കറുകച്ചാല്‍: കറുകച്ചാല്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൈപ്പുപൊട്ടി കുടിവെള്ളം പാഴാകുന്നത് നിത്യസംഭവമാകുന്നു. പരാതിയുണ്ടാകുമ്പോള്‍ പൈപ്പു നന്നാക്കുമെങ്കിലും ദിവസങ്ങള്‍ക്കകം പൈപ്പു വീണ്ടും പൊട്ടുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. വാകത്താനം ഭാഗത്തേയ്ക്കു വെള്ളമെത്തിക്കാന്‍ കുറ്റിക്കലില്‍ നിന്ന് ശക്തികൂട്ടി പമ്പു ചെയ്യുന്നതാണ് പലഭാഗങ്ങളിലും പൈപ്പുപൊട്ടുന്നതിന് കാരണമായി പറയുന്നത്. അധികൃതര്‍ ഇതിന് ശ്വാശ്വത പരിഹാരം കാണാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
നാടു മുഴുവന്‍ രൂക്ഷമായ ജലക്ഷാമം നേരിടുമ്പോഴാണ് ലക്ഷക്കണക്കിന് ലിറ്റര്‍ ജലം ദിവസേന നഷ്ടപ്പെടുന്നത്. കറുകച്ചാല്‍ എന്‍എസ്.എസ് റോഡിലും, കുറ്റിക്കല്‍ റോഡിലും സുബാഷ് റോഡിലുമാണ് പൈപ്പുപൊട്ടി വെള്ളം പാഴാകുന്നത്. കുറ്റിക്കല്‍ ജലസംഭരണിയില്‍ എത്തുന്ന വെള്ളം കറുകച്ചാല്‍- വാകത്താനം ഭാഗങ്ങളിലേയ്ക്ക് എത്തിക്കുന്ന പ്രധാന പൈപ്പുലൈനുകളാണ് ഇപ്പോള്‍ തകരാറിലായിരിക്കുന്നത്.
വാകത്താനത്തേയ്ക്കുള്ള പൈപ്പു ലൈനുകള്‍ എന്‍എസ്എസ് ജംഗ്ഷനില്‍ നിന്നും ചങ്ങനാശ്ശേരി-വാഴൂര്‍ റോഡിന് കുറുകെയാണ് സ്ഥാപിച്ചിരിക്കുന്നത്. ഈ ഭാഗത്ത് പൈപ്പ് തകരാറിലാകുന്നത് സ്ഥിരമാണെന്ന് നാട്ടുകാര്‍ പറയുന്നു. ഇതു മൂലം റോഡില്‍ മുഴുവന്‍ വെള്ളമാകുന്നത് വഴിയാത്രക്കാരെയും വാഹനങ്ങളെയും ഒരുപോലെ ബുദ്ധിമുട്ടിലാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: