നീറ്റെഴുതിയത് 1.2 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍

Sunday 21 May 2017 3:53 pm IST

നീറ്റ് പരീക്ഷ കഴിഞ്ഞ് തിരുവനന്തപുരത്ത് പട്ടം ആര്യ സെന്‍ട്രല്‍ സ്‌കൂളില്‍ നിന്നു പുറത്തേക്ക് വരുന്ന വിദ്യാര്‍ത്ഥികള്‍

തിരുവനന്തപുരം: കനത്ത സുരക്ഷാ ക്രമീകരണങ്ങള്‍ക്കിടയില്‍ മെഡിക്കല്‍, ഡെന്റല്‍ പ്രവേശനത്തിനുള്ള നീറ്റ് ഏകീകൃത പരീക്ഷ രാജ്യത്തെ വിവിധ കേന്ദ്രങ്ങളില്‍ നടന്നു. ഒരു ലക്ഷത്തി ഇരുപതിനായിരത്തിലധികം വിദ്യാര്‍ഥികളാണ് സംസ്ഥാനത്ത് പരീക്ഷ എഴുതിയത്. കോപ്പിയടി തടയുകയെന്ന ലക്ഷ്യത്തോടെ ഏര്‍പ്പെടുത്തിയ കര്‍ശന സുരക്ഷ ഒരുക്കിയാണ് വിദ്യാര്‍ത്ഥികളെ ഹാളിനുള്ളില്‍ പ്രവേശിപ്പിച്ചത്.

കേരളത്തില്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, തൃശൂര്‍, കണ്ണൂര്‍ നഗരങ്ങളിലാണ് പരീക്ഷ നടന്നത്. മെഡിക്കല്‍, ഡെന്റല്‍ പ്രവേശനത്തിന് നീറ്റ് നിര്‍ബന്ധമാക്കിയ ശേഷം നടന്ന ആദ്യ പരീക്ഷയായിരുന്നു ഇന്നലത്തേത്. രാജ്യത്തെ 52,305 എംബിബിഎസ്, ബിഡിഎസ് സീറ്റുകളിലേക്കാണ് പ്രവേശനം. 11,35,104 വിദ്യാര്‍ത്ഥികളാണ് പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തിരുന്നത്. സര്‍ക്കാര്‍, സ്വാശ്രയ കോളേജുകളിലും കല്‍പ്പിത സര്‍വ്വകലാശാലയിലുമായി സംസ്ഥാനത്താകെ 4050 എംബിബിഎസ് സീറ്റുകളും 840 ബിഡിഎസ് സീറ്റുകളുമാണുള്ളത്.

സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് രാജ്യത്താകമാനം നീറ്റ് ഏകീകൃത പ്രവേശനപരീക്ഷ നടന്നത്. പരീക്ഷയില്‍ ക്രമക്കേടുകളും കോപ്പിയടിയും തടയുകയെന്ന മുന്നൊരുക്കങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കിയത്. പ്രത്യേക ഡ്രസ്‌കോഡ് പരീക്ഷാര്‍ഥികള്‍ക്ക്‌നിര്‍ദ്ദേശിച്ചിരുന്നു. വലിയബട്ടണുകളും ചിത്രങ്ങളും ബാഡ്ജുകള്‍ പോലെ തോന്നിക്കുന്ന വസ്തുക്കളുമുള്ള വസ്ത്രങ്ങള്‍ ധരിക്കരുതെന്ന് നിര്‍ദ്ദേശമുണ്ടായിരുന്നതിനാല്‍ മുന്‍കരുതൃലോടെയാണ് മിക്കവരും പരീക്ഷക്കെത്തിയത്. വാച്ചുകളും ആഭരണങ്ങളും ധരിക്കാന്‍ അനുമതിയില്ലായിരുന്നു.

അഖിലേന്ത്യാടിസ്ഥാനത്തിലുള്ള ഒറ്റ പരീക്ഷയുടെ സമ്മര്‍ദ്ദമൊന്നും വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമുണ്ടായിരുന്നില്ല. ഫിസിക്‌സ് അല്പം പ്രയാസമായിരുന്നെങ്കിലും ബയോളജി എളുപ്പമായിരുന്നുവെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. ജൂണ്‍ എട്ടിന് ഫലം പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.