കള്ളക്കേസില്‍ കുടുക്കി യുവാവിനെ പോലീസ് സ്റ്റേഷനില്‍ തടഞ്ഞുവെച്ചു

Sunday 7 May 2017 10:27 pm IST

നാദാപുരം: കള്ളക്കേസില്‍ കുടുക്കി യുവാവിനെ സ്റ്റേഷനില്‍ മണിക്കൂറുകളോളം തടഞ്ഞു വെച്ചു. തുടര്‍ന്ന് ബിജെപി പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷന്‍ ഉപരോധിച്ചു. വാഹനം കൊണ്ട് ഇടിപ്പിക്കാന്‍ ശ്രമിച്ചു എന്ന കള്ള പരാതിയിലാണ് ബിജെപി പ്രവര്‍ത്തകനായ ഇയ്യംകോട് കിഴക്കയില്‍ അനിലിനെ ശനിയാഴ്ച രാത്രി നാദാപുരം പോലിസ്സ് കസ്റ്റഡിയിലെടുത്ത് പീഡിപ്പിച്ചത്. ശനിയാഴ്ച വൈകുന്നേരം അനില്‍ ഓടിച്ച ടിപ്പര്‍ റോഡരികിലൂടെ പോകുന്നവരെ ഇടിപ്പിക്കാന്‍ ശ്രമിച്ചു എന്നാണ് പരാതി. പരാതി കിട്ടിയപ്പോള്‍ തന്നെ പോലീസ് അനിലിനെ സഹോദരിയുടെ വീട്ടില്‍ നിന്ന് പിടികൂടിയിരുന്നു. എന്നാല്‍ ഇതെപ്പറ്റി പോലീസ് നടത്തിയ അന്വേഷണത്തില്‍ പരാതി വ്യാജമാണന്ന് തെളിഞ്ഞു. എന്നിട്ടും ഇന്നലെ ഉച്ചയായിട്ടും ഇയാളെ വിട്ടയക്കാന്‍ പോലിസ് തയ്യാറായില്ല. അനിലിനെ വിടുമെന്ന് പ്രതീക്ഷിച്ച് രാത്രി മുതല്‍ അനിലിന്റെ ഭാര്യയും മൂന്ന് കുട്ടികളും സ്റ്റേഷന്റെ വരാന്തയില്‍ ഭക്ഷണം പോലും കഴിക്കാതെ ഇരിക്കുകയായിരുന്നു. ഇതിനിടെ വിവരം അറിഞ്ഞ് സ്റ്റേഷനില്‍ എത്തിയ യുവമോര്‍ച്ച നേതാക്കളെ പോലീസ് ഭീഷണിപ്പെടുത്തിയതായും പരാതി ഉണ്ട്. വര്‍ഷങ്ങളായി തന്റെ കുടുംബത്തെ നിരന്തരം കേസില്‍ പെടുത്തുകയാണെന്നും തന്റെ ജീവിതമാര്‍ഗമായ ലോറി രണ്ട് തവണ അടിച്ച് തകര്‍ത്തതായും ഇവര്‍ പറയുന്നു. കേസ് ഇല്ലാത്തതിനാല്‍ അനിലിനെ വിട്ടയക്കണമെന്ന് ബിജെപി പ്രവര്‍ത്തകരുടെ ആവശ്യം പോലീസ് തള്ളിയതോടെയാണ് പ്രവര്‍ത്തകര്‍‌സ്റ്റേഷന് മുന്നില്‍ കുത്തിയിരുന്നത്. വൈകീട്ട് നാല് മണിയോടെ അനിലിനെ വിട്ടയച്ചെങ്കിലും വാഹനം വിട്ടു നല്‍കാന്‍ പോലിസ് തയാറായില്ല. സിപിഎം നേതാക്കളുടെ സമ്മര്‍ദ്ദം കാരണമാണ് പോലീസ് വാഹനം വിട്ടു നല്‍കാത്തതെന്നാണ് ആരോപണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.