സിപിഎമ്മിന്റെ അസഹിഷ്ണുത

Sunday 21 May 2017 4:41 pm IST

പെരുന്താറ്റിലിലെ കേശവസ്മൃതി സേവാകേന്ദ്രം ആക്രമിക്കപ്പെട്ട നിലയില്‍

സിപിഎം അക്രമരാഷ്ട്രീയം അവസാനിപ്പിക്കാന്‍ തയ്യാറല്ലെന്നതിന്റെ തെളിവാണ് തലശ്ശേരി എരഞ്ഞോളി പഞ്ചായത്തിലെ പെരുന്താറ്റിലില്‍ ഇക്കഴിഞ്ഞ ദിവസമുണ്ടായ അക്രമം. ഞായറാഴ്ച ഉദ്ഘാടനം ചെയ്ത പെരുന്താറ്റിലിലെ കേശവസ്മൃതി സേവാകേന്ദ്രം പിറ്റേന്ന് പുലര്‍ച്ചെ സിപിഎം സംഘം അക്രമിക്കുകയായിരുന്നു. ലൈബ്രറി, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ക്ഷേമ പദ്ധതികളെക്കുറിച്ചുള്ള ഹെല്‍പ്പ് ഡസ്‌ക്, അക്ഷയശ്രീ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിലുള്ള തൊഴില്‍ പരിശീലന കേന്ദ്രം എന്നിവയാണ് സേവാകേന്ദ്രത്തില്‍ പ്രവര്‍ത്തനമാരംഭിച്ചത്.

സേവാകേന്ദ്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിച്ച കാലം മുതല്‍ സിപിഎം സംഘം കെട്ടിടം തകര്‍ക്കാനുള്ള ശ്രമം നടത്തിയിരുന്നു. അടിത്തറ പണിത് ചുമര്‍ കെട്ടിത്തീര്‍ന്നപ്പോള്‍ അത് പൂര്‍ണ്ണമായും തകര്‍ത്തു. നിര്‍മ്മാണത്തിന്റെ നിരവധി ഘട്ടങ്ങളില്‍ നടന്ന അക്രമങ്ങളെ അതിജീവിച്ചാണ് സേവാകേന്ദ്രത്തിന്റെ പ്രവര്‍ത്തനം പൂര്‍ത്തിയാക്കിയത്. എന്നാല്‍ അസഹിഷ്ണുതയുടെ പ്രത്യയശാസ്ത്രത്തിനടിപ്പെട്ടവര്‍ക്ക് സഹിക്കാവുന്നതായിരുന്നില്ല ഇത്. ഉദ്ഘാടനപിറ്റേന്ന് തന്നെ കെട്ടിടം തകര്‍ക്കാനായിരുന്നു അവര്‍ ലക്ഷ്യമിട്ടത്. ഉദ്ഘാടന ചടങ്ങിന് സുരക്ഷയ്ക്കായി എത്തിയ പോലീസ് സംഘം സംഭവ സ്ഥലത്തുനിന്ന് മാറിയ ഉടനെയാണ് അക്രമമുണ്ടായത്. അക്രമത്തിന് സൗകര്യമൊരുക്കുകയായിരുന്നു പോലീസ് എന്ന പരാതിയും നിലനില്‍ക്കുന്നുണ്ട്.

പതിനാറംഗങ്ങളുള്ള എരഞ്ഞോളി ഗ്രാമ പഞ്ചായത്തില്‍ ഒരു സീറ്റില്‍ കോണ്‍ഗ്രസ് വിജയിച്ചതൊഴിച്ചാല്‍ ബാക്കി 15 സീറ്റിലും വിജയിച്ചത് ഇടതുമുന്നണിയാണ്. പ്രതിപക്ഷ ആശയങ്ങളോട് സഹിഷ്ണുതയും ആദരവും കാണിക്കുകയാണ് മൃഗീയ ഭൂരിപക്ഷമുള്ളപ്പോഴും അധികാരത്തിലുള്ളവര്‍ ചെയ്യേണ്ടത്. തങ്ങളുടെ ശക്തികേന്ദ്രങ്ങളില്‍ മറ്റുള്ള സംഘടനകള്‍ക്കും പ്രവര്‍ത്തിക്കാന്‍ ജനാധിപത്യപരമായി സ്വാതന്ത്ര്യം അനുവദിക്കുമ്പോഴാണ് അധികാരത്തിലുള്ളവരുടെ മഹത്വം ഏറുന്നത്. എന്നാല്‍ ആര്‍എസ്എസിന്റെയും മറ്റു ദേശീയ സംഘടനകളുടെയും പ്രവര്‍ത്തനത്തെ ഏതുവിധേനയും ഇല്ലാതാക്കുക എന്ന സമീപനമാണ് സിപിഎം ഇവിടെയും അനുവര്‍ത്തിച്ചത്. ഈ അസഹിഷ്ണുതയുടെ വേരുകള്‍ ചികഞ്ഞ് പോയാല്‍ എത്തുന്ന യാഥാര്‍ത്ഥ്യം കമ്യൂണിസ്റ്റ് കോട്ടകളിലും കരുത്താര്‍ജ്ജിക്കുന്ന ദേശീയ ശക്തികളുടെ മുന്നേറ്റമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഏഴു വാര്‍ഡുകളില്‍ ബിജെപിക്ക് രണ്ടാം സ്ഥാനത്തെത്താന്‍ കഴിഞ്ഞത് സിപിഎമ്മിന് സഹിക്കാനാവുന്നതല്ലായിരുന്നു.

