തോട്ടണ്ടി ഇറക്കുമതിക്ക് പ്രത്യേക കമ്പനി

Thursday 4 May 2017 10:36 pm IST

തിരുവനന്തപുരം: വിദേശത്തുനിന്ന് തോട്ടണ്ടി ഇറക്കുമതി ചെയ്യാനും സര്‍ക്കാര്‍, സ്വകാര്യ കമ്പനികള്‍ക്ക് വിതരണം ചെയ്യാനും പ്രത്യേക കമ്പനി രൂപീകരിക്കാനുള്ള നിര്‍ദേശത്തിന് മന്ത്രിസഭ തത്വത്തില്‍ അംഗീകാരം നല്‍കി. മൂന്നുലക്ഷം സ്ത്രീകള്‍ പണിയെടുക്കുന്ന കശുവണ്ടി മേഖല തോട്ടണ്ടിയുടെ ദൗര്‍ലഭ്യം മൂലം പ്രതിസന്ധി നേരിടുന്ന സാഹചര്യം കണക്കിലെടുത്താണിത്. കേരളത്തിലെ ഫാക്ടറികള്‍ പൂര്‍ണമായി പ്രവര്‍ത്തിപ്പിക്കാന്‍ ആറ് ലക്ഷം ടണ്‍ തോട്ടണ്ടി വേണം. എന്നാല്‍ കേരളത്തിലെ ഉത്പാദനം 80,000 ടണ്‍ മാത്രമാണ്. ഇപ്പോള്‍ കശുവണ്ടി വികസന കോര്‍പ്പറേഷനും കാപ്പെക്‌സും ടെണ്ടര്‍ വിളിച്ച് ഇടനിലക്കാര്‍ വഴിയാണ് കശുവണ്ടി വാങ്ങുന്നത്. സര്‍ക്കാര്‍, ബാങ്കുകള്‍, കാഷ്യു പ്രൊമോഷന്‍ കൗണ്‍സില്‍, സ്‌റ്റേറ്റ് ട്രേഡിങ് കോര്‍പ്പറേഷന്‍ എന്നിവയില്‍ നിന്ന് ഓഹരി സ്വരൂപിച്ച് കമ്പനി രൂപീകരിക്കാനുള്ള നിര്‍ദേശമാണ് മന്ത്രിസഭ അംഗീകരിച്ചത്. തോട്ടണ്ടി ഉല്‍പ്പാദക രാജ്യങ്ങളില്‍ നിന്ന് ഈ കമ്പനി നേരിട്ട് തോട്ടണ്ടി സംഭരിക്കും. കശുവണ്ടി ഫാക്ടറികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ആര്‍ബിഐ, വാണിജ്യ ബാങ്കുകള്‍, സര്‍ക്കാര്‍ എന്നിവയുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തി ഉന്നതതല കമ്മിറ്റി രൂപീകരിച്ചിരുന്നു. ഈ സമിതിയുടെ ശുപാര്‍ശ പ്രകാരമാണ് തോട്ടണ്ടി സംഭരണത്തിനും വിതരണത്തിനും പ്രത്യേക കമ്പനി രൂപീകരിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.