ഒ. രാജഗോപാലിന്റെ ഓഫീസ് തകര്‍ത്തു

Sunday 21 May 2017 3:37 pm IST

അക്രമികള്‍ തകര്‍ത്ത ഓഫീസ് ഒ. രാജഗോപാല്‍ എംഎല്‍എ സന്ദര്‍ശിക്കുന്നു. കൗണ്‍സിലര്‍മാരായ പാപ്പനംകോട് സജി, തിരുമല അനില്‍, ആശാനാഥ്
തുടങ്ങിയവര്‍ സമീപം

തിരുവനന്തപുരം: ബിജെപി എംഎല്‍എ ഒ. രാജഗോപാലിന്റെ ഓഫീസ് അടിച്ചു തകര്‍ത്തു. നേമം നിയോജക മണ്ഡലത്തില്‍ നീറമണ്‍കര എന്‍എസ്എസ് കോളേജ് റോഡില്‍ അടുത്തിടെ ഉദ്ഘാടനം ചെയ്ത ഓഫീസാണ് തകര്‍ത്തത്. ഇന്നലെ പുലര്‍ച്ചെ ഒരു മണിയോടെ മൂന്നു ബൈക്കുകളിലായി എത്തിയ അഞ്ചംഗ സംഘമാണ് ആക്രമണം നടത്തിയത്.

ശനിയാഴ്ച രാത്രി പന്ത്രണ്ടു മണി വരെ ബിജെപി ജില്ലാ നേതാക്കള്‍ ഈ ഓഫീസിലുണ്ടായിരുന്നു. ഇവര്‍ പോയ ശേഷമായിരുന്നു ആക്രമണം. ഓഫീസിന്റെ ജനല്‍ ചില്ലുകള്‍ കല്ലെറിഞ്ഞ് ഉടച്ച അക്രമികള്‍ മുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന സ്വകാര്യ കാറിന്റെ ചില്ലുകളും അടിച്ചു തകര്‍ത്തു. എംഎല്‍എയുടെ ഓഫീസ് എന്നെഴുതിയ ഫ്‌ളക്‌സ് ബോര്‍ഡും നശിപ്പിച്ചു.

സംഭവത്തിനു പിന്നില്‍ സിപിഎം ആണെന്ന് കരുതുന്നു. ഒരാഴ്ചയായി നേമം മണ്ഡലത്തിലുള്‍പ്പെടുന്ന പാപ്പനംകോട്, വെള്ളായണി, കരമന പ്രദേശങ്ങളില്‍ സിപിഎം അഴിച്ചുവിട്ട അക്രമങ്ങളുടെ തുടര്‍ച്ചയാണ് ഈ സംഭവമെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു.
സ്ഥലത്തെത്തിയ ഒ. രാജഗോപാല്‍ പോലീസ് മേധാവി സെന്‍കുമാറിനെ വിളിച്ച് പരാതി അറിയിച്ചു. നിഷ്പക്ഷമായി അന്വേഷിച്ച് യഥാര്‍ഥ കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഓഫീസ് തകര്‍ത്ത സംഭവത്തില്‍ സ്പീക്കര്‍ക്ക് പരാതി നല്‍കുമെന്നും രാജഗോപാല്‍ പറഞ്ഞു.

മണ്ഡലത്തില്‍ വ്യാപകമായി ബിജെപിയുടെ കൊടിതോരണങ്ങളും ഫ്‌ളക്‌സ് ബോര്‍ഡുകളും സിപിഎമ്മുകാര്‍ നശിപ്പിക്കുകയാണ്. കൗണ്‍സിലര്‍മാര്‍ ഉള്‍പ്പെടെയുള്ളവരെ ആക്രമിക്കുന്നു. അതിന്റെ തുടര്‍ച്ചയാണ് എംഎല്‍എ ഓഫീസ് ആക്രമണം. പ്രകോപനം സൃഷ്ടിച്ച് സംഘര്‍ഷാവസ്ഥ ഉണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പിനുള്ള ഗൂഢാലോചനയാണ് ഇതിനു പിന്നില്‍, രാജഗോപാല്‍ ആരോപിച്ചു.

ബിജെപിയുടെ കുന്നുകുഴിയിലെ സംസ്ഥാന കമ്മിറ്റി ഓഫീസിനു നേരെയും രാത്രിയില്‍ ബോംബെറിഞ്ഞിരുന്നു. സംഭവത്തിലെ പ്രതികളെ പിടികൂടാനായിട്ടില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.