യെച്ചൂരിയുടെ കോണ്‍ഗ്രസ്

Saturday 6 May 2017 8:42 am IST

ജീവിച്ചിരുന്നെങ്കില്‍ കാള്‍ മാര്‍ക്‌സിന് 2018 മെയ് അഞ്ചിന് 200 വയസ്സ് തികയുമായിരുന്നു. അറുപത്തിനാല് വയസ്സ് മാത്രം ആയുസ്സുണ്ടായിരുന്ന മാര്‍ക്‌സിന്റെ സിദ്ധാന്തം അക്കാദമിക താല്‍പര്യം മാത്രം അവശേഷിപ്പിച്ച് സമ്പൂര്‍ണ പരാജയമാണെന്ന് തെളിഞ്ഞെങ്കിലും, അദ്ദേഹത്തിന്റെ ചില വാക്കുകളുടെ പ്രവചന സ്വഭാവം ഇപ്പോഴും കൗതുകകരമാണ്. ചരിത്രത്തിന്റെ ഗതി, ഭരണകൂടങ്ങളുടെ കൊഴിഞ്ഞുപോക്ക്, സമത്വസുന്ദരലോകം എന്നിവയൊക്കെ മണ്ടത്തരങ്ങളാണെന്ന് സാര്‍വദേശീയ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും, കമ്യൂണിസ്റ്റ് ഭരണകൂടങ്ങളുടെയും ചരിത്രം വിധിയെഴുതിക്കഴിഞ്ഞു. അപ്പോഴും ''ചരിത്രം രണ്ട് തവണ ആവര്‍ത്തിക്കും. ആദ്യം ദുരന്തമായും പിന്നീട് പ്രഹസനമായും'' എന്ന മാര്‍ക്‌സിന്റെ വാക്കുകള്‍ക്ക് ശാശ്വതമൂല്യമുള്ളതുപോലെ തോന്നും. മാര്‍ക്‌സിന്റെ കാലഹരണപ്പെടാത്ത ഈ പ്രവചനം ശരിവയ്ക്കപ്പെട്ട സന്ദര്‍ഭങ്ങള്‍ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും, സിപിഎം ഉള്‍പ്പെടെയുള്ള ഇടതുപാര്‍ട്ടികളുടെയും ചരിത്രത്തില്‍ നിരവധിയാണ്. പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയായിരിക്കെ, 1996 ല്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ജ്യോതിബസുവിനെ പിന്തുണക്കാമെന്ന് കോണ്‍ഗ്രസ് ഉറപ്പുനല്‍കിയത് ആര്‍ക്കാണെന്ന് രണ്ട് പതിറ്റാണ്ടിന് ശേഷവും വ്യക്തമല്ല. ഇക്കാര്യത്തില്‍ പ്രതികൂല തീരുമാനമെടുത്ത പാര്‍ട്ടി, 'ചരിത്രപരമായ മണ്ടത്തര'മാണ് കാട്ടിയതെന്ന് ബസുതന്നെ വെളിപ്പെടുത്തിയപ്പോഴാണ് അണിയറയില്‍ കോണ്‍ഗ്രസുമായി ഇത്തരമൊരു രഹസ്യധാരണ രൂപപ്പെട്ടിരുന്ന കാര്യം പുറംലോകം അറിഞ്ഞത്. കോണ്‍ഗ്രസ് പിന്തുണയോടെ പ്രധാനമന്ത്രിയാവാനുള്ള ജ്യോതി ബസുവിന്റെ ശ്രമം തകര്‍ത്തുകളഞ്ഞത് സിപിഎമ്മിലെ ആരൊക്കെയായിരുന്നുവെന്നും കൃത്യമായി അറിയില്ല. ഒരു കാര്യം ഉറപ്പാണ്, അക്കൂട്ടത്തില്‍ ഇപ്പോഴത്തെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉണ്ടായിരുന്നിരിക്കാന്‍ യാതൊരു സാധ്യതയുമില്ല. കാരണം കോണ്‍ഗ്രസിനെ പിന്തുണക്കുന്ന ഭാഷയും ശരീരഭാഷയുമാണ് അന്നും ഇന്നും യെച്ചൂരിയുടേത്. അമേരിക്കയുമായുള്ള ആണവസഹകരണ കരാറിന്റെ പേരില്‍ ഒന്നാം യുപിഎ സര്‍ക്കാരിനുള്ള ഇടതുപാര്‍ട്ടികളുടെ പിന്തുണ പിന്‍വലിക്കാതിരിക്കാന്‍ വല്ലാതെ വിയര്‍പ്പൊഴുക്കിയതും, പാര്‍ട്ടി ആവശ്യപ്പെട്ടിട്ടും ലോക്‌സഭാ സ്പീക്കര്‍ സ്ഥാനത്തുനിന്ന് രാജിവയ്ക്കാതെ കോണ്‍ഗ്രസിനൊപ്പം നിലയുറപ്പിച്ച സോമനാഥ് ചാറ്റര്‍ജിയെ അനുകൂലിച്ചതും യെച്ചൂരിയായിരുന്നല്ലോ. ചരിത്രം ആവര്‍ത്തിക്കുകയാണ്. ജ്യോതിബസു കോണ്‍ഗ്രസ് പിന്തുണയോടെ പ്രധാനമന്ത്രിയാവുന്നതിനെ എതിര്‍ത്ത സിപിഎമ്മിലെ വിമതപക്ഷംതന്നെ യെച്ചൂരിക്കും വിനയാവുന്നു. ബംഗാളില്‍നിന്ന് യെച്ചൂരിയെ രാജ്യസഭയിലെത്തിക്കാന്‍ പിന്തുണയ്ക്കാമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടും സിപിഎമ്മിലെ കാരാട്ട് വിഭാഗം അതിനെ എതിര്‍ക്കുന്നു. സ്വന്തം പാര്‍ട്ടി പ്രതിനിധി എന്ന നിലയ്ക്ക് ഇന്ത്യയിലെ ഒരു സംസ്ഥാനത്തുനിന്നും യച്ചൂരിക്ക് രാജ്യസഭാ എംപിയാവാനുള്ള ഒഴിവ് ഇപ്പോഴില്ല. ഇതുകൊണ്ടാണ് 2017 ആഗസ്റ്റ് പതിനെട്ടിന് കാലാവധി അവസാനിക്കുന്ന മുറയ്ക്ക് ബംഗാളില്‍നിന്ന് കോണ്‍ഗ്രസിന്റെ സഹായത്തോടെ പാര്‍ലമെന്റിലെത്താന്‍ യെച്ചൂരി ശ്രമം നടത്തുന്നത്. ബംഗാള്‍ നിയമസഭയില്‍നിന്ന് ഒരംഗത്തെ രാജ്യസഭയില്‍ അയയ്ക്കാനുള്ള അംഗബലം കോണ്‍ഗ്രസിനുണ്ട്-44 എംഎല്‍എമാര്‍. യെച്ചൂരി മത്സരിക്കുന്നുണ്ടെങ്കില്‍ അവകാശവാദം ഉപേക്ഷിച്ച് പിന്തുണക്കാമെന്നാണ് കോണ്‍ഗ്രസിന്റെ വാഗ്ദാനം. 26 എംഎല്‍എ മാര്‍ മാത്രമുള്ള സിപിഎമ്മിന് സിപിഐയുടെ ഏക അംഗത്തിന്റെ പിന്തുണ ലഭിച്ചാലും വിജയം ഏറെ അകലെയാണ്. ഇടതു എംഎല്‍എമാര്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥിയെ പിന്തുണക്കുമെന്നായിരുന്നു ബംഗാളിലെ കോണ്‍ഗ്രസ് നേതൃത്വം വിചാരിച്ചിരുന്നത്. അപ്പോഴാണ് യെച്ചൂരിക്കുവേണ്ടി വഴിമാറിക്കൊടുക്കണമെന്ന് സോണിയ-രാഹുല്‍ ഹൈക്കമാന്റ് നിര്‍ദ്ദേശിച്ചത്. മമത ബാനര്‍ജി