കൊച്ചി മെട്രോ: സര്‍വീസിന് പച്ചക്കൊടി

Friday 5 May 2017 10:28 pm IST

കൊച്ചി: കൊച്ചി മെട്രോ റെയില്‍ സര്‍വീസിന് റെയില്‍വേ സേഫ്റ്റി കമ്മീഷണറുടെ പച്ചക്കൊടി. ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള 11 സ്റ്റേഷനുകളും പാളവും പരിശോധിച്ചശേഷമാണ് സേഫ്റ്റി കമ്മീഷണര്‍ കെ.എ. മനോഹരന്‍ സുരക്ഷാ സംവിധാനം തൃപ്തികരമെന്ന് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്. പ്രധാനമന്ത്രിയുടെ തീയതി ലഭ്യമായാല്‍ ഈ മാസം തന്നെ ഉദ്ഘാടനം നടത്താമെന്ന് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആര്‍എല്‍)അധികൃതര്‍ വ്യക്തമാക്കി. മെയ് മൂന്നുമുതലാണ് റെയില്‍വേ സേഫ്റ്റി കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയത്. പാളം, സിഗ്നല്‍ സംവിധാനം, യാത്രക്കാരുടെ സുരക്ഷാ സംവിധാനങ്ങള്‍, ഫയര്‍ ആന്റ് സേഫ്റ്റി സംവിധാനം തുടങ്ങിയവയെല്ലാം തൃപ്തികരമാണെന്ന് കമ്മീഷണര്‍ വ്യക്തമാക്കി. എന്നാല്‍, സ്റ്റേഷനുകളില്‍ സുരക്ഷാകാമറകള്‍ കൂടുതല്‍ സ്ഥാപിക്കണമെന്നും പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും കമ്മീഷണര്‍ നിര്‍ദേശിച്ചു. ചെന്നൈ, ബെംഗളൂരു മെട്രോ സ്‌റ്റേഷനുകളേക്കാള്‍ മികച്ച നിലവാരമുള്ളതാണ് കൊച്ചിയിലെ സ്‌റ്റേഷനെന്നും സേഫ്റ്റി കമ്മീഷര്‍ പറഞ്ഞു. സുരക്ഷാ പരിശോധനയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടും സര്‍ട്ടിഫിക്കറ്റും തിങ്കളാഴ്ച കെഎംആര്‍എല്ലിന് കൈമാറും. റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചിട്ടുള്ള കാര്യങ്ങള്‍ ഒരാഴ്ചയ്ക്കകം പൂര്‍ത്തിയാക്കി നല്‍കിയാല്‍ സര്‍വീസിന് അനുമതി ലഭ്യമാകും. കെഎംആര്‍എല്‍ എം.ഡി. ഏലിയാസ് ജോര്‍ജ്, സുരക്ഷാ പരിശോധനാ സംഘത്തിലുണ്ടായിരുന്ന ഇ. ശ്രീനിവാസ,ജി.പി. ഗാര്‍ഗ്, കെ.പി. പ്രകാശ്, എം.എന്‍. അദാനി, പ്രവീണ്‍ ഗോയല്‍, തിരുമന്‍ അര്‍ജുന്‍, എബ്രഹാം ഉമ്മന്‍ തുടങ്ങിയവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.