ഭദ്രമെന്ന് കരുതുന്ന തങ്ങളുടെ കോട്ടകള്‍ക്കുള്ളില്‍ പോലും അതിവേഗം മണ്ണൊലിച്ചുപോകുന്നുവെന്ന യാഥാര്‍ത്ഥ്യമാണ് സിപിഎമ്മുകാരെ അന്ധരാക്കുന്നത്. നേരത്തെ നടന്ന സിപിഎം അക്രമങ്ങളില്‍ പുഞ്ചയില്‍ ശശിധരന്‍, നിഖില്‍ എന്നിവര്‍ ഇവിടെ കൊല്ലപ്പെട്ടിരുന്നു. അക്രമത്തില്‍ അംഗവിഹീനരായവര്‍ ഏറെയുണ്ട് ഈ പഞ്ചായത്തില്‍. എന്നാല്‍ സിപിഎമ്മിന്റെ അക്രമത്തിനെതിരെ ജനാധിപത്യപരമായ മാര്‍ഗ്ഗങ്ങളിലൂടെ പ്രതിരോധിക്കുക എന്ന മാതൃകാപരമായ ശൈലിയാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഇവിടെയും അനുവര്‍ത്തിച്ചത്. എല്ലാവിധ എതിര്‍പ്പുകള്‍ക്കിടയിലും വലിയ ജനകീയ പിന്തുണയാര്‍ജ്ജിക്കാന്‍ കഴിഞ്ഞത് ഇതുകൊണ്ടുതന്നെയാണ്. സേവാകേന്ദ്രത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ജനാവലി ഈ ജനകീയ പിന്തുണക്ക് തെളിവായിരുന്നു.

തൊട്ടടുത്ത പെരുന്താറ്റില്‍ ടൗണില്‍ സിപിഎം ഓഫീസ് പ്രവര്‍ത്തിക്കുന്നത് ജനസേവാ ട്രസ്റ്റിന്റെ കീഴിലുള്ള കെട്ടിടത്തിലാണ്. സിപിഎം ഓഫീസ് നില നില്‍ക്കുന്ന ഇരുനിലക്കെട്ടിടം സ്വയം സേവകര്‍ അംഗങ്ങളായുള്ള ജനസേവാ ട്രസ്റ്റ് വാങ്ങിക്കുകയായിരുന്നു. സംഘര്‍ഷത്തിന്റെയും അക്രമത്തിന്റെയും പാത സ്വീകരിച്ചവര്‍ക്ക് സമാധാനത്തിന്റെ പാതയില്‍ ചരിച്ചവര്‍ നല്‍കിയ മധുരതരമായ മറുപടിയായിരുന്നു ഇത്. സേവന പ്രവര്‍ത്തനങ്ങളിലൂടെ ആര്‍ജ്ജിച്ച ജനകീയമായ പിന്തുണയില്‍നിന്നാണ് ഭാവാത്മകവും വികസനോന്മുഖവുമായ പ്രവര്‍ത്തന ശൈലി വിജയം വരിച്ചത്. രക്തരൂഷിതമായ അക്രമങ്ങളിലൂടെയല്ല, പരസ്പര സഹവര്‍ത്തിത്വത്തിന്റെ ഉദാത്തമായ ജീവിതശൈലിയിലൂടെയാണ് ഗ്രാമീണ ജനജീവിതത്തെ മുന്നോട്ടുകൊണ്ടുപോകാനാവുക. അന്ധമായ രാഷ്ട്രീയ കുടിപ്പകയല്ല, അന്യോന്യമുള്ള ആദരവും മറ്റ് ആശയഗതികള്‍ക്ക് പ്രവര്‍ത്തിക്കാനുള്ള അവകാശം അവുവദിക്കുകയും ചെയ്യുക എന്ന സമീപനത്തിനാണ് വിജയിക്കാനാവുക.

ഭരണത്തിലിരിക്കുന്ന രാഷ്ട്രീയ കക്ഷിയുടെ അസഹിഷ്ണുതയാണ് കേരളത്തിന്റെ തെരുവുകളില്‍ രക്തപ്പുഴയൊഴുക്കുന്നത്. ഭരണകക്ഷി എന്ന നിലയിലുള്ള ഉയര്‍ന്ന ഉത്തരവാദിത്ത ബോധം കാണിക്കുവാനുള്ള ചുമതല സിപിഎമ്മിനുണ്ട്. ജില്ലാ നേതൃത്വത്തിന് ഈ വകതിരിവില്ലെങ്കില്‍ സംസ്ഥാന നേതൃത്വത്തിന് ഉത്തരവാദിത്തം കൂടുകയാണ്. അക്രമത്തിന് പ്രോത്സാഹനം നല്‍കുന്ന നേതാക്കളില്‍ ചിലരാണ് സംസ്ഥാന നേതൃത്വത്തിലുള്ളതെങ്കില്‍ അവര്‍ക്ക് നേര്‍വഴി പറഞ്ഞു കൊടുക്കാന്‍ പൊളിറ്റ് ബ്യൂറോക്ക് കഴിയണം. ഈ ഉത്തരവാദിത്തം സിപിഎം നേതൃത്വത്തില്‍നിന്ന് ഉണ്ടാകുമെന്നു തന്നെയാണ് കേരളം ഇപ്പോഴും പ്രതീക്ഷിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.