എവിടിയുടെ മരംമുറി ഹൈക്കോടതി സ്റ്റേ ചെയ്തു

Friday 5 May 2017 10:33 pm IST

തിരുവനന്തപുരം: തോട്ടഭൂമിയില്‍ നിന്നു മരംമുറിക്കാന്‍ എവിടി വാങ്ങിയെടുത്ത ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തു. 455 ഏക്കര്‍ വനഭൂമി കൈവശം വച്ചിരിക്കുന്നുവെന്നും തോട്ടഭൂമിയുടെ രേഖകള്‍ വ്യാജമാണെന്നും വിജിലന്‍സ് കണ്ടെത്തിയ പെരിനാട് എസ്റ്റേറ്റില്‍ നിന്നു മരംമുറിക്കാന്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ചില്‍ നിന്ന് എവിടി കമ്പനി അനുകൂല ഉത്തരവ് നേടുകയായിരുന്നു. ഈ ഉത്തരവിനെതിരെ പെരിനാട് എസ്റ്റേറ്റിലെ അതിപുരാതന ക്ഷേത്രമായ മഹാദേവി ശാസ്താ ക്ഷേത്രത്തിന് വേണ്ടി (കുറുങ്ങലില്‍ ഭഗവതി ക്ഷേത്രം) അഡ്വ. സേതുനാഥ് ഡിവിഷന്‍ ബെഞ്ചില്‍ സമര്‍പ്പിച്ച അപ്പീലിലാണ് ജസ്റ്റിസ് സുനില്‍ തോമസ്, അനില്‍ ശിവരാജന്‍ എന്നിവരടങ്ങിയ ബെഞ്ച് മരംമുറിക്കാനുള്ള അനുമതി സ്റ്റേ ചെയ്തത്. മേയ് 25 വരെയാണ് സ്റ്റേ. കേസില്‍ വാദം കേള്‍ക്കാനും കോടതി ഉത്തരവായി. ബ്രിട്ടീഷ് കമ്പനിയുടെ കൈവശമുണ്ടായിരുന്ന ഭൂമി വ്യാജരേഖകള്‍ ചമച്ച് എവിടി സ്വന്തമാക്കിയെന്നാണ് ആക്ഷേപം. കമ്പനിയുടെ കൈവശമുള്ള ചിറ്റാര്‍, പെരിനാട്, വെള്ളിനാട് എസ്റ്റേറ്റുകള്‍ അടങ്ങുന്ന ഭൂമി മുഴുവന്‍ സര്‍ക്കാര്‍ ഭൂമിയാണെന്നും കമ്പനി രേഖകള്‍ വജ്രമാണെന്നും മുന്‍സര്‍ക്കാര്‍ സ്‌പെഷ്യല്‍ പ്ലീഡര്‍ സുശീലഭട്ട് ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. മഹാദേവി ക്ഷേത്രത്തിലേക്കുള്ള വഴി തടഞ്ഞതിനെതിരായ ഹര്‍ജിയിലെ വിധിയും കമ്പനിക്കെതിരായിരുന്നു. തോട്ടഭൂമിയില്‍ നിന്നു മരം മുറിക്കുന്നത് സിംഗിള്‍ ബെഞ്ച് ജഡ്ജി മുഷ്താഖ് തടഞ്ഞിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.