ഗൃഹസ്ഥാശ്രമിയുടെ ധര്‍മ്മം

Saturday 6 May 2017 7:20 pm IST

മുഴുവന്‍ ജനസമുദായത്തിനും ആധാരവും അതിന്റെ താങ്ങും തൂണും ഗൃഹസ്ഥാശ്രമിയാകുന്നു. അയാളാണ് സമുദായത്തിലെ പ്രധാന സമ്പാദകന്‍. ദരിദ്രന്മാര്‍, ബലഹീനന്മാര്‍, സ്ത്രീകളും കുട്ടികളും ഇവരെല്ലാം ഗൃഹസ്ഥനെ ആശ്രയിച്ചു ജീവിയ്ക്കുന്നു. അതു കാരണം ഗൃഹസ്ഥന്‍ അവശ്യം അനുഷ്ഠിക്കേണ്ടതായി ഏതാനും കര്‍ത്തവ്യങ്ങളുണ്ട്. ഈ കര്‍ത്തവ്യങ്ങള്‍ ഗൃഹസ്ഥനു ചെയ്തു തീര്‍ക്കാന്‍ തക്ക ബലം തോന്നിക്കുന്നവയായിരിക്കണം: അല്ലാതെ തന്റെ ധര്‍മ്മത്തിനു നിരക്കാത്ത കാര്യങ്ങളാണ് താന്‍ ചെയ്യുന്നത് എന്നു തോന്നിപ്പിക്കരുത്. അതുകൊണ്ട് ഗൃഹസ്ഥന് ഒരു ദൗര്‍ബ്ബല്യം പറ്റിപ്പോയാലും, അയാള്‍ ഒരു തെറ്റു ചെയ്താലും, അങ്ങനെ വന്നുപോയി എന്ന് പരസ്യമായി പറയരുത്. താന്‍ ഏര്‍പ്പെട്ടിരിക്കുന്ന ഒരു കാര്യത്തില്‍ പരാജയം നിശ്ചയമാണെന്നു തനിക്കറിയാമെന്നുള്ളപ്പോള്‍ അതിനെപ്പറ്റിയും സംസാരിക്കരുത്. അങ്ങനെ ഉള്ളിലെ അവസ്ഥ പുറത്തുവിടുന്നത് ആവശ്യമില്ലാത്തതെന്നുമാത്രമല്ല, അതു മനുഷ്യന്റെ ബലം കെടുത്തി ന്യായമായ സ്വധര്‍മ്മാനുഷ്ഠാനത്തിന് അയാളെ അപ്രാപ്തനാക്കുകയും ചെയ്യും. എന്നാല്‍ എപ്പോഴും ഈ രണ്ടു വസ്തുക്കള്‍ സമ്പാദിക്കാന്‍ അയാള്‍ തീവ്രപ്രയത്നം ചെയ്തുകൊണ്ടിരിക്കണം ഒന്നാമതു ജ്ഞാനം; രണ്ടാമതു ധനം. ഇത് അയാളുടെ ധര്‍മ്മത്തില്‍പെട്ടതാകുന്നു, ധര്‍മ്മം നിര്‍വ്വഹിക്കാത്ത ഒരുവനെ പുരുഷനെന്ന് എണ്ണാവതല്ല. ധനസമ്പാദനത്തിനുവേണ്ടി അദ്ധ്വാനം ചെയ്യാത്ത ഗൃഹസ്ഥാശ്രമി അസദ്വൃത്തനാകുന്നു. അനേക ജനങ്ങള്‍ തന്നെ ആശ്രയിച്ചിരിക്കെ, പണിയെടുക്കാതെ അലസനായി കാലം കഴിച്ചു തൃപ്തിയടയുന്നവന്‍ അധര്‍മ്മചാരിതന്നെ. ഗൃഹസ്ഥനു ധനമുണ്ടാകുന്നപക്ഷം അതുമൂലം അനേകശതം ആളുകളെ പുലര്‍ത്താവുന്നതാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.