കണ്ണൂരില്‍ പിടിയിലായത് വീട്ടുപുലിയെന്ന് സംശയം: അന്വേഷണം തുടങ്ങി

Sunday 7 May 2017 11:09 pm IST

കണ്ണൂര്‍: കഴിഞ്ഞമാസം കണ്ണൂരില്‍ സാഹസികമായി ഫോറസ്റ്റ് അധികൃതര്‍ മയക്കുവെടി വെച്ച് പിടികൂടിയ പുലി കാട്ടുപുലിയോ വീട്ടുപുലിയോ എന്ന കാര്യത്തില്‍ സംശയമുയര്‍ന്നതോടെ ഉന്നത അധികൃതര്‍ അന്വേഷണം തുടങ്ങി. മാര്‍ച്ച് അഞ്ചിനാണ് കണ്ണൂര്‍ സിറ്റി തായത്തെരുവില്‍ വെച്ച് പുലിയെ പിടികൂടിയത്. നെയ്യാറ്റിന്‍കര മൃഗസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയ പുലി ഇരയെ വേട്ടയാടിപ്പിടിക്കാന്‍ മടിക്കുകയും ആടുകളുമായി ചങ്ങാത്തം കൂടുകയും ചെയ്തതോടെയാണ് ഫോറസ്റ്റ് അധികൃതര്‍ക്ക് പുലിയില്‍ സംശയം ജനിച്ചത്. ഈ മേഖലയില്‍ ഏതോ വ്യക്തി രഹസ്യമായി വളര്‍ത്തുന്ന പുലിയാണിതെന്നാണ് സംശയം. കൂടിനുള്ളില്‍ നിന്നും ഏതെങ്കിലും സാഹചര്യത്തില്‍ പുറത്തുചാടിയതാവാം ഇതെന്നും പറയപ്പെടുന്നു. പുലി കാട്ടില്‍ വളര്‍ന്ന ലക്ഷണങ്ങളൊന്നും കാട്ടാത്തതിനാല്‍ രണ്ട് മാസമായിട്ടും കാട്ടിലേക്ക് തുറന്നുവിടാന്‍ കഴിയാതെ വിഷമിക്കുകയാണ് അധികൃതര്‍. തായത്തെരു റെയില്‍വേ ട്രാക്കിന് സമീപം മണിക്കൂറുകളോളം പുലി കിടന്നിരുന്നു. ഈ സമയം തെക്കോട്ടും വടക്കോട്ടും മുപ്പതിലേറെ തീവണ്ടികള്‍ കടന്നുപോയിട്ടും പുലി കിടന്ന സ്ഥലത്തു നിന്നും മാറിയിരുന്നില്ല. കുറ്റിക്കാട്ടില്‍ ആളുകള്‍ കൂട്ടംകൂടി നിന്നിട്ടും ശാന്തനായാണ് പുലിയെ കണ്ടെത്തിയത്. ഇത് പുലി ജനങ്ങളോട് അടുത്ത് ഇടപഴകുന്നുണ്ടെന്നതിന്റെ ലക്ഷണമാണെന്ന് അന്നുതന്നെ ജനസംസാരമുണ്ടായിരുന്നു. ഇതു കൂടാതെ പുലിയുടെ ശരീരത്തില്‍ മണ്ണോ ചളിയോ മറ്റ് അഴുക്കുകളോ ഒന്നുംതന്നെയുണ്ടായിരുന്നില്ല. ഇത് ഷാമ്പു പോലുള്ള വസ്തുക്കള്‍ ഉപയോഗിച്ച് കുളിപ്പിച്ച് വൃത്തിയാക്കിയതിനാലാണെന്നും പറയപ്പെടുന്നു. ഇപ്പോള്‍ വെറ്ററിനറി ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയിലും ഇത് തെളിയിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. ഇതില്‍ നിന്നുതന്നെ വീടുകളില്‍ വളര്‍ത്തിയതല്ലെങ്കില്‍ സര്‍ക്കസ് കൂടാരത്തില്‍ നിന്നും ചാടിയതാണെന്നും സംശയിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങിയത്. വന്യമൃഗങ്ങള്‍ കൂട്ടത്തോടെ നാട്ടിലെത്തി ജനങ്ങളെ അക്രമിക്കുന്ന ഘട്ടത്തില്‍ പുലിയെ വീട്ടില്‍ വളര്‍ത്തി എന്ന സംശയം നാട്ടുകാരെയും ഉദ്യോഗസ്ഥരെയും ഞെട്ടിച്ചിട്ടുണ്ട്. ജില്ലയുടെ പല ഭാഗങ്ങളിലും പുലിയെ കണ്ടു എന്ന പ്രചാരണത്തിന്റെ അടിസ്ഥാനത്തില്‍ ജനങ്ങള്‍ ഭീതിയോടെയാണ് കഴിയുന്നത്. അതുകൊണ്ടുതന്നെ സംഭവത്തില്‍ സമഗ്രാന്വേഷണം വേണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.