വഴിവിട്ട നടപടികള്‍ക്ക്‌ കൂട്ടുനില്‍ക്കാത്തതിന്റെ പേരില്‍ മരട്‌ നഗരസഭാ സെക്രട്ടറിയെ നീക്കിയെന്ന്‌ ആക്ഷേപം

Friday 22 June 2012 10:29 pm IST

മരട്‌: ഭരണക്കാരുടെ വഴിവിട്ട നടപടികള്‍ക്ക്‌ കൂട്ടുനില്‍ക്കാത്തതിന്റെ പേരില്‍ നഗരസഭാ സെക്രട്ടറിയെ സ്ഥലം മാറ്റിയെന്ന ആരോപണം വിവാദമാകുന്നു. നിയമ വിരുദ്ധമായി നടത്തിവരുന്ന കെട്ടിട നിര്‍മാണത്തിന്‌ അനുമതി നല്‍കണമെന്ന ഭരണപക്ഷത്തിന്റെ ആവശ്യം അംഗീകരിക്കാതിരുന്നതാണ്‌ സെക്രട്ടറി ജയകുമാറിനെ കൂത്തുപറമ്പിലേക്ക്‌ സ്ഥലം മാറ്റിയതെന്നാണ്‌ പ്രതിപക്ഷം ആക്ഷേപം ഉന്നയിക്കുന്നത്‌. സമ്മര്‍ദ്ദത്തിനു വഴങ്ങാത്ത സെക്രട്ടറിയെ സ്ഥലം എംഎല്‍എ കൂടിയായ മന്ത്രിയെ ഇടപെടുത്തിയാണ്‌ സ്ഥാനത്തുനിന്നും നീക്കിയതെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്‌. സെക്രട്ടറിയുടെ സ്ഥലം മാറ്റം കഴിഞ്ഞ ദിവസം കൗണ്‍സില്‍ യോഗത്തില്‍ ഉന്നയിച്ച പ്രതിപക്ഷാംഗങ്ങള്‍ യോഗഹാളിനുള്ളില്‍ ബഹളം വെക്കുകയും കുത്തിയിരിപ്പു സമരം നടത്തുകയും ചെയ്തു. വ്യാഴാഴ്ച നടന്ന കൗണ്‍സില്‍ യോഗത്തിലാണ്‌ നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്‌. പ്രതിപക്ഷ കൗണ്‍സിലര്‍ പി.കെ.രാജു സെക്രട്ടറിയെ സ്ഥലം മാറ്റിയ സംഭവം യോഗത്തില്‍ ഉന്നയിച്ചു. ഇതിനു മറുപടിപറയാതെ ചെയര്‍മാന്‍ ടി.കെ.ദേവരാജന്‍ അടുത്ത അജണ്ടയിലേക്കു കടന്നതിനെ തുടര്‍ന്നാണ്‌ ബഹളവും, കുത്തിയിരിപ്പു സമരവും നടന്നത്‌. മരട്‌ നഗരസഭാ പരിതിക്കുള്ളില്‍ നിയമ വിരുദ്ധമായി കായല്‍ കയ്യേറിയും മറ്റും നിരവധി നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നതായി ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്‌. ഒരു വന്‍കിട ജ്വല്ലറി ഉടമ കുണ്ടന്നൂരിനുസമീപം അനധികൃതമായി നിര്‍മ്മിക്കുന്ന 6000 ചതുരശ്ര അടിയുള്ള ആഡംബര ബംഗ്ലാവിന്‌ ആദ്യം നല്‍കിയ പെര്‍മിറ്റ്‌ റദ്ദുചെയ്തിരുന്നു. ഇതു പുതുക്കിനല്‍കുവാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ്‌ മന്ത്രി കെ.ബാബുവിനെ ഇടപെടുവിച്ച്‌ സെക്രട്ടറിയെ കൂത്തുപറമ്പിലേക്ക്‌ സ്ഥലം മാറ്റിയതെന്നാണ്‌ പ്രതിപക്ഷം പ്രസ്താവനയില്‍ ഉന്നയിച്ചിരിക്കുന്ന ആക്ഷേപം. സെക്രട്ടറിയെ സ്ഥലം മാറ്റിയതിനെ തുടര്‍ന്ന്‌ നഗരസഭയിലെ ദൈനം ദിന പ്രവര്‍ത്തനങ്ങള്‍ സ്തംഭിച്ചിരിക്കുകയാണെന്നും, പല രേഖകള്‍ക്കുമായി നഗരസഭാ കാര്യാലയത്തില്‍ എത്തുന്നവര്‍ നട്ടംതിരിയുകയാണെന്നും പ്രതിപക്ഷം ആരോപിക്കുന്നുണ്ട്‌. പതിനെട്ടു മാസമായി അധികാരത്തിലിരിക്കുന്ന കോണ്‍ഗ്രസ്‌ നേതൃത്വത്തിലുള്ള ഭരണപക്ഷം പുതിയതായി ഒരു വികസന പ്രവര്‍ത്തനവും നടത്തിയില്ലെന്നും പ്രതിപക്ഷവും ബിജെപിയും ആരോപിക്കുന്നു. മരട്‌ നഗരസഭയില്‍ അഴിമതിക്ക്‌ കളമൊരുക്കാനാണ്‌ മന്ത്രി ഉള്‍പ്പടെ ഗൂഢാലോചന നടത്തി സെക്രട്ടറിയെ നീക്കിയതെന്നും അവര്‍ ആക്ഷേപം ഉന്നയിക്കുന്നു. സെക്രട്ടറിയെ സ്ഥലം മാറ്റിയത്‌ ശരിയാണെന്ന്‌ അറിയിച്ച നഗരസഭാ ചെയര്‍മാന്‍ അഡ്വ.ടി.കെ.ദേവരാജന്‍, റിലീവ്‌ ചെയ്യാതെ ലീവില്‍ പോയ സെക്രട്ടറിക്കുപകരം മറ്റൊരു ഉദ്യോഗസ്ഥന്‌ അധിക ചുമതല നല്‍കിയിട്ടുണ്ടെന്നും അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.