ചാമ്പ്യന്‍സ് ട്രോഫിക്ക് ഇന്ത്യയും; ടീമിനെ ഇന്ന് പ്രഖ്യാപിക്കും

Sunday 7 May 2017 10:16 pm IST

ന്യൂദല്‍ഹി: രണ്ടാഴ്ച നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ചാമ്പ്യന്‍സ്‌ട്രോഫിക്ക് അയയ്ക്കാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) തീരുമാനിച്ചു. ഇന്നലെ ചേര്‍ന്ന പ്രത്യേക പൊതുയോഗമാണ് തീരുമാനമെടുത്തത്. ചാമ്പ്യന്‍സ് ട്രോഫിക്കുളള ടീമിനെ ഇന്ന് പ്രഖ്യാപിക്കും. ചാമ്പ്യന്‍സ്‌ട്രോഫിയില്‍ നിന്ന് പിന്മാറില്ല. ഇന്ത്യ പങ്കെടുക്കും. ടീമിന്റെ പേരുവിവരം സംബന്ധിച്ച വിശദാംശങ്ങള്‍ ഇന്നു തന്നെ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലിന് (ഐസിസി) അയയ്ച്ചുകൊടുക്കുമെന്ന് യോഗത്തിനുശേഷം ഐപിഎല്‍ ഭരണനിര്‍വഹണ കമ്മിറ്റിയംഗം രാജീവ് ശുക്ല പറഞ്ഞു. ഐസിസിയുടെ പുതിയ സാമ്പത്തിക ഘടനയുമാലയി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ യോഗം സെക്രട്ടറി അമിതാബ് ചൗധരിയെ ചുമതലപ്പെടുത്തി. ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിക്കാനാണ് ഞങ്ങളുടെ ശ്രമം. ഐസിസിയുടെ പുതിയ ഭരണപരിഷ്‌ക്കാരവും സാമ്പത്തിക ഘനയും സംബന്ധിച്ച് ഒട്ടെറെക്കാര്യങ്ങള്‍ക്ക് പരിഹാരം കാണേണ്ടതുണ്ടെന്ന് ശുക്ല പറഞ്ഞു. ചാമ്പ്യന്‍സ്‌ട്രോഫിയില്‍ കളിക്കുന്നതുകൊണ്ട് ഐസിസിയുടെ പുതിയ പരിഷ്‌ക്കാരങ്ങള്‍ അംഗീകരിച്ചുയെന്ന് കരുതേണ്ട. വരുമാനം പങ്കിടുന്നതും പുതിയ ഭരണപരിഷ്‌ക്കാരവും പ്രശ്‌നം തന്നെയാണ്. ജൂണിലെ ഐസിസി വാര്‍ഷിക പൊതുയോഗം വരെ ചര്‍ച്ചകള്‍ തുടരുമെന്ന് അമിതാബ് ചൗധരി വെളിപ്പെടുത്തി. ഐസിസിയുടെ പുതിയ ഭരണപരിഷ്‌ക്കാരത്തെ തുടര്‍ന്നാണ് ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യന്‍ ടീമിന്റെ പങ്കാളിത്തത്തെക്കുറിച്ച് അനിശ്ചിതത്വമുണ്ടായത്. പുതിയ സാമ്പത്തിക ഘടന നിലവില്‍ വന്നതോടെ ഇന്ത്യയ്ക്ക് ഐസിസിയില്‍ നിന്ന് 29 കോടി ഡോളര്‍മാത്രമാണ് വരുമനവിഹിതമായി ലഭിക്കുക.നിലവില്‍ ഇന്ത്യയ്ക്ക് 57 കോടി ഡോളറാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. ബിസിസിഐയുടെ പ്രത്യേക യോഗത്തില്‍ ക്രിക്കറ്റിനെ മറന്നുകൊണ്ടുളള തീരുമാനമെടുക്കരുതെന്ന് സുപ്രീംകോടതി നിയോഗിച്ച ഇടക്കാല ഭരണസമിതി അംഗങ്ങള്‍ക്ക് മുന്നറിയിപ്പു നല്‍കിയിരുന്നു. ഇംഗ്ലണ്ടില്‍ അടുത്ത മാസം ഒന്നിന് തുടങ്ങുന്ന ടൂര്‍ണമെന്റില്‍ എട്ടു ടീമുകളാണ് മത്സരിക്കുക. നിലവിലുളള ചാമ്പ്യന്മാരായ ഇന്ത്യ തങ്ങളുടെ ആദ്യ മത്സരത്തില്‍ ജൂണ്‍ നാലിന് ചിരവൈരികളായ പാക്കിസ്ഥാനുമായി ഏറ്റുമുട്ടും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.