കരിപ്പൂരില്‍ വലിയ വിമാനങ്ങളിറങ്ങുന്നത് വൈകും

Thursday 4 May 2017 11:38 pm IST

മലപ്പുറം: കരിപ്പൂര്‍ വലിയ വിമാനങ്ങളിറങ്ങുന്നത് വൈകുമെന്ന് കഴിഞ്ഞ ദിവസം വിമാനത്താവളം സന്ദര്‍ശിച്ച ഡയറക്ട്രേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അധികൃതര്‍ വ്യക്തമാക്കി. റണ്‍വേയുടെ നവീകരണത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. ഭൂമി ഏറ്റെടുക്കല്‍ നടപടിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഉദാസീനത കാണിക്കുന്നതാണ് തടസത്തിന് കാരണം. റണ്‍വേക്ക് പരിമിതികള്‍ ഉള്ളതിനാല്‍ ഇനി വലിയ വിമാനങ്ങള്‍ ഇറക്കാന്‍ കഴിയില്ലെന്ന് ഡിജിസിഎ അധികൃതര്‍ പറഞ്ഞു. നിലവിലുള്ള ചെറിയ വിമാനങ്ങള്‍ ഇറങ്ങുന്നതിനുള്ള സുരക്ഷ ഉറപ്പാക്കാന്‍ നിലവിലുള്ള റണ്‍വേ 2850 മീറ്ററില്‍ നിന്ന് 3400 മീറ്ററാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 2015ലാണ് കരിപ്പൂരിലെ റണ്‍വേ പൂര്‍ണ്ണമായും അടച്ചിട്ട് നവീകരണം ആരംഭിച്ചത്. 2016ല്‍ ചെറിയ വിമാനങ്ങളിറക്കാന്‍ വ്യോമയാന മന്ത്രാലയം അനുമതി നല്‍കുകയും ചെയ്തു. 2017 ജനുവരിയില്‍ വീണ്ടും ഉന്നതതലസംഘം നടത്തിയ അന്വേഷണത്തില്‍ നവീകരണം സുതാര്യമല്ലെന്ന് ചൂണ്ടിക്കാട്ടി. പക്ഷേ ഇതുവരെ യാതൊരു നീക്കവും നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായില്ല. വ്യോമയാന മന്ത്രാലയത്തോട് സഹകരിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പറയുമ്പോഴും ഉദ്യോഗസ്ഥരുടെ മെല്ലെപ്പോക്ക് കാര്യങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കുന്നു. ഭൂമി ഏറ്റെടുക്കാന്‍ പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ വൃത്തങ്ങളും എന്നാല്‍ ഇത് സംബന്ധിച്ച് ഇതുവരെ അനുമതി ലഭിച്ചിട്ടില്ലെന്ന് റവന്യൂ വകുപ്പും പറയുന്നു. റണ്‍വേ വികസനത്തിനാവശ്യമായ 248 ഏക്കര്‍ ഭൂമി ഉടന്‍ ഏറ്റെടുക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പു നല്‍കിയാല്‍ വലിയ വിമാനങ്ങള്‍ക്ക് താല്‍ക്കാലിക അനുമതി നല്‍കാനും സാധ്യതയുണ്ട്. ഡിജിസിഎ ജോയിന്റ് ഡയറക്ടര്‍ എസ്.എസ്.റാവത്ത്, എയര്‍പോര്‍ട്ട് അതോറിറ്റി എക്‌സിക്യൂട്ടിവ് ഡയറക്ടര്‍മാരായ ജെ.പി.അലക്‌സ്, എസ്.ബിശ്വാസ് എന്നിവരാണ് കരിപ്പൂരിലെത്തിയത്. എയര്‍പോര്‍ട്ട് അതോറിറ്റിയിലെ ഉദ്യോഗസ്ഥര്‍ക്ക് പുറമെ ഗതാഗത വകുപ്പ് അസി.സെക്ഷന്‍ ഓഫിസര്‍ ജെ.വിജയനാഥ്, ലാന്‍ഡ് അക്വിസിഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ജയശങ്കര്‍ പ്രസാദ് എന്നിവരുമായും ഉന്നതതല സംഘം ചര്‍ച്ച നടത്തി.            

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.