അഖില ഭാരത ഭാഗവത സത്രത്തിന് ഇന്ന് സമാപനം

Saturday 6 May 2017 9:16 pm IST

അമ്പലപ്പുഴ: അമ്പലപ്പുഴയില്‍ നടന്നുവരുന്ന 34-ാമത് അഖില ഭാരത ഭാഗവത മഹാസത്രത്തിന് ഇന്ന് സമാപനം. ക്ഷേത്ര നഗരിയെ ഉത്സവലഹരിയിലാക്കി നടന്ന ഭാഗവത സത്രത്തില്‍ പങ്കെടുക്കാന്‍ നാനാദേശങ്ങളില്‍ നിന്നായി ലക്ഷക്കണക്കിന് ഭക്തരാണ് അമ്പലപ്പുഴയിലെത്തിയത്. വിവിധ ദിവസങ്ങളിലായി വിവിധ വിഷയങ്ങളില്‍ പണ്ഡിതര്‍ പ്രഭാഷണം നടത്തി. ഇന്ന് രാവിലെ 11ന് നടക്കുന്ന സമാപന സമ്മേളനം ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം ഉദ്ഘാടനം ചെയ്യും. നാരായണീയ പാരായണ പുരസ്‌കാരം, നവയുവ ആചാര്യ പുരസ്‌കാരം എന്നിവ ഗവര്‍ണര്‍ വിതരണം ചെയ്യും. മന്ത്രി ജി. സുധാകരന്‍ അദ്ധ്യക്ഷനാകും. സത്ര സമിതി സെക്രട്ടറി ടി.ജി. പത്മനാഭന്‍ നായര്‍ സത്രസന്ദേശവും പ്രസിഡന്റ് എം.കെ. കുട്ടപ്പമേനോന്‍ സത്രവിളംബരവും നിര്‍വ്വഹിക്കും. എംപിമാരായ കെ.സി. വേണുഗോപാല്‍, ശശിതരൂര്‍ എന്നിവര്‍ ആശംസയര്‍പ്പിക്കും. സത്രവേദിയില്‍ ഭക്തരുടെ ലക്ഷം ബ്രഹ്മോപദേശം നേടാനുള്ള അധികാരിത്വം നേടുക എന്നതായിരിക്കണമെന്ന് ബ്രഹ്മോപദേശം എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തവെ ശരത് പി. നാഥ് പറഞ്ഞു. അനാചാരങ്ങളിലേക്ക് വഴുതിപോകുമ്പോള്‍ ബ്രഹ്മപ്രാപ്തിയില്‍ നിന്ന് നാം അകന്നുപോകുന്നു. മേഘം നമ്മുടെ കണ്ണുകളെ മറയ്ക്കുന്നതു പോലെ ബ്രഹ്മത്തില്‍ നിന്നുണ്ടായ മായ നമ്മുടെ ബുദ്ധിയെ മറയ്ക്കുന്നു. തീയും തിരിയും തീര്‍ന്നു കഴിയുമ്പോള്‍ ദീപത്വം ഇല്ലാതാകുന്നു. ആത്മാവിന്റെയും മനസ്സിന്റെയും സംയോഗം മുറിയുമ്പോള്‍ ദേഹത്വം തീരുന്നു. ശരീരമാണ് ഞാനെന്നും നമ്മള്‍ മരിക്കുമ്പോള്‍ ബന്ധുക്കള്‍ ദു:ഖിക്കുമെന്നുമൊക്കെ മായയില്‍പ്പെട്ട് നമുക്കു തോന്നുന്നു. ആത്മാവിന്റെ അമരത്വത്തെയും നിത്യതയും മനസ്സിലാക്കാനായിരിക്കണം നാം പ്രഭാഷണങ്ങള്‍ കേള്‍ക്കാന്‍. മായ ബ്രഹ്മത്തില്‍ നിന്നും നമ്മെ മറയ്ക്കുന്നു. മായയെ മറികടക്കാന്‍ നമുക്ക് സദ്ഗുരുവിനെയും ഭാഗവതത്തെയും ആശ്രയിക്കാമെന്നും അദ്ദേഹം പറഞ്ഞു. പുരോഹിതനെന്നാല്‍ ദേവനു മുന്നില്‍ ഹിതകരമായ കര്‍മ്മം ചെയ്യുന്നവെന്ന് ക്ഷേത്രാചാരം എന്ന വിഷയത്തില്‍ വടക്കന്‍ പറവൂര്‍ ജ്യോതിസ് പറഞ്ഞു. സത്രവേദിയില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പുരോഹിതന്‍ വേദവും സ്മൃതിയും പഠിച്ചവനും ആചാരങ്ങളില്‍ കൃത്യത പാലിക്കുന്നവനുമാകണമെന്നും അദ്ദേഹം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.