അവയവദാനത്തിനുള്ള നിയമം ലഘൂകരിക്കും - ആരോഗ്യമന്ത്രി

Tuesday 12 July 2011 2:59 pm IST

തിരുവനന്തപുരം: മനുഷ്യക്കടത്തിനും അവയവ കച്ചവടത്തിനുമെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി മന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. മസ്തിഷ്ക മരണം സംബന്ധിച്ചവരുടെ അവയവദാനം സാര്‍വത്രികമാക്കുന്നതിനെക്കുറിച്ചുള്ള നിയമനിര്‍മാണത്തിന് സര്‍ക്കാര്‍ ആലോചിച്ച് വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. അവയവദാനം പ്രോത്സാഹിപ്പിക്കുന്നതു സംബന്ധിച്ച നിയമം ലഘൂകരിക്കാന്‍ നടപടിയെടുക്കുമെന്നും ആരോഗ്യമന്ത്രി മന്ത്രി വ്യക്തമാക്കി. നിയമസഭയില്‍ അംഗങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി. നിലവില്‍ വൃക്കയും മറ്റു അവയവങ്ങളും ദാനം ചെയ്യാന്‍ നിയമത്തിലെ കാര്‍ക്കശ്യം തടസമാകുന്നു. അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ചെയര്‍മാനായ ഓതറൈസേഷന്‍ കമ്മിറ്റി നിലവിലുണ്ട്. ഈ കമ്മിറ്റി ശുപാര്‍ശ ചെയ്യുന്നവര്‍ക്കു മാത്രമേ അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രിക്രിയക്കു വിധേയരാകാന്‍ അനുമതിയുള്ളൂവെന്നു മന്ത്രി പറഞ്ഞു. ഇപ്പോഴത്തെ നിയമമനുസരിച്ചു വൃക്കദാനത്തിനുള്ള അനുമതി വൈകുന്നു. തടസ്സങ്ങള്‍ ഒഴിവാക്കുന്നതിനുള്ള നടപടി സ്വകീരിക്കുമെന്നും മന്ത്രി അറിയിച്ചു. മനുഷ്യക്കടത്ത് തടയുന്നതിന്റെ സംസ്ഥാന നോഡല്‍ ഓഫിസല്‍ ഓഫിസറായി കണ്ണൂര്‍ റെയ്ഞ്ച് ഡി.ഐ.ജി എസ്. ശ്രീജിത്തിനെ നിയമിച്ചിട്ടുണ്ട്. അന്യസംസ്ഥാനങ്ങളിലേക്കും അവിടങ്ങളില്‍ നിന്നു കേരളത്തിലേക്കുമുള്ള മനുഷ്യക്കടത്തു നിരീക്ഷിക്കാനും വിവരങ്ങള്‍ ശേഖരിക്കാനും എ.ഡി.ജി.പി ഇന്റലിജന്‍സിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി അറിയിച്ചു.