ഹോസ്റ്റലില്‍ താമസിക്കാതെയും ഫിഷറീസ് സ്‌ക്കൂളില്‍ പഠിക്കാനവസരം

Friday 5 May 2017 9:41 pm IST

കോഴിക്കോട്: ഫിഷറീസ് ടെക്‌നിക്കല്‍ ഹൈസ്‌ക്കൂളുകളില്‍ അടുത്ത അധ്യയന വര്‍ഷം മുതല്‍ ഹോസ്റ്റല്‍ സൗകര്യം ഉപയോഗിക്കാതെ വീട്ടില്‍ നിന്നും പോയി വരാന്‍ താല്‍പ്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കും. 50% സീറ്റിലാണ് ഇത്തരത്തില്‍ പ്രവേശനം നല്‍കുക. ജില്ലയില്‍ ഫിഷറീസ് വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഗവ. റീജ്യണല്‍ ഫിഷറീസ് ടെക്‌നിക്കല്‍ ഹൈസ്‌ക്കൂള്‍ (ബോയ്‌സ്), ബേപ്പൂര്‍, ഗവ. റീജ്യണല്‍ ഫിഷറീസ് ടെക്‌നിക്കല്‍ ഹൈസ്‌ക്കൂള്‍ (ഗേള്‍സ്), കൊയിലാണ്ടി എന്നീ സ്‌കൂളുകളിലാണ് പ്രവേശനം ആരംഭിച്ചിട്ടുള്ളത്. മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് മത്സ്യശാസ്ത്രം ഉള്‍പ്പെടെയുള്ള വിഷയവും ഉള്‍പ്പെടുത്തി ഹൈസ്‌ക്കൂള്‍ വിദ്യാഭ്യാസം നല്‍കുന്ന സര്‍ക്കാര്‍ സ്ഥാപനമാണ് ഗവ. റീജ്യണല്‍ ഫിഷറീസ് ടെക്‌നിക്കല്‍ ഹൈസ്‌ക്കൂളുകള്‍. ബേപ്പൂരില്‍ ആണ്‍കുട്ടികള്‍ക്കുവേണ്ടിയും, കൊയിലാണ്ടിയില്‍ പെണ്‍കുട്ടികള്‍ക്കുവേണ്ടിയും സൗജന്യ ഹോസ്റ്റല്‍/ഭക്ഷണ സൗകര്യത്തോടെ ഫിഷറീസ് ടെക്‌നിക്കല്‍ ഹൈസ്‌ക്കൂളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഫിഷറീസ് ടെക്‌നിക്കല്‍ സ്‌ക്കൂളുകള്‍ ഉള്‍പ്പെടെ മത്സ്യത്തൊഴിലാളികളുടെ കുട്ടികള്‍ കൂടുതലായി പഠിക്കുന്ന സ്‌ക്കൂളുകളില്‍ കായികരംഗത്ത് കഴിവു വര്‍ദ്ധിപ്പിക്കുന്നതിനായി ആവശ്യമായ പ്രതേ്യക ഫണ്ടും അനുവദിച്ചിട്ടുണ്ട്. കോച്ചിന്റെ നിയമനം, സ്‌പോര്‍ട്‌സ് കിറ്റ് വാങ്ങല്‍, ഗ്രൗണ്ട് നവീകരണം, പ്രതേ്യക ഭക്ഷണങ്ങള്‍ എന്നിവയ്ക്കാണ് ഫണ്ട് അനുവദിച്ചിട്ടുള്ളത്. നിലവില്‍ ഫിഷറീസ് ടെക്‌നിക്കല്‍ ഹൈസ്‌ക്കൂളുകളില്‍ യൂണിഫോം, ടെക്സ്റ്റ്ബുക്ക് , നോട്ട് ബുക്ക് എന്നിവ സൗജന്യമായി നല്‍കുന്നുണ്ട്. കുട്ടികള്‍ക്ക് സൗജന്യ ചികിത്സാ സഹായം, ലൈബ്രറി, വിനോദ യാത്ര എന്നീ സൗകര്യങ്ങളുമുണ്ട്. മാര്‍ഷല്‍ ആര്‍ട്‌സ്, സംഗീതം, കല അഭിരുചികള്‍, സ്‌പോക്കണ്‍ ഇംഗഌഷ് എന്നിവയ്ക്ക് പ്രതേ്യക പരിശീലനം നല്‍കുന്നു. അടുത്ത അധ്യയന വര്‍ഷത്തില്‍ എട്ടാം ക്ലാസില്‍ പഠിക്കാന്‍ അര്‍ഹത നേടിയ വിദ്യാര്‍ത്ഥികളില്‍ നിര്‍ധനരായ മത്സ്യത്തൊഴിലാളികളുടെ മക്കളില്‍ താല്‍പര്യമുള്ളവര്‍ക്ക് രക്ഷാകര്‍ത്താക്കള്‍ മുഖേന ഗവ. റീജ്യണല്‍ ഫിഷറീസ് ടെക്‌നിക്കല്‍ ഹൈസ്‌ക്കൂളുകളില്‍ അപേക്ഷ സമര്‍പ്പിക്കാം. ഫോണ്‍: ബേപ്പൂര്‍: 04952415397, കൊയിലാണ്ടി: 04962630956.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.