അത്യുജ്വല തേജസ്

Monday 8 May 2017 12:07 pm IST

കേഡി ബാലനായി, സില്‍ക്ക് ബാലനായി 'ചെത്തി' നടന്ന ഭൂതകാലമുണ്ടായിരുന്നു പില്‍ക്കാലത്ത് വിശ്വവിശ്രുത സന്യാസിയായ സ്വാമി ചിന്മയാനന്ദനെന്ന് കേള്‍ക്കുമ്പോള്‍ പലരും വിശ്വസിക്കില്ല. ആ മാനസാന്തരത്തില്‍ സ്വാതന്ത്ര്യാനന്തര ഭാരതത്തിന് മാത്രമല്ല, ലോകത്തിന് മുഴുവന്‍ ഒരദ്ഭുതപ്രതിഭാസമായി സ്വാമി ചിന്മയാനന്ദന്‍. ഭാരതീയ സംസ്‌കൃതിയുടെ ആഴങ്ങളിലേക്ക് ചൂഴ്ന്നിറങ്ങി അതിന്റെ പരപ്പുകളില്‍ അവഗാഹം നേടി. അതുല്യമായ അന്തഃസത്ത സ്വജീവിതത്തില്‍ സാക്ഷാത്കരിച്ച്, ജീവന്മുകതനായി, സ്വയം പരാര്‍ത്ഥമായി ജീവിക്കാന്‍ സ്വാമികള്‍ തീരുമാനിച്ചു. അഭ്യസ്തവിദ്യരില്‍ വേരോടിയിരുന്ന ഭാരതീയതയോടുള്ള അവജ്ഞാ മനോഭാവത്തെ പിഴുതെറിയേണ്ട സമയമായിരിക്കുന്നുവെന്ന ബോധവും സ്വാമിജിയെ ശക്തമായി ഗ്രസിച്ചു. എന്നാല്‍ അതിനുവേണ്ട ശേഷി തനിക്കുണ്ടോ എന്നതിനെപ്പറ്റി അദ്ദേഹത്തിന് തുടക്കത്തില്‍ സന്ദേഹമുണ്ടായി. ഗംഗോത്രി തീര്‍ത്ഥസ്ഥാനത്ത് പവിത്ര നദിയായ ഗംഗയുടെ തീരത്തിരുന്ന് ധ്യാനിക്കുന്ന ശീലമുണ്ടായിരുന്ന സ്വാമിജിക്ക് ഒരിക്കല്‍ ഉള്‍വിളിയുണ്ടായി. 'സാധ്യമല്ലേ ഇത് തനിക്ക്?' സ്വാമിജി കണ്ണുതുറന്ന് താഴെ പാഞ്ഞൊഴുകുന്ന ഗംഗാനദിയില്‍ ദൃഷ്ടി കേന്ദ്രീകരിച്ചു. പൊടുന്നനെ ഉത്തരം മനസ്സില്‍ മുഴങ്ങി. 'തീര്‍ച്ചയായും, തനിക്ക് സാധിക്കും.' ഗംഗാമാതാവ് സ്വാനുഭവം സാക്ഷ്യപ്പെടുത്തുന്നതുപോലെ തോന്നി. ഗോമുഖില്‍ നിന്നുത്ഭവിച്ച് എണ്ണമറ്റ തടസ്സങ്ങളെ-മലകള്‍, കാടുകള്‍, പാറക്കെട്ടുകളെല്ലാം താണ്ടി, ഒഴുകുന്ന സ്ഥലത്തെയെല്ലാം ഫലഭൂയിഷ്ഠമാക്കി, പവിത്രമാക്കി ജനലക്ഷങ്ങളുടെ മനസ്സുകളെ പരിപൂതമാക്കി കുതിക്കുന്ന എന്നെ നീ നോക്കൂ, സന്ദേഹിക്കേണ്ട, നിനക്കു സാധിക്കും, സാധിക്കും, പോകൂ മുന്നോട്ട്, സധൈര്യം. ഒട്ടും താമസിച്ചില്ല, ഉപനിഷത്തുക്കളുടെയും ഗീതയുടെയുമൊക്കെ സാരം തനിക്കോതി തന്ന, മഹാതപസ്വിയും ജ്ഞാനികളില്‍ വിരഷ്ഠനുമായിരുന്ന തപോവന സ്വാമികളുടെ മുന്നില്‍ സാഷ്ടാംഗം നമസ്‌കരിച്ച് അദ്ദേഹത്തോട് കാര്യം ചര്‍ച്ച ചെയ്ത് അനുമതി തേടി. അദ്ദേഹം പറഞ്ഞത് സാധാരണ ജനങ്ങള്‍ക്ക് ഇതൊന്നും മനസ്സിലാവില്ല. അതിനാല്‍ അതിനൊന്നും പോവേണ്ട എന്നാണ്. എന്നാല്‍ ശിഷ്യനില്‍ മുറ്റിനിന്ന ആത്മവിശ്വാസവും അയാളില്‍ കണ്ട അനിതരസാധാരണമായ ബുദ്ധിശക്തിയും ആര്‍ജ്ജവവും നിശ്ചയദാര്‍ഢ്യവുമെല്ലാം ആ ഗുരുവില്‍ വീണ്ടുവിചാരത്തിന് വഴിയൊരുക്കി. അദ്ദേഹം അനുമതി നല്‍കി. അന്ന് ഹിമാലയമാകെ, ഭാരതത്തില്‍തന്നെ പലയിടങ്ങളിലും 'ഹിമവദ് വിഭൂതി'യെന്നറിയപ്പെട്ടിരുന്ന തപോവനസ്വാമികളുടെ അനുഗ്രഹാശിസ്സുകള്‍ വാങ്ങി യുവസന്യാസിയായ ചിന്മയാനന്ദ സ്വാമികള്‍ സമതലങ്ങളിലേക്കിറങ്ങി വന്നു. തൊട്ടുമുന്‍പ് അദ്ദേഹം തന്റെ ദീക്ഷാ ഗുരു ശിവാനന്ദ സ്വാമികളുടെ അനുഗ്രഹവും വാങ്ങി. രണ്ട് കയ്യും തലയില്‍ വച്ച് സ്വാമികള്‍ അനുഗ്രഹിച്ചു: മുന്നോട്ടു പോകൂ ചിന്മയ, ലോകത്തെമ്പാടും ആര്‍ഷസന്ദേശം വാരി വിതറൂ! സിംഹത്തെപ്പോലെ ഗര്‍ജ്ജിച്ച് ദ്വിഗ്വിജയം നേടൂ! ചിന്മയാനന്ദ സ്വാമികളുടെ ആദ്യ പ്രഭാഷണ പരമ്പര 1951 ഡിസംബര്‍ 31 ന് പൂനെയില്‍ ഗണപതി ക്ഷേത്രാങ്കണത്തില്‍ സമാരംഭിച്ചു. ആദ്യദിവസം ശുഷ്‌ക്കസദസ്സ്. പക്ഷെ സ്വാമി നിരാശനായില്ല. ദിവസങ്ങള്‍ ചെല്ലുന്തോറും ശ്രോതാക്കളുടെ എണ്ണം കൂടി. അധികം താമസിയാതെ ഹാള്‍ അപര്യാപ്തമായി. ജനങ്ങള്‍ മുക്കിലും മൂലയിലും വെളിയിലുമൊക്കെ നിന്നുകൊണ്ട് ആ വാഗ്‌ധോരണി സാകൂതം ശ്രവിച്ചു. 101-ാം ദിവസം സമാപിച്ചപ്പോഴേക്കും അതൊരു വന്‍വിജയമായി. പിന്നീട് സ്വാമികള്‍ 'ജ്ഞാനയജ്ഞം' എന്ന് നാമകരണം ചെയ്ത പ്രഭാഷണ പരമ്പരകള്‍ നാട്ടിലും നഗരത്തിലുമെല്ലാം വ്യാപകമാക്കി. തുടക്കത്തില്‍ ഉപനിഷത്തുക്കളില്‍ മാത്രം കേന്ദ്രീകരിച്ചു നടത്തിയ ജ്ഞാനയജ്ഞങ്ങള്‍ പിന്നീട് മുഖ്യമായി ഭഗവദ്ഗീതയിലേക്ക് തിരിഞ്ഞു. രണ്ടിന്റെയും പ്രമേയം ഒന്നുതന്നെയെങ്കിലും ഭഗവദ്ഗീത സാധാരണക്കാരുടെ ജീവിതായോധനാ സഹായിയാകാന്‍ പശ്ചാത്തലപരമായ ഒരാനുകൂല്യം നല്‍കുന്നതായി സ്വാമിജിക്ക് ബോധ്യപ്പെട്ടു. കുരുക്ഷേത്രത്തില്‍ വച്ചാണല്ലോ ഗീത ഉപദേശിക്കപ്പെട്ടത്. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ചിന്മയാനന്ദ സ്വാമികളുടെ ഗീതാപ്രഭാഷണം ലോകത്തെമ്പാടും ശ്രദ്ധേയമായി. പ്രത്യേകിച്ച് അഭ്യസ്തവിദ്യര്‍ ആയിരക്കണക്കിന് ആ പ്രഭാഷണങ്ങള്‍ കേള്‍ക്കാന്‍ കുതൂഹലരായി. യുവാക്കള്‍ ജ്ഞാനയജ്ഞശാലകളിലേക്ക് പ്രവഹിക്കാന്‍ തുടങ്ങി. ഭഗവദ്ഗീതയും ഉപനിഷത്തുക്കളുമൊക്കെ ഉന്നതതലങ്ങളിലും ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങി. സ്വാമികള്‍ വളരെ ദീര്‍ഘദൃഷ്ടിയോടെ പ്രായഭേദമെന്യേ സര്‍വരേയും ഉള്‍ക്കൊള്ളുന്ന വിധത്തില്‍ പരിപാടികള്‍ ആവിഷ്‌കരിച്ചു തുടങ്ങി. 1953 ല്‍ കുറേ ശിഷ്യന്മാരുടെയും അനുയായികളുടെയും ശ്രമഫലമായി ചിന്മയമിഷന്‍ രൂപീകൃതമായി. ആരംഭത്തില്‍ തന്റെ സ്വന്തം പേരില്‍ ഒരു മിഷന്‍ തുടങ്ങുന്നതിനെ സ്വാമികള്‍ നിരുത്സാഹപ്പെടുത്തി. എന്നാല്‍ ശിഷ്യന്മാര്‍ അദ്ദേഹത്തോട് പറഞ്ഞു: 'ചിന്മയ' എന്നാല്‍ ശുദ്ധജ്ഞാനം എന്നാണ്. ഗീതോപനിഷത്തുക്കളിലെ ശുദ്ധജ്ഞാനം ലോകോപകാരത്തിനായി പ്രചരിപ്പിക്കുന്ന പ്രസ്ഥാനത്തിന് ഇതിലും മെച്ചപ്പെട്ട വേറെ എന്തുപേര് നല്‍കും! അവസാനം സ്വാമികള്‍ ശിഷ്യന്മാരുടെ യുക്തിയുക്തവും ഭക്തിസ്‌നേഹാദരപൂര്‍വ്വവുമായ നിര്‍ബന്ധത്തിനു വഴങ്ങി അനുമതി നല്‍കി. അങ്ങനെ ചിന്മയമിഷന്‍ നിലവില്‍ വന്നു. തികഞ്ഞ ക്രാന്തദര്‍ശിത്വത്തോടുകൂടി, ഈ പ്രസ്ഥാനം തന്റെ കാലശേഷവും മുന്നോട്ടുകൊണ്ടുപോകാന്‍ വേണ്ട കരുക്കളും സ്വാമികള്‍ ഒരുക്കിക്കൊണ്ടിരുന്നു. 1963 ല്‍ ബോംബെയില്‍ പവ്വായി എന്ന സ്ഥലത്ത് 'സാന്ദീപനി സാധനാലയ' എന്ന ഹിന്ദു സെമിനാരി സ്ഥാപിതമായി. ബിരുദധാരികളും തല്‍പരരും നിസ്വാര്‍ത്ഥ സേവനത്തിനു സന്നദ്ധരുമായ യുവാക്കള്‍ക്ക് ഉപനിഷത്തുക്കളും ഭഗവദ്ഗീതയും ഇതര വേദാന്ത ഗ്രന്ഥങ്ങളുമൊക്കെ സൗജന്യമായി പഠിപ്പിച്ചുകൊടുത്ത് മിഷന്റെ കുടക്കീഴില്‍ പ്രവര്‍ത്തിക്കാന്‍ അവരെ സജ്ജരാക്കുന്ന ലോകത്തെ ഏക സ്ഥാപനമായി സന്ദീപനി സാധനാലയ. ആദ്ധ്യാത്മിക നവോത്ഥാന പ്രവര്‍ത്തനത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചുകൊണ്ട് 1966 ല്‍ സ്വാമിജി വിദ്യാഭ്യാസ മേഖലയിലും ചുവടുവച്ചു. ആദ്യ വിദ്യാലയം പാലക്കാട്ട് കൊല്ലങ്കോട് സ്ഥാപിതമായി. ഇന്നിപ്പോള്‍ കോളജുകളടക്കം 100ല്‍ അധികം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇന്ത്യയിലും വിദേശങ്ങളിലുമായി പ്രവര്‍ത്തിക്കുന്നു. അക്കാദമിക മികവും തികവും നേടുന്നതോടൊപ്പം തന്നെ മൂല്യബോധവും നല്‍കി വളരുന്ന തലമുറയുടെ ഭാവിജീവിതം ഭാസുരവും സാര്‍ത്ഥകവുമാക്കുന്ന വിദ്യാഭ്യാസ പദ്ധതിയാണ് വളരെ ദീര്‍ഘദൃഷ്ടിയോടുകൂടി സ്വാമിജി നടപ്പിലാക്കിയിരിക്കുന്നത്. ആതുരശുശ്രൂഷാ രംഗത്തും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലുമൊക്കെ ചിന്മയമിഷന്‍ സ്തുത്യര്‍ഹമായ രീതിയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ബെംഗളൂരുവിലെ 200 കിടക്കകളുള്ള സുസജ്ജമായ ഹോസ്പിറ്റലും ബോംബെയിലെ ഡയഗ്നോസ്റ്റിക് സെന്ററും, ദല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിച്ച് രാജ്യത്തിന്റെ പല ഭാഗത്തും ശ്രീലങ്കയിലേക്കും മറ്റും വ്യാപിച്ചിരിക്കുന്ന സ്ത്രീശാക്തീകരണ പരിപാടികള്‍, ഗ്രാമവികസന പദ്ധതികള്‍ എല്ലാം തിളക്കമാര്‍ന്ന സേവനമാണ് ചെയ്തുകൊണ്ടിരിക്കുന്നത്. 1993 ആഗസ്റ്റ് മൂന്നിന് മഹാസമാധിയടഞ്ഞ ചിന്മയാനന്ദ സ്വാമികളുടെ പ്രഭാവം അതിനുശേഷം പതിന്മടങ്ങ് വര്‍ധിച്ചതായി പില്‍ക്കാല സംഭവങ്ങളും നേട്ടങ്ങളുമെല്ലാം സാക്ഷ്യപ്പെടുത്തുന്നു. മഹാസമാധിക്കുശേഷം വത്സല ശിഷ്യനായ സ്വാമി തേജോമയാനന്ദ മിഷന്റെ ആഗോളമേധാവിയായി അവരോധിക്കപ്പെട്ടു. അതിനുശേഷം അഭൂതപൂര്‍വമായ വളര്‍ച്ചയാണ് പ്രസ്ഥാനത്തിനുണ്ടായത്. ഒരു കാലഘട്ടത്തിന്റെ ആദ്ധ്യാത്മിക സാംസ്‌കാരിക ആവശ്യങ്ങള്‍ മുന്‍കൂട്ടിക്കണ്ട് വരുംതലമുറകള്‍ക്കും പ്രയോജനപ്പെടും വിധത്തിലുള്ള പരിപാടികള്‍ വിഭാവനം ചെയ്ത് പ്രസ്ഥാനം പടുത്തുയര്‍ത്തി ലോകമെമ്പാടും പടര്‍ന്നുപന്തലിച്ചു നിര്‍ത്തി സ്വാമിജി. ഇരുപതാം നൂറ്റാണ്ടുകണ്ട ഭഗവദ്ഗീതയുടെ, നമ്മുടെ സംസ്‌കൃതിയുടെ, ഏറ്റവും ശക്തനായ വക്താവും പ്രയോക്താവുമായിരുന്നു സ്വാമി ചിന്മയാനന്ദ. ആ മഹാഗുരു പ്രചോദനാത്മകമായ സ്വജീവിതംകൊണ്ടും ഊര്‍ജ്ജസ്വലമായ പ്രവര്‍ത്തനംകൊണ്ടും എവിടെയും ഉയര്‍ത്തിക്കാട്ടാവുന്ന ഒരു ലോകമാതൃകയായി, ചൈതന്യ പുഞ്ജമായി വിരാജിക്കുകയാണ്. (ചിന്മയാമിഷന്‍ റീജണല്‍ ഹെഡ് ആണ് ലേഖകന്‍)

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.