ആലപ്പുഴക്കാര്‍ക്ക് ഇനി കുടിവെള്ളം സമൃദ്ധം

Friday 5 May 2017 9:07 pm IST

ആലപ്പുഴ: വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിന് ശേ ഷം നാലു ലക്ഷത്തോളം പേര്‍ക്കു ഗുണകരമാകുന്ന ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് വൈകിട്ടു നാലിന് ആലപ്പുഴ ടൗണ്‍ ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. 2013 ല്‍ പൂര്‍ത്തിയാകുമെന്നു പ്രഖ്യാപിക്കപ്പെട്ട പദ്ധതി നാലു വര്‍ഷത്തിലേറെ വൈകി. പത്തനംതിട്ടയിലെ കടപ്രയില്‍ നിന്നാണ് ആലപ്പുഴ കുടിവെള്ള പദ്ധതിക്ക് ആവശ്യമായ വെള്ളം സംഭരിക്കുന്നത്. ഇവിടെ പമ്പാ നദിയാണ് പ്രധാന ഉറവിടം. 19 കിലോമീറ്റര്‍ അകലെ തകഴി കരുമാടിയില്‍ സ്ഥാപിച്ചിരിക്കുന്ന ജലശുദ്ധീകരണ പ്ലാന്റിലേക്ക് എത്തും. ഒരു മീറ്റര്‍ വ്യാസമുള്ള എച്ച്ഡിപിഇ പൈപ്പ് ആണ് വെള്ളം കൊണ്ടുപോകാനായി സ്ഥാപിച്ചിരിക്കുന്നത്. ഇവിടെ ഒരു ദിവസം 62 ദശലക്ഷം ലീറ്റര്‍ ജലം ശുദ്ധീകരിക്കാന്‍ സംവിധാനമുണ്ട്. നിലവിലെ ജനപ്പെരുപ്പം കണക്കിലാക്കി 2038 വരെയുള്ള ജനസംഖ്യയ്ക്ക് ഉപയോഗിക്കാന്‍ ആവശ്യമായ വെള്ളം ശുദ്ധീകരിക്കാനുള്ള സംവിധാനമാണ് ഇവിടെ ഒരുക്കിയത്. നഗരത്തിലും എട്ടു പഞ്ചായത്തുകളിലും ക്ലോറിനേഷനു ശേഷം 360 എച്ച്പി ശേഷിയുള്ള രണ്ട് പമ്പ് സെറ്റുകള്‍ ഉപയോഗിച്ചാണു ശുദ്ധജലം വിതരണത്തിനായി പമ്പ് ചെയ്യുക. ആലപ്പുഴ നഗരത്തിലെ എട്ടെണ്ണമുള്‍പ്പെടെ നിലവിലുള്ള ഓവര്‍ഹെഡ് ടാങ്കുകളിലേക്കു പമ്പ് ചെയ്യുന്ന ജലം നിലവിലെ ജലവിതരണ പൈപ്പ് ശൃംഖലയിലൂടെ തന്നെ വിതരണം ചെയ്യും. ആലപ്പുഴ നഗരസഭ പൂര്‍ണമായും ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ ജലവിതരണ ശൃംഖലയില്‍പ്പെടും. പുറക്കാട്, അമ്പലപ്പുഴ തെക്ക്, പുന്നപ്ര തെക്ക്, പുന്നപ്ര വടക്ക്, ആര്യാട്, മണ്ണഞ്ചേരി, മാരാരിക്കുളം തെക്ക് പഞ്ചായത്തുകളിലാണു പദ്ധതിയുടെ ഭാഗമായി ജലവിതരണം നടക്കുക. ആലപ്പുഴ നഗരത്തില്‍ ഏകദേശം ഒന്നേ മുക്കാല്‍ ലക്ഷം പേര്‍ക്കും എട്ടു പഞ്ചായത്തുകളിലായി ഏകദേശം രണ്ടര ലക്ഷം പേര്‍ക്കും ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ ഗുണം ലഭിക്കും. ആകെ 193.83 കോടി രൂപയാണു പദ്ധതിക്കായി ചെലവഴിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.