെ വില്‍പനയും നടത്തുന്നുണ്ടെന്ന ആരോപണവും നാട്ടുകാര്‍ നേരത്തെ ഉന്നയിക്കുകയും, അക്കൂട്ടരെ പുറത്താക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. നോയിഡയിലെ മാളുകളിലും സ്വകാര്യ ഹോസ്റ്റലുകളിലും ഇത്തരക്കാരെ നാട്ടുകാര്‍ കണ്ടെത്തിയതായും വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ ആഫ്രിക്കന്‍ സ്ഥാനപതി ഈ സംഭവത്തെ വംശീയ വിദ്വേഷമായും വര്‍ണ്ണവിവേചനമായും ചിത്രീകരിച്ച് ഇന്ത്യയ്‌ക്കെതിരെ പ്രസ്താവനയിറക്കി. അതേസമയം, ഇതിന് വംശീയ പരിവേഷം നല്‍കേണ്ടതില്ലെന്നും നോയിഡ ഉള്‍പ്പെടുന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുമായി ഇക്കാര്യം സംസാരിച്ചെന്നും ആറ് ക്രിമിനലുകളെ അറസ്റ്റ് ചെയ്‌തെന്നും വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ഏപ്രില്‍ നാലിന് തന്നെ ലോക്‌സഭയെ അറിയിച്ചു. ആഫ്രിക്കന്‍ സ്ഥാനപതിയുടെ പ്രസ്താവന അതിരുകടന്നെന്നും അന്വേഷണത്തിന് മുന്‍പ് ഇത്തരത്തില്‍ പ്രസ്താവന പുറപ്പെടുവിച്ചതില്‍ ഖേദമുണ്ടെന്നും സുഷമ പറഞ്ഞു. സുഷമാ സ്വരാജിന്റെ വിശദീകരണത്തിനു ശേഷമാണ് അല്‍-ജസീറ എന്ന അന്താരാഷ്ട്ര ചാനല്‍ ബംഗളൂരുവിലെ ഫോട്ടോഗ്രാഫര്‍ വിജയ് സാന്താറാം, പാഞ്ചജന്യയുടെ മുന്‍പത്രാധിപരും ഇന്ത്യ-ആഫ്രിക്കന്‍ പാര്‍ലമെന്റ് ഗ്രൂപ്പ് അധ്യക്ഷനുമായ തരുണ്‍വിജയ് എന്നിവര്‍ ഉള്‍പ്പെട്ട പാനലില്‍ ഇക്കാര്യം ചര്‍ച്ചാവിഷയമാക്കിയത്. ഇന്ത്യക്കാരെല്ലാം വര്‍ണ്ണവെറിയന്മാരാണെന്ന സാന്താറാമിന്റെ പരാമര്‍ശത്തിന് മറുപടി പറയവെയാണ് ഭാരതീയര്‍ കറുത്തവരും വെളുത്തവരും ഒന്നിച്ച് താമസിക്കുന്നവരാണെന്നും, ദക്ഷിണേന്ത്യയില്‍ കറുത്ത നിറത്തിലുള്ളവര്‍ ഉണ്ടായിട്ടും ഏകോദരസഹോദരഭാവേന എല്ലാവരും കാലങ്ങളായി ഒന്നിച്ചു കഴിയുന്നുണ്ടെന്നും തരുണ്‍ വിജയ് മറുപടി പറഞ്ഞത്. നാം കറുത്ത ദൈവത്തെ, പ്രത്യേകിച്ച് ഭഗവാന്‍ കൃഷ്ണനെ ആരാധിക്കുന്നവരാണ്. ഗുജറാത്തിലും മഹാരാഷ്ട്രയിലും തലമുറകളായി ആഫ്രിക്കന്‍ തലമുറയില്‍പ്പെട്ടവരുമായി ഒന്നിച്ച് കഴിയുന്നു. നോയിഡയില്‍ നടന്നത് വര്‍ണവെറിയല്ല, ക്രിമിനല്‍ ചെയ്തികളാണ് എന്നൊക്കെ അദ്ദേഹം വിശദീകരിച്ചു. ഗാന്ധിജിയെ ആഫ്രിക്കയിലയച്ച് നാം നേടിയെടുത്തത് മഹാത്മാവിനെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നാം