കൊച്ചി മെട്രോ: സുരക്ഷാ പരിശോധന ഇന്ന് തീരും; യാത്രയ്ക്ക് പച്ചക്കൊടി കാട്ടിയേക്കും

Thursday 4 May 2017 11:34 pm IST

കൊച്ചി: കൊച്ചി മെട്രോ ട്രെയിനിന്റെയും പാളങ്ങളുടെയും സുരക്ഷാ പരിശോധന ഇന്ന് തീരും. ആദ്യ രണ്ടുദിവസത്തെ പരിശോധനയില്‍ തന്നെ മെട്രോ റെയില്‍ സേഫ്റ്റി കമ്മിഷണര്‍ സുരക്ഷയില്‍ സംതൃപ്തി പ്രകടിപ്പിച്ചതായാണ് സൂചന. ഈ മാസം തന്നെ മെട്രോയുടെ ഉദ്ഘാടനം നടക്കാനാണ് സാധ്യത. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തീയതി കൂടി ലഭിക്കുന്ന മുറയ്ക്കായിരിക്കും ഉദ്ഘാടനം. ഇന്നത്തെ പരിശോധന കൂടി പൂര്‍ത്തിയായാല്‍ മെട്രോ സേഫ്റ്റി കമ്മിഷണര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. മുട്ടം, കളമശ്ശേരി, കുസാറ്റ്, പത്തടിപ്പാലം, ഇടപ്പള്ളി, ചങ്ങമ്പുഴ പാര്‍ക്ക് വരെയുള്ള സ്റ്റേഷനുകളിലെ സൗകര്യങ്ങളാണ് ഇന്നലെ പരിശോധിച്ചത്. ചങ്ങമ്പുഴ പാര്‍ക്ക്, ഇടപ്പള്ളി എന്നിവിടങ്ങളില്‍ സ്റ്റേഷന്റെ പണി ഇനിയും പൂര്‍ത്തിയാക്കാനുണ്ട്. ഇതില്‍ സേഫ്റ്റി കമ്മീഷണര്‍ കെ.എ. മനോഹരന്‍ ആശങ്ക അറിയിച്ചതായാണ് വിവരം. എന്നാല്‍, പണി ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആര്‍എല്‍) അധികൃതര്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. ഇന്ന് ചങ്ങമ്പുഴ പാര്‍ക്ക് മുതല്‍ പാലാരിവട്ടം വരെയാണ് പരിശോധന നടത്തുന്നത്. സ്റ്റേഷനിലേക്ക് കയറുന്നതിനും ഇറങ്ങുന്നതിനും യാത്രക്കാര്‍ക്കുള്ള സൗകര്യങ്ങള്‍, എസ്‌കലേറ്റര്‍, ലിഫ്റ്റില്‍ യാത്ര ചെയ്യുന്നവര്‍ക്കുള്ള ദിശാസൂചകങ്ങള്‍, പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ സംവിധാനം, യാത്രക്കാര്‍ക്കുള്ള മറ്റു സൗകര്യങ്ങള്‍ തുടങ്ങിയവയാണ് വിലയിരുത്തിയത്. ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള 11 സ്റ്റേഷനുകളും പരിശോധിച്ചശേഷമായിരിക്കും മെട്രോ ട്രെയിന്‍ ഓടുന്നതിന് സുരക്ഷാ കമ്മീഷണര്‍ പച്ചക്കൊടികാട്ടുക.ഇന്നത്തെ പരിശോധന കൂടി കഴിഞ്ഞാല്‍ മെട്രോ റെയില്‍ യാത്രയ്ക്ക് സുരക്ഷിതമാണോയെന്ന് സേഫ്റ്റി കമ്മീഷണര്‍ സര്‍ക്കാറിനെ അറിയിച്ചേക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.