കണ്ണൂര്‍: വരും വര്‍ഷങ്ങളില്‍ ജില്ലയിലെ കുടിവെള്ളക്ഷാമം ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെ ജില്ലാപഞ്ചായത്ത് നടപ്പാക്കുന്ന ജലം സുലഭം പദ്ധതിക്ക് തുടക്കമായി. കലക്ടറേറ്റ് അനക്സ് പരിസരത്ത് മഴക്കുഴി നിര്‍മാണത്തിന് തുടക്കമിട്ട് പി.കെ.ശ്രീമതി എം.പിയാണ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്.
ഓരോ വീട്ടിലും മഴക്കുഴിയും ഏതെങ്കിലും രീതിയിലുള്ള കിണര്‍ റീച്ചാര്‍ജിംഗ് സംവിധാനവും ഏര്‍പ്പെടുത്തുകയാണ് ജലം സുലഭം പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് എം.പി പറഞ്ഞു. ഒരു മാസത്തിനകം ജില്ലയിലെ മുഴുവന്‍ വീടുകളിലും സ്ഥാപനങ്ങളിലും മഴക്കുഴികള്‍ നിര്‍മിക്കാനാണ് ജലം സുലഭം പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് അറിയിച്ചു. തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗപ്പെടുത്തി ജനപങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുക. ഇതുമായി ബന്ധപ്പെട്ട വാര്‍ഡ്തല കര്‍മപരിപാടികള്‍ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഇതിനകം ആരംഭിച്ചതായും ഓരോ പ്രദേശത്തെയും വിദ്യാര്‍ഥി-യുവജന-സന്നദ്ധ സംഘടനകളുടെ പങ്കാളിത്തം ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. ഭൂഗര്‍ഭ ജലം, കൃഷി, ദാരിദ്ര്യ ലഘൂകരണമിഷന്, കുടുംബശ്രീ, മണ്ണ് സംരക്ഷണം തുടങ്ങിയ വകുപ്പുകളുമായി കൈകോര്‍ത്താണ് ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നത്.
തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കിണര്‍ റീച്ചാര്‍ജ് സംവിധാനം ഒരുക്കാന്‍ ഒരു കിണറിന് പരമാവധി 8000 രൂപ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. കൂടുതല്‍ വരുന്ന തുക ഗുണഭോക്തൃവിഹിതമായി വകയിരുത്തും. തൊഴിലുറപ്പ് പദ്ധതിയില്‍ തൊഴില്‍ കാര്‍ഡുള്ള കുടുംബങ്ങളെയാണ് ഇതിനായി ഗുണഭോക്താക്കളാക്കുക. സ്വന്തം പുരയിടത്തിലെ കിണര്‍ റീച്ചാര്‍ജ് പ്രവൃത്തിയില്‍ ഒരു തൊഴിലാളിയായി ഉടമ പങ്കെടുക്കുകയും വേണം. കുളം വൃത്തിയാക്കല്‍, കുളം പുനരുദ്ധാരണം, ചെക്ക്ഡാം നിര്‍മാണം, മണ്‍കയ്യാല- കല്ല് കയ്യാല നിര്‍മാണം എന്നിവയും പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കും.
കലക്ടറേറ്റ് അനക്സ് പരിസരത്ത് രണ്ട് മീറ്റര്‍ നീളവും ഒരു മീറ്റര്‍ വീതിയും അര മീറ്റര്‍ ആഴവുമുള്ള മഴക്കുഴി നിര്‍മിച്ചുകൊണ്ടായിരുന്നു പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം. മഴക്കുഴിയുടെ ഭിത്തി ഇടിഞ്ഞുവീഴാതിരിക്കാന്‍ കയര്‍ ഭൂവസ്ത്രം പാകി ചെടികള്‍ നട്ട് ഉറപ്പിക്കുകയും ചെയ്തു. ചടങ്ങില്‍ മേയര്‍ ഇ.പി ലത, ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി, എസ്.പി ശിവ വിക്രം, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി ദിവ്യ, ഡെപ്യൂട്ടി മേയര്‍ പി.കെ രാഗേഷ്, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന്മാരായ കെ.പി ജയബാലന്‍ മാസ്റ്റര്‍, വി.കെ സുരേഷ് ബാബു, കെ ശോഭ, ജില്ലാ പഞ്ചായത്തംഗം അജിത്ത് മാട്ടൂല്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: