നമ്മുടെ സ്‌കൂളുകള്‍

Sunday 7 May 2017 8:10 pm IST

ആലപ്പുഴ: പുതിയ അദ്ധ്യയന വര്‍ഷം തുടങ്ങാന്‍ ഇനി ആഴ്ചകള്‍ മാത്രം, വിദ്യാര്‍ത്ഥികള്‍ക്കും, രക്ഷകര്‍ത്താക്കള്‍ക്കുമല്ല ആശങ്ക കൂടുതല്‍ അദ്ധ്യപകര്‍ക്കാണ്. പല സ്‌കൂളുകളിലും വിദ്യാര്‍ത്ഥികള്‍ കുറഞ്ഞാല്‍ അദ്ധ്യാപകരുടെ നില പരിതാപകരമാകും. വാഹനസൗകര്യം വരെ സൗജന്യമായി നല്‍കാമെന്ന് വാഗ്ദാനം നല്‍കി വിദ്യാര്‍ഥികളെ ചാക്കിട്ടുപിടിക്കാനുള്ള ശ്രമങ്ങളും കുറവല്ല, പൊതുവെ ജില്ലയുടെ തെക്കന്‍ പ്രദേശങ്ങളിലാണ് ഇത്തരം പ്രവണത കൂടുതല്‍. അണ്‍എയിഡഡ് സ്‌ക്കൂളുകളുടെ മത്സരം പൊതുവെ പരിധി വിടുന്നതാണ്. നീര്‍ക്കുന്നം യുപിഎസ്. കലവൂര്‍ എല്‍പിഎസ് തുടങ്ങിയ സര്‍ക്കാര്‍ സ്‌കൂളുകളില്‍ പ്രവേശനം ലഭിക്കണമെങ്കില്‍ എംഎല്‍എയുടെ വരെ ശുപാര്‍ശ വേണ്ടി വരുന്നുവെന്നത് തന്നെ സര്‍ക്കാര്‍ വിദ്യാലയങ്ങളുടെ മികവ് വ്യക്തമാക്കുന്നു. പരിമിതമായ സൗകര്യങ്ങളിലും ഇത്തവണ എസ്എസ്എല്‍സി പരീക്ഷയില്‍ മിന്നുന്ന പ്രകടനമാണ് ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളുകള്‍ നടത്തിയത്. എയിഡഡ് സ്‌ക്കൂളുകളും നിലവാരം കാത്തു. പിടിഎ, സ്‌കൂള്‍ മനേജ്‌മെന്റ് കമ്മറ്റികള്‍, ജനപ്രതിനിധികളുടെ ഇടപെടല്‍, തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളുടെ മേല്‍നോട്ടം എന്നിവ കാരണം ജില്ലയിലെ വിദ്യാലയങ്ങളുടെ ഭൗതികാവസ്ഥ പൊതുവെ മെച്ചപ്പെട്ടു തുടങ്ങി. മികവിന്റെ കേന്ദ്രങ്ങളായി സര്‍ക്കാര്‍ സ്‌ക്കൂളുകളെ മാറ്റാനുള്ള പരിശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്. ജില്ലയില്‍ സംസ്ഥാന സിലബസ് പ്രകാരം പ്രവര്‍ത്തിക്കുന്നത് 763 സ്‌കൂളുകളാണ്. ഇതില്‍ അണ്‍എയിഡഡ് സ്‌ക്കൂളുകള്‍ 45 ആണ്. ഹൈസ്‌കൂള്‍-196, യുപി-157, എല്‍പിഎസ്-410. പഴക്കമേറിയ കെട്ടിടങ്ങള്‍, ലാബില്‍ സൗകര്യങ്ങള്‍ കുറവ്, കാലാവധി കഴിഞ്ഞ കമ്പ്യൂട്ടറുകള്‍, വൃത്തിഹീനമായ ശൗചാലയങ്ങള്‍, കാടുപിടിച്ച പരിസരങ്ങള്‍ ഇതൊക്കയാണ് പല സ്‌കൂളുകളുടെയും മുഖമുദ്ര. ആലപ്പുഴ നിയോജക മണ്ഡലത്തിലെ മുഴുവന്‍ ഹൈസ്‌കൂളുകളെയും ആധുനികവല്‍ക്കരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങി കഴിഞ്ഞു. സംസ്ഥാനത്ത് തന്നെ സമ്പൂര്‍ണ സ്മാര്‍ട്ട് ക്‌ളാസ് റൂം സ്‌കൂളുകളുള്ള മണ്ഡലമായി ആലപ്പുഴ മാറി കഴിഞ്ഞു. എംഎല്‍എ ഫണ്ടും സ്‌കൂളുകളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.