സ്വാതന്ത്ര്യത്തിന്റെ നിറം കറുപ്പോ?

Saturday 6 May 2017 8:41 am IST

തൊഴിലാളി പ്രേമംകൊണ്ട് വിജൃംഭിച്ചുപോയ പത്രമുതലാളി ആ ഒറ്റക്കാരണംകൊണ്ടാണ് അടിയന്തരാവസ്ഥക്കാലത്ത് അധികാരികള്‍ക്ക് മുന്നില്‍ മുട്ടിലിഴഞ്ഞത്. സത്യവും സമത്വവും സ്വാതന്ത്ര്യവുമൊക്കെ പരണത്ത് വച്ച് പത്രം അന്ന് ഏറാന്‍മൂളിയതിന്റെ കാരണം തിരക്കിയവരോട് പത്ര ഉടമസ്ഥര്‍ മൊഴിഞ്ഞത്, 'അടിയന്തരവസ്ഥയെ എതിര്‍ത്താല്‍ സ്ഥാപനം അടച്ചുപൂട്ടും. നൂറുകണക്കിന് തൊഴിലാളികളുടെ കഞ്ഞികുടി മുട്ടിപ്പോകും. അത് എങ്ങനെ സഹിക്കും' എന്നൊക്കെയാണ്. മുതലാളി തൊഴിലാളിപ്രേമം പുഴുങ്ങിക്കുത്തി പനമ്പ് വിരിച്ച് ഉണക്കാനിട്ട് കാക്ക കൊത്താതെ കാവലിരുന്ന അതേകാലത്ത് അഭിപ്രായത്തിനും ആവിഷ്‌കാരത്തിനും വിലക്കേര്‍പ്പെടുത്തിയതിനെതിരെ കലാപക്കൊടിയുമായി പത്രപ്രവര്‍ത്തകര്‍ രംഗത്തിറങ്ങിയിട്ടുണ്ട്. തൊഴിലാളിയല്ല, ധര്‍മ്മത്തിന്റെ സൂക്ഷിപ്പുകാരനാണ് പത്രപ്രവര്‍ത്തകന്‍ എന്നായിരുന്നു അത്തരക്കാരുടെ പ്രഖ്യാപനം. അന്ന് തൊഴിലാളിപ്രേമത്തിന്റെ കരിമ്പടമിട്ട് മുഖം മറച്ച പത്രം ഇക്കുറി മാധ്യമസ്വാതന്ത്ര്യദിനത്തില്‍ മുഖമാകെ കരിവാരിത്തേച്ച് വായനക്കാരെ മൊത്തത്തില്‍ പേടിപ്പിച്ചുകളഞ്ഞു. പത്രപ്രവര്‍ത്തനം ആവേശവും ആദര്‍ശവുമാക്കി ആ രംഗത്തേക്കു കടന്നുവന്ന ഒരുകൂട്ടം ആളുകളെ അരക്ഷിതജീവിതത്തിന്റെ അരികിലേക്ക് തള്ളിയിട്ടിട്ടാണ് സ്വാതന്ത്ര്യം ആഘോഷിക്കാനെന്ന പേരില്‍ ഈ കരിങ്കൊടിപ്രകടനം നടത്തിക്കളഞ്ഞത്. പാവം തൊഴിലാളികള്‍.. കരിപുരണ്ട ജീവിതങ്ങള്‍... പത്രം നടത്തിപ്പുകാരന്റെ എടുത്താല്‍പൊങ്ങാത്ത സ്വാതന്ത്ര്യബോധം കണ്ട് പകച്ചുപോയി. മുതലാളി കരിതേച്ച് വരച്ചുകാട്ടിയ സ്വാതന്ത്ര്യത്തിന്റെ നാനാര്‍ത്ഥങ്ങള്‍ തെരയുകയാണ് ഇപ്പോഴും അന്നത്തിനായി അതില്‍ കടിച്ചുതൂങ്ങാന്‍ വിധിക്കപ്പെട്ട കുറേ ജീവിതങ്ങള്‍. ദേശീയസ്വാതന്ത്ര്യത്തിന്റെ കൊടികെട്ടിയ പാരമ്പര്യത്തിന്റെ നേരവകാശികളെന്ന് അവിടെയും ഇവിടെയും ചായം തേച്ചുകാട്ടുമായിരുന്ന ആ കൂടാരത്തില്‍നിന്നാണ് കേരളത്തില്‍ പത്രപ്രവര്‍ത്തകന്റെ അവകാശത്തിനുവേണ്ടി ശബ്ദമുയര്‍ത്താന്‍ ഒരു സംഘടന രൂപംകൊള്ളുന്നത്. ആ സംഘടനയ്ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടാണ് ഇക്കുറി പത്രമുതലാളി മലയാളിയെ മുഴുവന്‍ കളിയാക്കും വിധം സ്വാതന്ത്ര്യദിനം