സ്വകാര്യ ബസ് തൊഴിലാളി സമരം : ഇന്നലെയും ജനംവലഞ്ഞു

Friday 5 May 2017 10:14 pm IST

കണ്ണൂര്‍: സ്വകാര്യ ബസ് തൊഴിലാളി സമരം കാരണം ജില്ലയില്‍ ജനം ഇന്നലെയും വലഞ്ഞു. ഇന്നലെ ജില്ലയില്‍ നിന്നുളള സ്വകാര്യ ബസ്സുകളൊന്നും സര്‍വ്വീസ് നടത്തിയില്ല. സമീപജില്ലകളില്‍ നിന്നുളള സ്വകാര്യ ബസ്സുകളെല്ലാം സമരത്തിന്റെ രണ്ടാം ദിവസമായ ഇന്നലെയും പതിവു പോലെ സര്‍വ്വീസ് നടത്തി. പ്രധാന റൂട്ടുകളില്‍ പതിവുപോലെ കെഎസ്ആര്‍ടിസി ബസ്സുകള്‍ സര്‍വ്വീസ് നടത്തി. ഏതാനും ചില റൂട്ടുകളില്‍ പ്രത്യേക സര്‍വ്വീസുകളും കെഎസ്ആര്‍ടിസി നടത്തി. നഗര-ഗ്രാമ വ്യത്യാസമില്ലാതെ സമരം കാരണം ജനങ്ങള്‍ ഏറെ വലഞ്ഞു. കെഎസ്ആര്‍ടിസി ബസ്സുകളില്ലാത്ത മേഖലകളില്‍ ജനങ്ങള്‍ പൂര്‍ണ്ണമായും സ്വകാര്യവാഹനങ്ങളെയാണ് ആശ്രയിച്ചത്. സ്വകാര്യ വാഹനങ്ങള്‍ കൂട്ടത്തോടെ റോഡിലേക്കിറങ്ങിയതോടെ കണ്ണൂര്‍ ഉള്‍പ്പെടെയുളള നഗരങ്ങളില്‍ പല സമയങ്ങളിലും ഗതാഗത കുരുക്കിന് കാരണമായി. സ്വാകാര്യ വാഹനങ്ങള്‍ തോന്നിയപോലെ നിരക്ക് ഈടാക്കിയത് പലയിടത്തും യാത്രക്കാരും വാഹന ജീവനക്കാരുമായി തര്‍ക്കം ഉടലെടുക്കാന്‍ വഴിയൊരുക്കി. കഴിഞ്ഞ ദിവസം എഡിഎമ്മിന്റെ സാന്നിധ്യത്തില്‍ സമരം ഒഴിവാക്കുന്നതിനായി ചര്‍ച്ച നടന്നെങ്കിലും ഇരുപക്ഷവും അവരവരുടെ നിലപാടുകളില്‍ ഉറച്ച് നിന്നതോടെ ചര്‍ച്ച അലസി പിരിയുകയായിരുന്നു. ബോണസ്സ് നല്‍കാന്‍ തയ്യാറാണെന്നും എന്നാല്‍ കോടതി വിധിക്ക് വിധേയമായി എന്ന് കരാറില്‍ എഴുതിച്ചേര്‍ക്കണമെന്നും ഉടമകള്‍ അറിയിച്ചതിനെത്തുടര്‍ന്ന് ഇത് സാധ്യമല്ലെന്ന് തൊഴിലാളി യൂണിയന്‍ നേതാക്കള്‍ അറിയിക്കുകയായിരുന്നു. മാത്രമല്ല തൊഴിലാളികള്‍ നല്‍കാനുളള രണ്ട് ഗഡു ഡിഎ ബസ്സ് ചാര്‍ജ്ജ് വര്‍ദ്ധനവ് ഉണ്ടാകുന്ന മുറയ്ക്ക് നല്‍കാന്‍ തയ്യാറാണെന്നും ഉടമകള്‍ ചര്‍ച്ചയില്‍ അറിയിച്ചിരുന്നു. ജനങ്ങളെ ബുദ്ധിമുട്ടിച്ചുകൊണ്ട് നടത്തിയ സമരത്തിനെതിരെ ജനങ്ങള്‍ക്കിടയില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ബസ്സുടമകളുടെയും തൊഴിലാളി യൂണിയനുകളുടേയും അനാവശ്യമായ പിടിവാശി ജനങ്ങളെ കടുത്ത ദുരിതത്തിലേക്ക് തളളിവിടുകയായിരുന്നു. ഇരുവരും ഒടുവില്‍ വിട്ടുവീഴ്ചകള്‍ ചെയ്ത് സമരം അവസാനിപ്പിച്ചതോടെ പൊതുജനത്തെ പെരുവഴിയിലാക്കിയത് മാത്രം ബാക്കിയായിരിക്കുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.