രണ്ടാമതും അധികാരത്തിലെത്തിയ 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കി ആ പാര്‍ട്ടിക്ക് 44 സീറ്റ് നേടിക്കൊടുത്തത് യെച്ചൂരിയാണല്ലോ. സ്വന്തം പാര്‍ട്ടിക്ക് ചിതയൊരുക്കിയും ഇങ്ങനെയൊരു ത്യാഗത്തിന് മുതിര്‍ന്ന നേതാവിന് പ്രത്യുപകാരം ചെയ്താല്‍ ഭാവിയില്‍ ഗുണകരമാവുമെന്ന ചിന്തയും കോണ്‍ഗ്രസിനുണ്ട്. കോണ്‍ഗ്രസിന്റെ തോളില്‍ ചവിട്ടി പ്രധാനമന്ത്രിയാവാന്‍ മോഹിച്ച ജ്യോതിബസുവിനെ വലിച്ചുതാഴെയിട്ടവര്‍ തന്നെയാണ് കോണ്‍ഗ്രസ് പിന്തുണയിലൂടെ രാജ്യസഭാ എംപിയാവാന്‍ ശ്രമിക്കുന്ന യെച്ചൂരിക്കും വിലങ്ങുതടി. യെച്ചൂരിയുടെ ശ്രമം വിജയിച്ചാലും ഇല്ലെങ്കിലും സിപിഎമ്മിന്റെ കോണ്‍ഗ്രസ് ദാസ്യം ഒരിക്കല്‍ക്കൂടി മറനീക്കി പുറത്തുവന്നിരിക്കുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാനുള്ള സിപിഎം ബംഗാള്‍ ഘടകത്തിന്റെ തീരുമാനത്തെ പാര്‍ട്ടി കേന്ദ്ര നേതൃത്വം എതിര്‍ക്കുകയാണെന്ന പ്രതീതിയാണ് തുടക്കത്തില്‍ സൃഷ്ടിക്കപ്പെട്ടത്. എന്നാല്‍ സമയമായപ്പോള്‍ ഈ എതിര്‍പ്പുകളൊക്കെ മാറ്റിവച്ച് കോണ്‍ഗ്രസ്-സിപിഎം സഖ്യം യാഥാര്‍ത്ഥ്യമാവുകയും, നിയമസഭാതെരഞ്ഞെടുപ്പില്‍ ഒന്നിച്ച് മത്സരിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ പാര്‍ട്ടി പരാജയപ്പെട്ടെങ്കിലും യെച്ചൂരി ജയിച്ചു! കാരണം കോണ്‍ഗ്രസിന് നില മെച്ചപ്പെടുത്താനായി. മൂന്നാംവട്ടവും രാജ്യസഭയിലേക്ക് മത്സരിക്കാനില്ലെന്ന് യെച്ചൂരി വ്യക്തമാക്കിയിട്ടുണ്ടെങ്കിലും അത് പാര്‍ട്ടിയിലും പുറത്തുമുള്ള വിവാദം തണുപ്പിക്കാന്‍ വേണ്ടിയാവണം. രണ്ടില്‍ കൂടുതല്‍ തവണ തുടര്‍ച്ചയായി രാജ്യസഭയിലേക്ക് മത്സരിക്കാന്‍ പാടില്ലെന്നാണത്രെ പാര്‍ട്ടി നയം. എന്നാല്‍ ഇതേ യെച്ചൂരി തന്നെയാണ് കോണ്‍ഗ്രസുമായി കൂട്ടുചേരാന്‍ പാടില്ലെന്ന പാര്‍ട്ടി കോണ്‍ഗ്രസ് നയം കാറ്റില്‍പ്പറത്തി ബംഗാളില്‍ ആ പാര്‍ട്ടിയുമായി പരസ്യമായ സഖ്യത്തിന് മുന്‍കയ്യെടുത്തത്. കോണ്‍ഗ്രസ് പിന്തുണയോടെ യെച്ചൂരി രാജ്യസഭയിലെത്തണമെന്നത് സിപിഎം ബംഗാള്‍ ഘടകത്തിന്റെ ആവശ്യമായി ചിത്രീകരിക്കപ്പെടുന്നെങ്കിലും