നിയമവിരുദ്ധ ഉത്തരവുകള്‍ പാലിക്കാന്‍ ഉദ്യോഗസ്ഥര്‍ക്കു ബാദ്ധ്യതയില്ല

Sunday 21 May 2017 10:11 am IST

കേരള ഗസറ്റഡ് ഓഫീസേഴ്‌സ് സംഘ് സംസ്ഥാന സമ്മേളനം ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജേശേഖരന്‍ ഉദ്ഘാടനം ചെയ്യുന്നു. എം.ആര്‍. പ്രസാദ്, കമലാസനന്‍ കാര്യാട്ട്, അഡ്വ. എം.പി. ഭാര്‍ഗ്ഗവന്‍, പി. സുനില്‍കുമാര്‍, ബി. മനു, എസ്.കെ. ജയകുമാര്‍ സമീപം

ആലപ്പുഴ: മന്ത്രിമാരുടെ ഭരണഘടനാ വിരുദ്ധവും നിയമവിരുദ്ധവുമായ ഉത്തരവുകള്‍ പാലിക്കാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ബാദ്ധ്യതയില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കേരള ഗസറ്റഡ് ഓഫീസേഴ്‌സ് സംഘ് 21-ാം സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഭയപ്പെടുത്തിയും അടിച്ചമര്‍ത്തിയും ഉദ്യോഗസ്ഥരെ വരുതിയിലാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സത്യസന്ധതയും കാര്യക്ഷമതയും സാമര്‍ത്ഥ്യവുമുള്ള ഉദ്യോഗസ്ഥരെ പുലഭ്യം പറഞ്ഞ് ആത്മവീര്യം തകര്‍ക്കുകയാണ്. സത്യസന്ധരായ ഉദ്യോഗസ്ഥരെ ആര്‍എസ്എസ്സുകാരാണെന്ന് മുദ്രയടിക്കുന്നത് അഭിമാനിക്കാന്‍ വക നല്‍കുന്നതാണ്.

പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം സമസ്ത മേഖലകളിലും പരാജയപ്പെട്ട സര്‍ക്കാരിന്റെ വാര്‍ഷികമാണ്. ഈ സര്‍ക്കാരിന്റെ 12 മാസം 12 വീഴ്ചകളുടേതാണ്. തെറ്റുപറ്റിയെന്ന് ദിവസവും കുറ്റസമ്മതം നടത്തുന്ന മുഖ്യമന്ത്രി ഇടതു മുന്നണിയുടെ ദയനീയ ചിത്രമാണ് ജനങ്ങള്‍ക്കുമുന്നില്‍ അവതരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. എം.പി. ഭാര്‍ഗ്ഗവന്‍ മുഖ്യപ്രഭാഷണം നടത്തി. ഗസറ്റഡ് ഓഫീസേഴ്‌സ് സംഘ് സംസ്ഥാന പ്രസിഡന്റ് കമലാസനന്‍ കാര്യാട്ട് അദ്ധ്യക്ഷനായി. ഫെറ്റോ ജനറല്‍ സെക്രട്ടറി പി. സുനില്‍കുമാര്‍, എന്‍ജിഒ സംഘ് ജനറല്‍ സെക്രട്ടറി എസ്.കെ. ജയകുമാര്‍, എന്‍ടിയു സംസ്ഥാന സെക്രട്ടറി ജയചന്ദ്രന്‍, പെന്‍ഷനേഴ്‌സ് സംഘ് സംസ്ഥാന പ്രസിഡന്റ് പി. പ്രഭാകരന്‍ നായര്‍, മുനിസിപ്പല്‍ സംഘ് ജനറല്‍ സെക്രട്ടറി പി.കെ. സാബു, പിഎസ്‌സി എംപ്ലോയീസ് സംഘ് ജനറല്‍ സെക്രട്ടറി സജീവ് തങ്കപ്പന്‍, കെജിഒ സംഘ് സംസ്ഥാന സെക്രട്ടറിമാരായ ആര്‍. അയ്യപ്പന്‍, എന്‍.വി. ശ്രീകല, ബി. ജയപ്രകാശ് എന്നിവര്‍ സംസാരിച്ചു.

സാംസ്‌കാരിക സമ്മേളനം ആര്‍എസ്എസ് പ്രാന്തീയ കാര്യകാരി സദസ്യന്‍ വത്സന്‍ തില്ലങ്കേരിയും യാത്രയയപ്പു സമ്മേളനം ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ആശാമോളും ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. എന്‍. സോമന്‍ അദ്ധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ എം.ആര്‍. പ്രസാദ് സ്വാഗതവും കെജിഒ സംഘ് ജനറല്‍ സെക്രട്ടറി ബി. മനു നന്ദിയും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.