വര്‍ണ്ണവിവേചനത്തിന് കാലങ്ങളോളം ഇരകളായിട്ടുണ്ട്. നമുക്ക് അത്തരത്തിലുള്ള വിവേചനം സൃഷ്ടിക്കാനാവില്ല. അതിനെതിരെ പടപൊരുതിയവരാണ് നാം. ഇതായിരുന്നു അല്‍-ജസീറ ചാനലില്‍ തരുണ്‍ വിജയ് പറഞ്ഞതിന്റെ സാരം. പക്ഷേ, വാര്‍ത്താ മാധ്യമങ്ങള്‍ ഇതിനെ ഉത്തര-ദക്ഷിണ വിഭജനമെന്നും ആര്യ-ദ്രാവിഡ വാദമെന്നും വളച്ചൊടിച്ച് പ്രചരിപ്പിച്ചു. സിപിഎം നേതാവ് ബൃന്ദകാരാട്ടും കോണ്‍ഗ്രസ്സും തരുണ്‍ വിജയിന്റെ പ്രസ്താവന മുഴുവനും കേള്‍ക്കാതെ വിമര്‍ശിച്ചു. ബിജെപിയുടെ മുന്‍ എംപിയായ അദ്ദേഹത്തിന്റെ തനിനിറമാണ് പുറത്തായതെന്ന് ആക്രോശിച്ചു. പിറ്റേന്നുതന്നെ അദ്ദേഹം സംഭവം വിശദീകരിച്ച് ട്വീറ്റ് ചെയ്തു. ബ്രിട്ടീഷ് രാജിന്റെ ഇരകളായ നാം എങ്ങനെയാണ് വര്‍ണ്ണവെറിയന്മാരാവുക എന്നാണ് അദ്ദേഹം ലോകത്തോട് വീണ്ടും ചോദിച്ചത്. പരിക്കേറ്റ ആഫ്രിക്കന്‍ വിദ്യാര്‍ത്ഥികളോടുള്ള ആദരാവായിട്ടായിരുന്നു ഈ വിശദീകരണം. ഭാരതം വിവിധ നിറത്തിലും സാംസ്‌കാരിക വിഭിന്നതയിലും ഏകത്വം കാത്തുസൂക്ഷിക്കുന്നവരാണെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. ഖുശ്ബുവും കനിമൊഴിയും ഇളങ്കോവനും അദ്ദേഹത്തെ വിമര്‍ശിച്ചപ്പോള്‍ കര്‍ണാടകയില്‍ നിന്നുള്ള കേന്ദ്രമന്ത്രി അനന്ത്കുമാര്‍, വെങ്കയ്യനായിഡു, നിര്‍മ്മല സീതാരാമന്‍ എന്നിവര്‍ തരുണ്‍ വിജയിന്റെ പ്രസ്താവന വളച്ചൊടിക്കുന്നതിനെ അപലപിച്ചു. വര്‍ഷങ്ങളോളം ദാദ്ര-നഗര്‍ഹവേലിയില്‍ വനവാസി-ഹരിജനസേവനം നടത്തി, വനവാസി കല്യാണ്‍ ആശ്രമം എന്ന സംഘടനയിലൂടെ സാമൂഹ്യ സേവനരംഗത്ത് കാല്‍വെപ്പ് നടത്തിയ ആളാണ് തരുണ്‍വിജയ്. ബാബു ഭട്ടാചാര്യയുടെയും വില്യം ഗ്രീവിന്റെയും ഡോക്യുമെന്ററി സിനിമകളിലും തരുണ്‍ വിജയിന്റെ സേവനരംഗങ്ങള്‍ ചിത്രീകരിച്ചിട്ടുണ്ട്. പിന്നീട് അദ്ദേഹം സ്വതന്ത്ര പത്രപ്രവര്‍ത്തകനായി ആര്‍.കെ. കരഞ്ചിയയുടെ 'ബ്ലിറ്റ്‌സില്‍' ചേര്‍ന്നു. 20 വര്‍ഷം 'പാഞ്ചജന്യ' എന്ന ഹിന്ദിവാരികയുടെ ചുക്കാന്‍ പിടിച്ചു. ഹിന്ദിഭാഷ ഉപദേശക സമിതിയിലെ ഏറ്റവും പ്രായംകുറഞ്ഞ അംഗമായി ഈ പത്രപ്രവര്‍ത്തകനെ ഇന്ദിരാഗാന്ധിയുടെ കാലത്താണ് ആഭ്യന്തരമന്ത്രാലയം നാമനിര്‍ദ്ദേശംചെയ്തത്. നല്ല ഫോട്ടോഗ്രാഫര്‍ കൂടിയായ തരുണ്‍ തിബത്തിനെ ചിത്രീകരിച്ച് ലോകനഗരങ്ങളില്‍ പ്രദര്‍ശനം നടത്തി. സാഫ്രോണ്‍ സര്‍ജ്, തിബത്ത് എന്നീ പുസ്തകങ്ങള്‍ രചിച്ചു. പാകിസ്ഥാനിലെയും ചൈനയിലെയും പത്രപ്രവര്‍ത്തകരുമായി നല്ല ബന്ധം കാത്തുസൂക്ഷിക്കുന്ന തരുണ്‍ ചൈനയെക്കുറിച്ചുള്ള പുസ്തക രചനയിലായിരുന്നു. ഇന്ത്യാ-ചൈന പാര്‍ലമെന്ററി ഗ്രൂപ്പിന്റെ അധ്യക്ഷനായിരുന്ന തരുണ്‍ ഇപ്പോള്‍ ഇന്ത്യ-ആഫ്രിക്ക പാര്‍ലമെന്ററി ഗ്രൂപ്പ് അധ്യക്ഷനാണ്. 