കണ്ണൂര്‍ സെന്‍ട്രല്‍ പ്രിസണ്‍ റെഡിമെയ്ഡ് വസ്ത്രശേഖരം ഉദ്ഘാടനം ചെയ്തു

Sunday 21 May 2017 4:33 pm IST

ജയിലിലെ റെഡിമെയ്ഡ് യൂണിറ്റ് ഡയരക്ടര്‍ ജനറല്‍ ഓഫ് പ്രിസണ്‍സ് ശ്രീലേഖ ഐപിഎസ് ഉദ്ഘാടനം ചെയ്യുന്നു

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ കറക്ഷണല്‍ ഹോമില്‍ നിന്ന് ഇനി മനോഹരമായ റെഡിമെയ്ഡ് വസ്ത്രങ്ങളും ലഭിക്കും. സെന്‍ട്രല്‍ ജയിലിലെ റെഡിമെയ്ഡ് വസ്ത്രങ്ങളുടെ കമനീയമായ ശേഖരം ഡയരക്ടര്‍ ജനറല്‍ ഓഫ് പ്രിസണ്‍സ് ശ്രീലേഖ ഐപിഎസ് ഉദ്ഘാടനം ചെയ്തു.

ഇപ്പോള്‍ തടവുകാരുടെ യൂനിഫോം തയ്ക്കുന്ന യൂനിറ്റ് തന്നെയാണ് തയ്യല്‍ യൂനിറ്റിനും നേതൃത്വം നല്‍കുക. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജിയുടെ നേതൃത്വത്തിലാണ് തടവുകാര്‍ക്ക് തയ്യല്‍ പരിശീലനം നല്‍കിയത്. ഫാഷന്‍ ഡിസൈനിങില്‍ പരിശീലനം നേടിയ തടവുകാര്‍ നെയ്‌തെടുത്ത ചൂരിദാര്‍, കുര്‍ത്ത, മാക്‌സി, ഷര്‍ട്ട് തുടങ്ങിയവ കുറഞ്ഞ ചെലവില്‍ ഇവിടെ നിന്നും ലഭ്യമാകും. ശിക്ഷാകാലാവധി കഴിഞ്ഞ് പുറത്ത് പോകുന്ന തടവുകാര്‍ക്ക് മെച്ചപ്പെട്ട തൊഴിലവസരങ്ങളൊരുക്കുന്നതിനു വേണ്ടിയാണ് സെന്‍ട്രല്‍ ജയിലില്‍ വിവധ തൊഴില്‍ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കിയത്.

ജയില്‍ ചപ്പാത്തിയിലൂടെയായിരുന്നു തുടക്കം. തുടര്‍ന്ന് ബ്യൂട്ടിപാര്‍ലര്‍, പ്ലംബിങ്, വയറിംഗ്, ചോക്ലേറ്റ് നിര്‍മ്മാണം, തെങ്ങ് കയറ്റം, ഡ്രൈവിങ്, മൊബൈല്‍ ഫോണ്‍ റിപ്പയറിങ് തുടങ്ങിയ പദ്ധതികളുമാരംഭിച്ചു. 30 പേര്‍ക്കാണ് ബ്യൂട്ടീഷന്‍ കോഴ്‌സില്‍ പരിശീലനം നല്‍കിയത്. ഇതിനു വേണ്ടി 20 ലക്ഷം രൂപ സര്‍ക്കാര്‍ അനുവദിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം സെന്‍ട്രല്‍ ജയില്‍ സന്ദര്‍ശിച്ചപ്പോള്‍ ശ്രീലേഖ തന്നെയാണ് റെഡിമെയ്ഡ് വസ്ത്രങ്ങളുടെ നിര്‍മ്മാണമെന്ന ആശയം മുന്നോട്ടു വെച്ചത്.

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ വിവിധ പദ്ധതികളുടെ ലാഭവിഹിതമായി ഇതുവരെ 18 ലക്ഷത്തോളം രൂപയാണ് സര്‍ക്കാരിന് നല്‍കിയത്. ഉത്തരമേഖല ഡപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പ്രിസണ്‍സ് ശിവദാസ് കെ തൈപ്പറമ്പില്‍, ജയില്‍ സൂപ്രണ്ട് എസ്.അശോക് കുമാര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.