കൈയേറ്റം ഒഴിവാക്കാന്‍ പുതിയ നിയമം

Thursday 4 May 2017 11:32 pm IST

തിരുവനന്തപുരം: സര്‍ക്കാര്‍ ഭൂമി അനധികൃതമായി കൈയേറിയ വന്‍കിടക്കാര്‍ ഉള്‍പ്പെടെയുള്ളവരെ ഒഴിപ്പിക്കുന്നതിനായി പുതിയ നിയമം കൊണ്ടുവരുമെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ നിയമസഭയെ അറിയിച്ചു. നിലവില്‍ 1957 ലെ കേരളാ ഭൂസംരക്ഷണനിയമപ്രകാരമാണ് കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നത്. എന്നാല്‍ ഈ നിയമത്തിനു പോരായ്മകളുണ്ട്. അതിനാല്‍ പുതിയൊരു ഭൂമി കൈയേറ്റ നിരോധന നിയമം (ലാന്‍ഡ് ഗ്രാബിംഗ് പ്രൊഹിബിഷന്‍ ആക്ട്) കൊണ്ടുവരുമെന്നു ധനാഭ്യര്‍ത്ഥന ചര്‍ച്ചകള്‍ക്കുള്ള മറുപടിയില്‍ അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ആറു ജില്ലകളില്‍ പുതുതായി ഓരോ റവന്യൂ ഡിവിഷനുകളും കണ്ണൂര്‍ പയ്യന്നൂരിലും തൃശൂര്‍ കുന്ദംകുളത്തും ഓരോ താലൂക്കുകളും രൂപീകരിക്കും. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം കൈയേറ്റങ്ങളുമായി ബന്ധപ്പെട്ട് 696 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ 362 കേസുകളിലായി 358.44 ഏക്കര്‍ കൈയേറ്റം ഒഴിപ്പിച്ചു. 14 ജില്ലകളിലായി അനധികൃതമായി നികത്തിയ 365.83 ഏക്കര്‍ നിലം പൂര്‍വ്വസ്ഥിതിയിലാക്കി. സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം 9,371 പട്ടയങ്ങള്‍ നല്‍കിയിട്ടുണ്ട്. ഇനി 1,26,239 പേര്‍ക്ക് കൈവശ ഭൂമിക്കുള്ള പട്ടയം നല്‍കാനുണ്ട്. ഈ മാസം 13ന് കാസര്‍ഗോഡും 21ന് ഇടുക്കിയിലും മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ പട്ടയ മേളകള്‍ നടത്തും. രണ്ടിടത്തുമായി പതിനായിരത്തോളം പട്ടയങ്ങള്‍ നല്‍കാനാകും. ആലപ്പുഴയില്‍ 5.27 ഹെക്ടറും പാലക്കാട് 5.94 ഹെക്ടറും മലപ്പുറത്ത് 9.85 ഹെക്ടറും വയനാട് 29.96 ഹെക്ടറും മിച്ചഭൂമിയായി ഏറ്റെടുത്തു. നിലവില്‍ വിതരണത്തിനായി 655.20 ഹെക്ടര്‍ മിച്ചഭൂമി സജ്ജമാണ്. ലാന്റ് ട്രൈബ്യൂണലുകളില്‍ കെട്ടിക്കിടക്കുന്ന അപേക്ഷകള്‍ തീര്‍പ്പാക്കാനായി 29 സ്‌പെഷ്യല്‍ ട്രൈബ്യൂണലുകള്‍ പുനഃസ്ഥാപിച്ചതായും മന്ത്രി അറിയിച്ചു. സര്‍ക്കാര്‍ കൈയേറ്റമൊഴിപ്പിക്കലുമായി പോകുമ്പോള്‍ മറ്റു കാര്യങ്ങള്‍ ചര്‍ച്ചചെയ്യുന്നതില്‍ കാര്യമില്ല. സര്‍ക്കാര്‍ നടപടിയില്‍ തടസങ്ങളുണ്ടാക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ അനുവദിക്കില്ല. ഒരു വന്‍കിട കൈയേറ്റക്കാരെയും ഒഴിവാക്കില്ല. കുടിയേറ്റത്തിന്റെ മറവിലുള്ള കൈയേറ്റ ശ്രമവും അനുവദിക്കില്ല. ജില്ലയുടെ പുറത്തു നിന്നു കടന്നുകയറി റിസോര്‍ട്ടുകള്‍ പണിതവരാണ് ഇടുക്കിയിലെ കൈയേറ്റക്കാര്‍. ഇതൊക്കെ നടന്നത് ഏതു കാലത്താണെന്ന് സര്‍ക്കാര്‍ കൃത്യമായി പരിശോധിക്കും. കൈയേറ്റമൊഴിപ്പിക്കലുമായി ബന്ധപ്പെട്ട് താനും മുഖ്യമന്ത്രിയുമായി അഭിപ്രായവ്യത്യാസമുണ്ടെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. യാതൊരു കാരണവശാലും ഭൂമി കൈയേറ്റം അനുവദിക്കില്ലെന്നുള്ളത് ഇടതുമുന്നണിയുടെ പ്രകടനപത്രികയിലുള്ള കാര്യമാണ്. ഈ സര്‍ക്കാര്‍ നയം ഉദ്യോഗസ്ഥരോട് വ്യക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.