1986 മുതല്‍ 2008 വരെ 'പാഞ്ചജന്യ'യിലുണ്ടായിരുന്നു. 'പയനീര്‍' പത്രത്തില്‍ കോളമിസ്റ്റായിരുന്നു തരുണ്‍. ഇപ്പോള്‍ ഡോക്ടര്‍ ശ്യാമ പ്രസാദ് മുഖര്‍ജി ഫൗണ്ടേഷന്‍ ഡയറക്ടറാണ്. 2010ലാണ് രാജ്യസഭാ മെമ്പറായത്. രാജ്യരക്ഷയെയും ഐക്യത്തെയും സംബന്ധിച്ച അദ്ദേഹത്തിന്റെ കാഴ്ചപ്പാട് പ്രശംസനീയമാണ്. 2013ല്‍ ഗൂഗിള്‍മാപ്പില്‍ പാര്‍ലമെന്റും രാഷ്ട്രപതി ഭവനും പ്രതിരോധ മന്ത്രാലയവും ചിത്രീകരിച്ചതിനെ എതിര്‍ത്ത് സര്‍വ്വേ ഓഫ് ഇന്ത്യക്ക് പരാതി നല്‍കി. തുടര്‍ന്ന് ഇത് നിരോധിക്കുകയും പ്രശ്‌നം പരിഹരിക്കപ്പെടുകയും ചെയ്തു. രണ്ടു വര്‍ഷം മുമ്പാണ് ദക്ഷിണഭാരതത്തിലെ തമിഴിന്റെ സംഭാവനയായ തിരുക്കുറലിന്റെ പ്രചാരണത്തിന് അദ്ദേഹം മുന്‍കൈ എടുത്തതെന്ന് ആലോചിക്കുമ്പോള്‍ ദക്ഷിണേന്ത്യന്‍ വിരോധിയാണ് എന്ന ആരോപണം മുളയിലെ നുള്ളിക്കളയേണ്ടതാണ്. അദ്ദേഹത്തിന്റെ ഏത് ലേഖനത്തിലും പ്രസംഗത്തിലും 'തിരുക്കുറല്‍' പ്രത്യക്ഷപ്പെടും. മറ്റുള്ളവര്‍ക്ക് സമ്മാനമായും നല്‍കുന്നത് ആ ഗ്രന്ഥമാണ്. അതുകൊണ്ടുതന്നെ ഹരിദ്വാറില്‍ തിരുവള്ളുവര്‍ പ്രതിമ സ്ഥാപിക്കാന്‍ അദ്ദേഹം തുനിഞ്ഞത് ഒട്ടനവധി പേരെ പ്രകോപിപ്പിച്ചെങ്കിലും അവസാനം വിജയിച്ചു. ചെന്നൈയില്‍ 2017 ജനുവരിയില്‍ തിരുവള്ളുവര്‍ ദിനം ആഘോഷിക്കാന്‍ അദ്ദേഹം അവിടെ ചെന്നു. തിരുവള്ളുവരെ പാഠ്യവിഷയമാക്കാനും ആഹ്വാനം ചെയ്തു. 'തമിഴ് സാഹിത്യ വിഴവിരുതു അവാര്‍ഡ്' അദ്ദേഹത്തിന് ശ്രീലങ്കന്‍ മന്ത്രി കൊളംബോയില്‍ 2015 നവംബറില്‍ നല്‍കുകയുണ്ടായി. ശ്രീലങ്കന്‍ കൃഷിവകുപ്പ് മന്ത്രി രാമേശ്വരന്‍, ഹിമാലയ പ്രാന്തത്തില്‍നിന്ന് വരുന്ന തരുണ്‍ വിജയ് തമിഴ്‌നാട്ടിലെ ദ്രാവിഡ സംസ്‌കാരസമ്പന്നതയെ പ്രചരിപ്പിക്കുന്നതില്‍ അഭിമാനമുണ്ടെന്ന് അന്ന് പറഞ്ഞു. മാനസരോവറില്‍ 'തിരുക്കുറല്‍' ചൊല്ലിയായിരുന്നു പിന്നീട് അദ്ദേഹം പ്രചാരണം ആരംഭിച്ചത്. ചെന്നൈയിലെ അരിംഗനര്‍ പേരവി സെക്രട്ടറി മൈക്കള്‍ ഫാരടി അദ്ദേഹത്തിന് 'തിരുക്കുറല്‍ തിലകം' അവാര്‍ഡു നല്‍കി ആദരിച്ചു. പിന്നീട് കമ്പന്‍ അക്കാദമി അവാര്‍ഡും നല്‍കി. തമിഴ് സംസ്‌കാരവും ഭാഷയും പ്രചരിപ്പിക്കുന്നതില്‍ അദ്ദേഹത്തിന്റെ സേവനം കണ്ടില്ലെന്ന് നടിക്കുന്നവരാണ് വിവേചനം ആരോപിച്ച് പാര്‍ലമെന്റുപോലും സ്തംഭിപ്പിച്ചത്. 