കേരളാ കോണ്‍ഗ്രസില്‍ വിഭാഗീയത രൂക്ഷം

Thursday 4 May 2017 10:41 pm IST

കുറവിലങ്ങാട്: കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തില്‍ വിഭാഗീയത രൂക്ഷമായതായി ജില്ലാ പ്രസിഡന്റ് ഇ.ജെ. ആഗസ്തി പ്രതികരിച്ചു. പാര്‍ട്ടി ഇപ്പോള്‍ കൈക്കൊണ്ടിരിക്കുന്ന തീരുമാനം ജില്ലാ കമ്മറ്റിയുടേതല്ല. ജില്ലാപ്രസിഡന്റ് എന്ന നിലയില്‍ തന്നോട് ആലോചിച്ചിട്ടുമില്ലെന്ന് പ്രസിഡന്റ് പദവി രാജിവച്ച ഇ.ജെ. ആഗസ്തി പറഞ്ഞു. കെ.എം. മാണിയുമായി നേരിട്ടുള്ള ചര്‍ച്ചയ്ക്ക് ശേഷമേ രാജി കാര്യത്തില്‍ തീരുമാനം എടുക്കുകയന്ന് ആഗസ്തി വ്യക്തമാക്കി. കെ.എം. മാണി പറഞ്ഞിരുന്നത് ജില്ലാ കമ്മിറ്റിയുടെ തീരുമാന പ്രകാരമുള്ള നടപടികളാണ് കോട്ടയത്ത് നടന്നതെന്നാണ്. ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സഖറിയാസ് കുതിരവേലി യുഡിഎഫ് ധാരണവിട്ട് ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനം എടുത്തതിനെ ഇ. ജെ. ആഗസ്തി എതിര്‍ത്തു. തന്നോട്് ഇതേപ്പറ്റി ആരും സംസാരിച്ചിരുന്നില്ലെന്നും പാര്‍ട്ടി പ്രവര്‍ത്തകന്‍ എന്ന നിലയില്‍ കെ.എം. മാണി എന്ത് നിലപാട് എടുത്താലും താന്‍ അംഗീകരിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ പാര്‍ട്ടിയില്‍ അത് ചര്‍ച്ചചെയ്യാനുള്ള അവസരം നല്‍കണമെന്നും നിലവില്‍ പാര്‍ട്ടിയില്‍ അംഗങ്ങള്‍ക്കിടയില്‍ വിഭാഗിയത ഉള്ളതായും അദ്ദേഹം പറഞ്ഞു. പ്രശ്‌നങ്ങള്‍ തീര്‍ന്നതിന് ശേഷമേ താന്‍ പാര്‍ട്ടി ഓഫീസിലേയ്ക്ക് പോവുകയൂള്ളൂ. കഴിഞ്ഞ ഞായറാഴ്ച ഉച്ചയോടുകൂടി കെ.എം. മാണി തന്നെ വിളിച്ച് കോണ്‍ഗ്രസുമായി ഉണ്ടാക്കിയ മുന്‍ധാരണപ്രകാരം ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ യുഡിഎഫ് കക്ഷിയായി നിലകൊള്ളാന്‍ പറഞ്ഞിരുന്നു. വൈകിട്ട് വീണ്ടും വിളിച്ച് അംഗങ്ങള്‍ക്ക് വിപ്പ് നല്‍ക്കണമെന്നും പറഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് താന്‍ വിപ്പ് തയ്യാറാക്കിയിരുന്നു. തിങ്കളാളഴ്ച വീണ്ടും വിളിച്ച് തല്‍ക്കാലം വിപ്പ് നല്‍കേണ്ടെന്നും തീരുമാനം പിന്നീട് അറിയക്കാമെന്നും പറഞ്ഞു. ഇതിനുശേഷം ഞാന്‍ അടക്കമുള്ള പാര്‍ട്ടി നേതക്കാളും എംഎല്‍എമാരും നിരന്തരം ഫോണില്‍ വിളിച്ചിട്ടും മറുപടിയില്ലായിരുന്നു. കഴിഞ്ഞ 25 വര്‍ഷമായി പാര്‍ട്ടിയുടെ ജില്ലാ പ്രസിഡന്റായി താന്‍ പ്രവര്‍ത്തിക്കുന്നതായും ഇപ്പോള്‍ എടുത്ത തീരുമാനത്തിനായി താനടക്കമുള്ളവരോട് ചര്‍ച്ചചെയ്തില്ലെന്നും ഇതില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും തനിക്കും അമര്‍ഷമുള്ളതായും ഇ.ജെ. ആഗസ്തി കൂട്ടി ചേര്‍ത്തു. 1980-81 കാലഘട്ടത്തില്‍ എല്‍ഡിഎഫിന്റെ പാലാ നിയോജകമണ്ഡലം കണ്‍വീനറായും ആഗസ്തി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോള്‍ പാര്‍ട്ടി പറയുന്നത് ഈ തീരുമാനം കോട്ടയത്തെ പ്രദേശിക ഘടകത്തിന്റേത് എന്നാണ്. പക്ഷേ ജില്ലാപ്രസിഡന്റ് എന്ന നിലയില്‍ ഈ തീരുമാനം അവര്‍ക്ക് എന്നെ അറിയിക്കാനുള്ള ബാധ്യതയുണ്ട്. അത് ഉണ്ടായില്ല. പാര്‍ട്ടിയിലെ പ്രശ്‌നങ്ങളും വിഭാഗീയതയും എംഎല്‍എ മാരുമായുള്ള കൂടിയാലോചനയ്ക്ക് ശേഷം കോട്ടയം ജില്ലാ കമ്മിറ്റിയിലും കെ.എം. മാണി എത്തിചേര്‍ന്ന് ചര്‍ച്ച ചെയ്യണമെന്നും ഇ.ജെ. ആഗസ്തി ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.