ഓഫീസ് ആക്രമണം; സിപിഎം ഗൂഢാലോചനയുടെ ഫലം: ഒ. രാജഗോപാല്‍

Sunday 7 May 2017 10:55 pm IST

തിരുവനന്തപുരം: എംഎല്‍എ ഓഫീസിനു നേരെ നടന്ന അക്രമണം ഗൂഢാലോചനയുടെ ഫലമാണെന്ന് ഒ. രാജഗോപാല്‍ എംഎല്‍എ. നേമം നിയോജകമണ്ഡലത്തിന്റെ എംഎല്‍എ ഓഫീസ് ഉദ്ഘാടനം ചെയ്ത് ദിവസങ്ങള്‍ക്കുള്ളിലാണ് ആക്രമണം നടന്നത്. ബിജെപിയുടെ കുന്നുകുഴിയിലെ സംസ്ഥാന കമ്മിറ്റി ഓഫീസിനുനേരെ ബോംബെറിഞ്ഞതും ഉദ്ഘാടനം കഴിഞ്ഞ് അധികനാള്‍ ആകുന്നതിന് മുമ്പാണ്. ഈ സംഭവത്തിലെ പ്രതികളെ ഇതുവരെയും പോലീസിന് പിടികൂടാനായിട്ടില്ല. ബിജെപി ഓഫീസുകള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേരെയുണ്ടാകുന്ന നിരന്തര അക്രമണം ഗൂഢാലോചനയുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. പാപ്പനംകോടും സമീപ പ്രദേശങ്ങളും കേന്ദ്രീകരിച്ച് സമീപകാലത്ത് നിരവധി ആക്രമണങ്ങള്‍ സിപിഎം അഴിച്ചു വിട്ടു. വെള്ളായണി ക്ഷേത്രത്തില്‍ മൂന്നു വര്‍ഷത്തില്‍ ഒരിക്കല്‍ നടക്കുന്ന ഉത്സവത്തില്‍ എല്ലാ വര്‍ഷവും ഹൈന്ദവതയുടെ പ്രതീകമായ ദേവിയുടെ ചിത്രം ആലേഖനം ചെയ്ത കാവിക്കൊടികളും തോരണങ്ങളും കെട്ടാറുണ്ട്. ഇത്തവണ അന്യമതസ്ഥരായ ചെറുപ്പകാര്‍ ഡിവൈഎഫ്‌ഐയുടെ കൊടികെട്ടി ബോധപൂര്‍വം സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിച്ചു. ഇതുപോലെ മാര്‍ക്‌സിസ്റ്റ് അനുഭാവികള്‍ ഭരണ സമിതിയിലുള്ള പാപ്പനംകോട് പട്ടാരത്ത് ചാമുണ്ഡി ക്ഷേത്രത്തില്‍ മുമ്പെങ്ങും ഇല്ലാത്ത തരത്തില്‍ വിളക്കുകെട്ട് എഴുന്നെള്ളിപ്പ് നടത്തി. വിളക്കുകെട്ട് കൊണ്ടുപോകുന്നതിനിടെ ആസൂത്രിതമായി ഭക്തജനക്കൂട്ടത്തിന് നേരെ ആക്രമണം അഴിച്ചുവിട്ടു. ഈ ആക്രമണം തടയാന്‍ ശ്രമിച്ച പോലീസുകാര്‍ക്കും നിരവധി ഭക്തര്‍ക്കും പരിക്കേറ്റു. ഇതുപോലെ കരമന, കാലടി ഉള്‍പ്പടെയുള്ള നിരവധി പ്രദേശങ്ങളില്‍ സിപിഎം ആക്രമണം അരങ്ങേറുകയാണെന്നും രാജഗോപാല്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.