വിമാനം വലിച്ചുനീക്കി പോര്‍ഷെ കയെന്‍ ഗിന്നസ് ബുക്കില്‍

Friday 5 May 2017 11:07 am IST

പാരിസ്: 73 മീറ്റര്‍ നീളവും 285 ടണ്‍ ഭാരവുമുള്ള എയര്‍ ഫ്രാന്‍സിന്റെ എയര്‍ബസ് എ380 നെ വലിച്ചു നീക്കി പോര്‍ഷെ കയെന്‍ എസ് ഡീസല്‍ ഗിന്നസ് റെക്കോഡില്‍ ഇടം നേടി. 170 ടണ്‍ ഭാരമുള്ള കാര്‍ഗോ വിമാനം വലിച്ചുനീക്കിയ നിസ്സാന്‍ പട്രോളിന്റെ റെക്കോഡ് ഇതോടെ പഴങ്കഥയായി. 385 ബിഎച്ച്പി കരുത്ത് നല്‍കുന്ന 4.1 ലിറ്റര്‍ ബൈടര്‍ബോ V8 എന്‍ജിനാണ് പോര്‍ഷെ കയെനെ റെക്കോഡ് നേടിക്കൊടുത്തത്. ഏറ്റവും ഭാരമേറിയ എയര്‍ക്രാഫ്റ്റ് കെട്ടിവലിച്ച പ്രൊഡക്ഷന്‍ കാര്‍ എന്ന പുതിയ ഗിന്നസ് ലോക റെക്കോഡാണ് പോര്‍ഷെ കയെന്‍ എന്ന ഡീസല്‍ എസ്യുവി സ്വന്തമാക്കിയത്. പാരിസിലെ ചാള്‍സ് ഡി ഗോല്‍ വിമാനത്താവളത്തിലായിരുന്നു പ്രകടനം. പോര്‍ഷെ ജിബി ടെക്നീഷ്യന്‍ റിച്ചാര്‍ഡ് പയിനാണ് വാഹനം ഓടിച്ചത്. പോര്‍ഷെ കയെന്‍ ടര്‍ബോ എസ് ഉപയോഗിച്ച് പ്രകടനം ആവര്‍ത്തിച്ചു. എയര്‍ബസ് എ380 വലിച്ചുനീക്കുകയെന്നത് ശ്രമകരമായ പ്രവൃത്തിയായിരുന്നുവെന്ന് റിച്ചാര്‍ഡ് പയിന്‍ പ്രതികരിച്ചു. ഉപഭോക്താക്കളുടെ പ്രതീക്ഷയ്ക്കപ്പുറം പോകാന്‍ തങ്ങളുടെ കാറുകള്‍ക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ഇതിന് മുമ്പും നിരവധി കാറുകള്‍ ഇത്തരം പ്രകടനങ്ങള്‍ നടത്തിയിട്ടുണ്ട്. പത്ത് വര്‍ഷം മുമ്പ് ഫോക്സ്വാഗണ്‍ ടൂറെഗ് V10 TDI ബോയിംഗ് 747 വിമാനം വലിച്ചുനീക്കിയിരുന്നു. 2013 ല്‍ 170 ടണ്‍ ഭാരം വരുന്ന കാര്‍ഗോ വിമാനത്തെ നിസ്സാന്‍ പട്രോള്‍ വലിച്ചു നീക്കിയിട്ടുണ്ട്. ലാന്‍ഡ് റോവറിന്റെ ഡിസ്‌കവറി സ്പോര്‍ട്‌സ് 100 ടണ്‍ ഭാരം വരുന്ന തീവണ്ടി വലിച്ചുനീക്കിയും കരുത്ത് തെളിയിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.