യഥാര്‍ത്ഥത്തില്‍ അത് കോണ്‍ഗ്രസിന്റെ താല്‍പര്യമാണ്. നിയമസഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസുമായുള്ള സഖ്യം സിപിഎം ബംഗാള്‍ ഘടകത്തിന്റെ നിര്‍ദ്ദേശം മാത്രമാണെന്നും അത് പാര്‍ട്ടിയുടെ തീരുമാനമല്ലെന്നുമാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവരാന്‍ തുടങ്ങിയപ്പോള്‍ സിപിഎം കേന്ദ്ര നേതൃത്വം നിലപാടെടുത്തത്. എന്നാല്‍ ഒടുവില്‍ ഈ സഖ്യത്തിന് കേന്ദ്ര നേതൃത്വംതന്നെ അനുമതി നല്‍കി. ഇക്കാര്യം ചര്‍ച്ച ചെയ്ത കേന്ദ്ര കമ്മിറ്റിയില്‍നിന്ന് ഹരിയാനയില്‍നിന്നുള്ള അംഗം ജഗന്മതി സാങ്‌വാന്‍ വര്‍ഗവഞ്ചനയില്‍ പ്രതിഷേധിച്ച് ഇറങ്ങിപ്പോയി രാജിവയ്ക്കുകപോലുമുണ്ടായി. എന്നിട്ടും കോണ്‍ഗ്രസ് സഖ്യവുമായി മുന്നോട്ടുപോവുകയാണ് സിപിഎം ചെയ്തത്. കോണ്‍ഗ്രസിനെ അനുകൂലിക്കുന്ന ജനറല്‍ സെക്രട്ടറി എസ്.എ. ഡാങ്കേയുടെ നയത്തില്‍ പ്രതിഷേധിച്ച് അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍ കൗണ്‍സിലില്‍നിന്ന് ഇറങ്ങിപ്പോന്ന 32 പേര്‍ ചേര്‍ന്ന് രൂപീകരിച്ച പാര്‍ട്ടിയാണ് സിപിഎം. ഇതേ പാര്‍ട്ടിയാണ് കേന്ദ്രത്തില്‍ സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസിനെ പിന്തുണച്ചതും ബംഗാളില്‍ ഒറ്റക്കെട്ടായി മത്സരിച്ചതും. കോണ്‍ഗ്രസ് വിരോധത്തിന്റെ പേരില്‍ സിപിഐ നാഷണല്‍ കൗണ്‍സില്‍ വിട്ടവരില്‍ വി.എസ്. അച്യുതാനന്ദനുമുണ്ടായിരുന്നു. കോണ്‍ഗ്രസുമായി പാര്‍ട്ടി സഖ്യമുണ്ടാക്കിയ രണ്ട് ഘട്ടങ്ങളിലും ഇതേ വിഎസ് നിശ്ശബ്ദത പാലിച്ചു. കോണ്‍ഗ്രസുമായി തെരഞ്ഞെടുപ്പ് ധാരണയോ സഖ്യമോ പാടില്ലെന്നാണ് സിപിഎമ്മിന്റെ ഇരുപത്തിയാറാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ നയരേഖ പ്രഖ്യാപിച്ചത്. ഇതിനുനേരെ ബോധപൂര്‍വം കണ്ണടച്ച് ബംഗാളില്‍ തെരഞ്ഞെടുപ്പ് സഖ്യത്തിനായി കോണ്‍ഗ്രസിന് പിന്നാലെ പോയപ്പോള്‍ അന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയായ പിണറായി പറഞ്ഞത്, ഇക്കാര്യത്തില്‍ പാര്‍ട്ടിയുടെ ഉന്നതസമിതിയായ പാര്‍ട്ടി കോണ്‍ഗ്രസ് കൃത്യമായ നിലപാടെടുത്തിട്ടുണ്ടെന്നും