2015ല്‍ പാര്‍ലമെന്റ് മെമ്പറായിരിക്കെ തിരുക്കുറല്‍ വചനങ്ങള്‍ പിന്തുടരാന്‍ പ്ലക്കാര്‍ഡുമായി നില്‍ക്കുന്ന അദ്ദേഹത്തിന്റെ ചിത്രം ഇപ്പോള്‍ പ്രസ്താവന വളച്ചൊടിക്കുന്ന പത്രങ്ങള്‍ പോലും മുന്‍പേജില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇത്തവണ ദേശീയ അവാര്‍ഡ് നേടിയ സംഗീതസംവിധായകന്‍ വൈരമുത്തുവാണ് ചൈന്നെയില്‍ 2014ല്‍ അദ്ദേഹത്തെ ആദരിച്ചത്. 2015ല്‍ തിരുക്കുറല്‍ യാത്രയും നടത്തി. കശ്മീര്‍ മുഖ്യമന്ത്രിയായിരുന്ന മുഫ്തി മുഹമ്മദ് സെയ്തിന് അദ്ദേഹം തിരുവള്ളൂവര്‍ ചിത്രം നല്‍കി. ''രാജരാജചോളനെ പറ്റിയും നാം പഠിക്കണം. തുളസിദാസ് മാത്രമല്ല ആണ്ടാളും സുബ്രഹ്മണ്യഭാരതിയും നമുക്കുണ്ട്.'' തരുണ്‍ വിജയ് ഇങ്ങനെ പറയുമ്പോള്‍ എവിടെയാണ് വര്‍ണ്ണവിവേചനം? തമിഴിന്റെ ദത്തുപുത്രനാണ് താനെന്ന് അഭിമാനിക്കുന്നതായി ആവര്‍ത്തിച്ച് പറയുന്ന തരുണിനെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കുകയാണ് പ്രതിപക്ഷം ഇപ്പോള്‍ ചെയ്യുന്നത്. ഹിന്ദിയും തമിഴും പഠിക്കാന്‍ ഡറാഡൂണില്‍ ജനിച്ച തരുണ്‍ ആഹ്വാനം ചെയ്യുമ്പോള്‍ വിമര്‍ശകര്‍ സ്വയം മറന്നുപോവുകയാണ്. തനിക്ക് ആണ്ടാള്‍ കൃതി തന്ന് സഹായിച്ചത് ഡിഎംകെയിലെ കനിമൊഴിയാണെന്നും ഡറാഡൂണില്‍ തമിഴ് പഠനകേന്ദ്രം തുടങ്ങാന്‍ ആഗ്രഹമുണ്ട് എന്നും അദ്ദേഹം ഒരിക്കല്‍ പറഞ്ഞിരുന്നു. ജീവിതതീര്‍ത്ഥയാത്രയിലെ ഇടകലര്‍ന്ന ബന്ധം നമുക്ക് മനസ്സിലാക്കിത്തരുന്നത് ഭാരതമാണ്. ബീഹാറിയും ഗുജറാത്തിയും മലയാളിയും പഞ്ചാബിയും ഒന്നിച്ച് പോകുന്നു. ശ്രീരാമജന്മഭൂമി പ്രക്ഷോഭത്തിലും ഇത് കാണാനായി. കാര്‍ഗിലിലും കണ്ടു. 2017 ഏപ്രില്‍ 11ന്റെ 'ഹിന്ദു' പത്രത്തിലെ മുഖാമുഖത്തില്‍ ലോകത്തില്‍ എല്ലാം തീര്‍ന്നാലും മനുഷ്യരാശിയുടെ സംസ്‌കാരം അവശേഷിക്കുന്നത് ഇവിടെ കാണാനാവുമെന്ന് തരുണ്‍ വിജയ് അടിവരയിട്ട് പറയുമ്പോള്‍ വര്‍ണവിവേചനത്തിന്റെ വിത്ത് പാകുന്നവര്‍ ആരാണെന്ന് എളുപ്പം തിരിച്ചറിയാനാകും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.