സൗഹൃദം വിളക്കിചേര്‍ത്ത് തലമുറകള്‍ക്ക് വഴികാട്ടിയ ഗുരുക്കന്മാര്‍

Thursday 4 May 2017 11:25 pm IST

ശിവാകൈലാസ് വിളപ്പില്‍: പ്രായത്തിന്റെ അവശതകള്‍ ഏറെയുണ്ടെങ്കിലും ഇവര്‍ക്കിനി വിരസതയെ അകറ്റിനിര്‍ത്തം. തലമുറകള്‍ക്ക് അറിവിന്റെ പാഠം ചൊല്ലിക്കൊടുത്ത ഈ പഴയ ഗുരുനാഥന്മാര്‍ വാര്‍ദ്ധക്യം മറന്ന് അറ്റുപോയ സുഹൃത് ബന്ധം വിളക്കിചേര്‍ക്കുകയാണ്. ഒരുമിച്ച് കൂടിയപ്പോള്‍ ഇവരുടെ സൗഹൃദത്തിന് ഇന്നും പഴയ യുവത്വവും പ്രസരിപ്പും. തിരുമല എബ്രഹാം മെമ്മോറിയല്‍ ഹൈസ്‌കൂളില്‍ നിന്ന് വിരമിച്ച അദ്ധ്യാപകരുടേതാണ് വാര്‍ദ്ധക്യത്തിലെ ഈ ചങ്ങാതിക്കൂട്ടം. സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ച മുപ്പത് അദ്ധ്യാപകരാണ് ഇപ്പോള്‍ കൂട്ടായ്മയിലുള്ളത്. ഒരു സ്‌കൂളില്‍ ഒരുമിച്ച് ജോലി ചെയ്തവര്‍ വിരമിച്ചു കഴിഞ്ഞും ഒരുമിച്ചുകൂടുന്നുവെന്ന അപൂര്‍വതയാണ് ഈ ഗുരുക്കന്മാര്‍ പുതുതലമുറയെ ഓര്‍മ്മിപ്പിക്കുന്നത്. 1984 ല്‍ വിരമിച്ച സുകുമാരന്‍ നായര്‍ മുതല്‍ കഴിഞ്ഞ വര്‍ഷം വിരമിച്ച പത്മ മേബിള്‍ വരെ ഈ ചങ്ങാതികൂട്ടത്തില്‍ അംഗങ്ങളാണ്. തങ്ങള്‍ അക്ഷര വെളിച്ചം പകര്‍ന്ന കുട്ടികള്‍ പൂര്‍വ വിദ്യാര്‍ത്ഥി സംഘടനയുണ്ടാക്കി ചങ്ങാത്തം കാത്തുസൂക്ഷിക്കുന്നത് കണ്ടപ്പോള്‍ അത്തരമൊരു ഒരുമിക്കല്‍ വേണമെന്ന് ഇവരും ആഗ്രഹിച്ചു. കൂട്ടായ്മക്ക് പത്മ മേബിള്‍ മുന്‍കൈയെടുത്തു. പ്രായം മറന്ന മനസുമായി ഒപ്പം ജോലി ചെയ്തിരുന്ന സുശീലന്‍ നായരുടെ പേയാട് കുണ്ടമണ്‍കടവിലുള്ള വസതിയില്‍ മെയ് 1ന് അവര്‍ ഒത്തുകൂടി. കഥകള്‍ പറഞ്ഞ്, ഓര്‍മ്മകള്‍ പങ്കുവച്ച ശേഷം ഒടുവില്‍ ഒരുമിച്ചിരുന്ന് വിഭവസമൃദ്ധമായ സദ്യയും കഴിച്ചായിരുന്നു മടക്കം. മുന്‍പ് മാസം തോറും പെന്‍ഷന്‍ വാങ്ങാന്‍ ട്രഷറിയില്‍ എത്തുമ്പോള്‍ പലരും സൗഹൃദം പുതുക്കിയിരുന്നു. പെന്‍ഷന്‍ ബാങ്കു വഴിയാക്കിയപ്പോള്‍ അതും മുറിഞ്ഞു. അറ്റുപോയ ആ സ്‌നേഹക്കണ്ണി കൂട്ടായ്മയിലൂടെ വിളക്കി ചേര്‍ക്കുകയാണിവര്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.