ആഘോഷിച്ചത്. എന്താണാവോ വില്ലാളി 'വീരന്‍' ഉദ്ദേശിക്കുന്ന സ്വാതന്ത്ര്യമെന്ന് ഇനിയും വായനക്കാരില്‍ പലര്‍ക്കും പിടി കിട്ടിയിട്ടില്ല. സിഐഡി മനോജ് ആവര്‍ത്തിച്ച് വിളിച്ചുപറയുംപോലെ അടിയന്തരാവസ്ഥ പടിവാതിലില്‍ എത്തിയെന്ന ഓരിയിടലാവുമോ അത്. അതോ മുതലാളി എറിഞ്ഞുതന്നാല്‍ മാത്രം തിന്നുകൊള്ളണം എന്ന പേരുകേട്ട യജമാനനിയമത്തിന്റെ നടപ്പുശാസ്ത്രമോ? എന്തായാലും പത്രമാരണനിയമങ്ങള്‍ക്കുമുന്നില്‍ നാണമില്ലാതെ മുട്ടുകുത്തി വാലാട്ടിയിരുന്ന പാരമ്പര്യം കൈമുതലാക്കിയ ഈ മാധ്യമസ്വാതന്ത്ര്യഭീകരന്‍ കൊണ്ടുനടക്കുന്ന ഭാര്‍ഗവീ നിലയത്തില്‍ നിന്ന് നിലവിളിയൊച്ചകള്‍ മാത്രമേ കേള്‍ക്കുന്നുള്ളൂ. കാരണം തെരയുമ്പോള്‍ അറിയുന്നതത്രയും മര്‍ദ്ദകചൂഷകനിര്‍ദയഭരണത്തിന്റെ മാപ്പുകൊടുക്കാനാവാത്ത കൊടിയ കെടുതികളുടെ കഥയാണ്. അത് അവര്‍തന്നെ പറഞ്ഞുകേള്‍ക്കണം. ആ പേരുകേട്ട സ്വാതന്ത്ര്യത്തിന്റെ വീരഗാഥ ഇങ്ങനെയാണ് നീളുന്നത്, 'മതിയായ ശമ്പളം ചോദിച്ചാല്‍ തമ്പ്രാന്‍ കാലുമടക്കിയടിക്കും. സ്ഥലംമാറ്റമാണത്രെ. കൊഹിമയില്‍, അഗര്‍ത്തലയില്‍, ഇംഫാലില്‍, പെദപരിമിയില്‍, ഒരു ചായപ്പീടിക കാണണമെങ്കില്‍ കാതങ്ങള്‍ നടക്കേണ്ട ഏതെങ്കിലും കാട്ടുമുക്കില്‍, പേരുപോലും കേട്ടിട്ടില്ലാത്ത കുഗ്രാമങ്ങളില്‍...അവിടെയിരുന്നാണ് പാവം മലയാളദിനപ്പത്രത്തില്‍ സത്യവും സമത്വവും സ്വാതന്ത്ര്യവും വിളമ്പേണ്ടത്.' കാര്‍ട്ടൂണ്‍ വരച്ചാല്‍ തലവെട്ടിക്കളയുന്ന ആ പരമകാരുണികന്റെ പേരില്‍ വാര്‍ത്തയെഴുതിയവനെ ഒറ്റപ്പെടുത്തി ദിവസങ്ങളോളം മാപ്പുപറയുന്ന ആവിഷ്‌കാര ധീരത, പത്രക്കാരന്‍ സംഘടിക്കുന്നെങ്കില്‍ അത് സ്വന്തം സെല്ലില്‍ മതിയെന്ന സെല്‍ഭരണത്തിന്റെ നിഷ്‌കളങ്കത, യൂണിയന്‍ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിനും വിലക്ക്. ദോഷം പറയരുതല്ലോ, രണ്ട് മണിക്കൂര്‍ അധികം പണിയെടുത്താല്‍ കാന്റീന്‍ഭക്ഷണത്തിനുള്ള മഹത്തായ സ്വാതന്ത്ര്യവാഗ്ദാനം നല്‍കിയ ഉദാരത! പെന്‍ഷന്‍ നിര്‍ത്തലാക്കുകയും ജീവനക്കാരന്റെ ഗ്രാറ്റുവിറ്റിയില്‍ വരെ കയ്യിട്ടുവാരുകയും ചെയ്ത ഉടമയുടെ സ്വാതന്ത്ര്യമാണ് സ്വാതന്ത്ര്യം! അപ്പോള്‍ പിന്നെ ലോക മാധ്യമസ്വാതന്ത്ര്യദിനത്തില്‍ അതിന്റെ കുത്തകാവകാശപ്രഖ്യാപനം നടത്താന്‍ ഇതിലും കരുത്തുള്ള എവനെങ്കിലുമുണ്ടാകുമോ?

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.