കോണ്‍ഗ്രസിനെ എതിര്‍ക്കുന്ന നയത്തില്‍ യാതൊരു മാറ്റവുമില്ലെന്നാണ്. സിപിഎം ദേശീയ പാര്‍ട്ടിയാണെന്നും ഒരു സംസ്ഥാനത്തിനുവേണ്ടി പാര്‍ട്ടിയുടെ നയത്തില്‍ മാറ്റം വരുത്താനാനാവില്ലെന്നുമാണ് മറ്റ് ചില നേതാക്കള്‍ വ്യക്തമാക്കിയത്. എന്നാല്‍ ഈ അവകാശവാദങ്ങളെല്ലാം ഒറ്റയടിക്ക് തള്ളി ബംഗാളില്‍ സിപിഎം-കോണ്‍ഗ്രസ് സഖ്യം യാഥാര്‍ത്ഥ്യമായപ്പോള്‍ പ്രകാശ് കാരാട്ട് മുതല്‍ പിണറായിവരെയുള്ളവര്‍ മൗനം പാലിച്ചു. 2016 ല്‍ ഒരേ കാലയളവിലാണ് ബംഗാളിലും കേരളത്തിലും നിയമസഭാ തെരഞ്ഞെടുപ്പ് നടന്നത്. കേരളത്തില്‍ കോണ്‍ഗ്രസിനെതിരെ മത്സരിച്ച സിപിഎമ്മാണ് ബംഗാളില്‍ ആ പാര്‍ട്ടിക്കൊപ്പം മത്സരിച്ചത്. യാതൊരു തത്വദീക്ഷയുമില്ലാതെ നിര്‍ലജ്ജം ഈ ഇരട്ടത്താപ്പ് അംഗീകരിക്കുകയായിരുന്നു ഇവിടുത്തെ സിപിഎം. പാര്‍ട്ടിയെ കോണ്‍ഗ്രസിന്റെ കുറ്റിയില്‍ കൊണ്ടുപോയി കെട്ടാന്‍ ശ്രമിക്കുന്നവര്‍ കുറ്റിയും പറിച്ച് ഓടേണ്ടിവരും എന്ന് ഒരിക്കല്‍ ജ്യോതിബസുവിനെ വിമര്‍ശിച്ച വി.എസ്. അച്യുതാനന്ദന്‍ യെച്ചൂരിയുടെ കോണ്‍ഗ്രസ് പ്രേമത്തെ രണ്ടുകയ്യും പൊക്കി പിന്തുണക്കുകയായിരുന്നു. ഇരുപാര്‍ട്ടികളും തമ്മിലുള്ള ബന്ധം ചരിത്രപരമാണ്. 1964 ലെ പിളര്‍പ്പിനിടയാക്കിയ സാഹചര്യം സിപിഎം അന്നേ മറന്നുകളഞ്ഞു. ജവഹര്‍ലാല്‍ നെഹ്‌റുവിന് കീഴില്‍ സഖാക്കള്‍ സുരക്ഷിതരായിരുന്നു. ഇന്ദിരാഗാന്ധി 1975 ല്‍ കൊണ്ടുവന്ന അടിയന്തരാവസ്ഥയില്‍ ബംഗാളിലെ സഖാക്കളെ കോണ്‍ഗ്രസ് മുഖ്യമന്ത്രിയായ സിദ്ധാര്‍ത്ഥ ശങ്കര്‍ റേ ചുട്ടുതിന്നതൊന്നും പിന്നീട് സിപിഎമ്മിന് പ്രശ്‌നമായില്ല. ഇന്ദിരാഗാന്ധിയും ജ്യോതിബസുവും തമ്മില്‍ പല കാര്യങ്ങളിലും ധാരണയിലായിരുന്നു. മുഖ്യമന്ത്രിയായിരുന്ന 23 വര്‍ഷവും ഇന്ദിരാ ഗാന്ധിയുടെ ചിത്രം ബസുവിന്റെ ഓഫീസിലിരുന്ന് അര്‍ത്ഥഗര്‍ഭമായ പുഞ്ചിരി പൊഴിച്ചുകൊണ്ടിരുന്നു. ഇതേ പാര്‍ട്ടിയുടെ പിന്തുണ തേടി ബസു പ്രധാനമന്ത്രിയാവാന്‍ ശ്രമിച്ചതില്‍ യാതൊരു അസ്വഭാവികതയുമില്ല. e-mail: muralijnbi@gmail.com

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.