കൊച്ചി: കാന്‍സര്‍ ബാധിതനായ അദ്വൈതിന്റെ (9) വിമാനയാത്രയെന്ന സ്വപ്നം ഇന്നലെ കൊച്ചിയില്‍ പറന്നിറങ്ങി. ഏറ്റവും വലിയ ആഗ്രഹമായിരുന്നു വിമാന യാത്ര. വൈകിട്ട് 6:20ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കാണ് അദ്വൈത് പറന്നത്.
ആര്‍എംഎസ് എന്നറിയപ്പെടുന്ന രക്താര്‍ബ്ബുദമാണ് അദ്വൈതിന്. ആലപ്പുഴ ചേര്‍ത്തല കളവങ്കോടം സ്വദേശിയാണ്. അച്ഛന് ടി. എ. സുരേഷ്, അമ്മ ശാലിനി. കണ്ണമംഗലം രാജരാജേശ്വരി ഇംഗ്ലീഷ് മീഡിയം സ്കൂള്‍ വിദ്യാര്‍ത്ഥിയാണ്. കുഞ്ഞായിരിക്കെ രോഗം ബാധിച്ചു. ഇപ്പോള്‍ തിരുവനന്തപുരം ആര്‍സിസിയില്‍ ചികിത്സയിലാണ്. 21 കീമോയും 37 റേഡിയേഷനും കഴിഞ്ഞു. പൂര്‍ണമായും രോഗമുക്തനായില്ലെങ്കിലും ഇപ്പോള്‍ ഡോക്ടര്‍മാര്‍ക്കും വീട്ടുകാര്‍ക്കും പ്രതീക്ഷ ഏറിയിരിക്കുന്നു.
ജീവകാരുണ്യ സംഘടനയായ റീച്ച് വേള്‍ഡ് വൈഡിന്റെ ‘വണ്‍ മോര് വിഷ് ‘ എന്ന കാരുണ്യപ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് അദ്വൈതിന്റെ സ്വപ്നം സാക്ഷാത്കരിച്ചത്. അദ്വൈതിനെ യാത്രയാക്കാന്‍ റീച്ച് വേള്‍ഡ് വൈഡിന്റെ മുപ്പതോളം പ്രവര്‍ത്തകരെത്തിയിരുന്നു.
എയര്‍പോര്‍ട്ട് അധികൃതരും ഗ്രൗണ്ട് സ്റ്റാഫും അദ്വൈതിനെ എയര്‍പോര്‍ട്ടും പരിസരവും പരിചയപ്പെടുത്തി, പൈലറ്റ് നേരിട്ടു സ്വീകരിച്ച് കോക്പിറ്റില്‍ കൊണ്ടുപോയി. റീച്ച് വേള്‍ഡ് വൈഡ് സിഎഫ്ഒ: റോണക് മാത്യുവും ഛായാഗ്രാഹകന്‍ അനില്‍ വിജയും അദ്വൈതിന്റെ അമ്മ ശാലിനി. പി. എസും യാത്ര ചെയ്തു. യാത്രക്കു ശേഷം ആഗ്രഹം സാക്ഷാല്‍കരിച്ചതിന്റെ സന്തോഷം അദ്വൈത് പങ്കുവെച്ചു.
18 വയസ്സില്‍ താഴെയുളള രോഗാതുരരായ കുട്ടികളുടെ ആഗ്രഹസാക്ഷാത്ക്കാരത്തിന് അവസരമൊരുക്കുന്ന് ‘വണ്‍ മോര് വിഷ്’എന്ന പദ്ധതി സഹായിച്ച അമ്പതാമത്തെ കുട്ടിയാണ് അദ്വൈത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: