പിന്നില്‍ ശിവന്‍കുട്ടിയും സിപിഎം ജില്ലാ സെക്രട്ടറിയും: ബിജെപി

Sunday 7 May 2017 10:36 pm IST

തിരുവനന്തപുരം: ഒ. രാജഗോപാല്‍ എംഎല്‍എയുടെ ഓഫീസ് ആക്രമിക്കപ്പെട്ടത് ആസൂത്രിത ഗൂഢാലോചനയുടെ ഫലമാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ എസ്. സുരേഷ്. പുറകില്‍ മുന്‍ എംഎല്‍എ വി. ശിവന്‍കുട്ടിയും സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനുമാണെന്ന് സുരേഷ് ആരോപിച്ചു. അക്രമികളെ എത്രയും വേഗം പിടികൂടണമെന്നും സുരേഷ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. നിയമസഭാ തിരഞ്ഞെടുപ്പിലെ ബിജെപി വിജയത്തില്‍ അസഹിഷ്ണുതപൂണ്ട സിപിഎം നേമം മണ്ഡലത്തിലുടനീളം ഒരുവര്‍ഷമായി അക്രമം അഴിച്ചുവിടുകയാണ്. ഇത് മണ്ഡലത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഒരാഴ്ചയായി എംഎല്‍എ ഓഫീസ് സ്ഥിതിചെയ്യുന്ന നീറമണ്‍കര, പാപ്പനംകോട്, വെള്ളായണി ഭാഗങ്ങളില്‍ സിപിഎം ആക്രമണം തുടര്‍ക്കഥയാണ്. അക്രമകാരികള്‍ക്ക് പോലീസ് ഒത്താശ ചെയ്യുന്നു. പരാതി നല്‍കിയാലും നടപടി എടുക്കുന്നില്ല. എന്നാല്‍ സിപിഎം നേതാക്കളുടെ നിര്‍ദ്ദേശാനുസരണം ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാവകുപ്പു ചുമത്തി കള്ളക്കേസ് എടുക്കുന്നു. ജില്ലയിലെ ബിജെപിയുടെ വളര്‍ച്ച തടയാന്‍ ആസൂത്രിത ഗൂഢാലോചനയിലൂടെ സിപിഎം അക്രമം പ്രോത്സാഹിപ്പിക്കുകയാണെന്നും സുരേഷ് പറഞ്ഞു. ബിജെപി കൗണ്‍സിലര്‍മാരും എംഎല്‍എയും നടപ്പാക്കിവരുന്ന വികസനപ്രവര്‍ത്തനങ്ങളുടെ വിശദവിവരങ്ങളടങ്ങിയ ഫഌക്‌സ് ബോര്‍ഡുകളും ബാനറുകളും സിപിഎം വ്യാപകമായി നശിപ്പിക്കുകയാണ്. കാലടി സ്‌കൂളിന് എംഎല്‍എ ഫണ്ടില്‍ നിന്ന് രാജഗോപാല്‍ അഞ്ചുകോടിരൂപ അനുവദിച്ചെങ്കിലും സിപിഎം നേതാക്കളും പിടിഎയും ചേര്‍ന്ന് അട്ടിമറിച്ചു. കരുമം സ്‌കൂളിലും സമാനരീതിയില്‍ എംഎല്‍എ ഫണ്ട് വിനിയോഗിച്ചില്ല. ഇടതുസംഘടനകളില്‍പ്പെട്ട ഉദ്യോഗസ്ഥരെ ഉപയോഗിച്ച് നേമം മണ്ഡലത്തിലെ വികസനപ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാക്കാന്‍ ശിവന്‍കുട്ടി ചരടുവലിക്കുന്നുണ്ടെന്നും സുരേഷ് കുറ്റപ്പെടുത്തി. ചൊവ്വാഴ്ച നേമം മണ്ഡലത്തിലെ 11 ബിജെപി കൗണ്‍സിലര്‍മാരും ബൂത്ത് തലം മുതല്‍ ജില്ല വരെയുള്ള നേതാക്കളും പാപ്പനംകോട് ജംഗ്ഷനില്‍ സത്യഗ്രഹ സമരം നടത്തും. ഒ. രാജഗോപാല്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. ജനങ്ങളുടെ സമാധാനജീവിതം തകര്‍ക്കുന്ന അക്രമങ്ങളില്‍ നിന്ന് സിപിഎം എത്രയുംവേഗം പിന്തിരിയണമെന്നും അല്ലാത്തപക്ഷം ശക്തമായ ജനകീയപ്രക്ഷോഭം നേരിടേണ്ടിവരുമെന്നും സുരേഷ് മുന്നറിയിപ്പു നല്‍കി. ജില്ലാ ജനറല്‍സെക്രട്ടറി പാപ്പനംകോട് സജിയും പങ്കെടുത്തു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.