കണ്ണൂരില്‍ പിടികൂടിയ പുലി എവിടെനിന്ന് വന്നെന്ന സംശയം അവസാനിക്കുന്നില്ല

Sunday 7 May 2017 11:09 pm IST

കണ്ണൂര്‍: കണ്ണൂര്‍ തായത്തെരുവില്‍ നിന്നും പിടികൂടിയ പുലി എവിടെ നിന്നു വന്നെന്ന സംശയം അവസാനിക്കുന്നില്ല. പുലിയ പിടികൂടിയ അന്നു മുതല്‍ പുലി എവിടെനിന്നു വന്നെന്ന അന്വേഷണത്തിലായിരുന്നു വനംവകുപ്പ് ഉദ്യോഗസ്ഥര്‍. ഇതിനിടെ പിടികൂടിയ പുലിയെ തിരുവനന്തപുരം നെയ്യാര്‍ മൃഗസംരക്ഷണ കേന്ദ്രത്തില്‍ നിരീക്ഷണത്തിലാക്കിയിരുന്നു. എന്നാല്‍ പുലിയെ പരിശോധിച്ച വെറ്റിനറി സര്‍ജന്‍ ഡോ.കെ.ജയകുമാര്‍ പുലി വളര്‍ത്തുമൃഗങ്ങളുടെ സ്വഭാവം കാണിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട് നല്കിയിരുന്നത്. ഇതിനെ തുടര്‍ന്ന് കണ്ണൂര്‍ ഡിവിഷനല്‍ ഫോറസ്റ്റ് ഓഫീസര്‍ സുനില്‍ പാമിഡിയുടെ നേതൃത്വത്തിലുള്ള വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്തിയിരുന്നു. പുലിയിറങ്ങിയ തായത്തെരുവില്‍ പരിശോധന നടത്തിയിരുന്നെങ്കിലും സംശയം ദൂരുകരിക്കാനുള്ള യാതൊരുവിധ സാധ്യതയും ലഭിച്ചിട്ടില്ലെന്നാണ് ഫോറസ്റ്റ് ഓഫീസര്‍ സുനില്‍ പാമിഡി വ്യക്തമാക്കിയത്. ഇതോടെ ജനവാസ കേന്ദ്രത്തില്‍ പുലിയെവിടെ നിന്നു വന്നെന്ന സംശയം അവശേഷിക്കുകയാണ്. കഴിഞ്ഞ മാര്‍ച്ച് അഞ്ചിന് ഉച്ചയ്ക്ക് മൂന്നോടെയാണ് കണ്ണൂര്‍ സിറ്റിയിലെ തായത്തെരു റെയില്‍വേ ട്രാക്കിനു സമീപം പുലിയെ കണ്ടെത്തിയത്. ഏറെ നേരത്തെ ശ്രമഫലങ്ങള്‍ക്കൊടുവില്‍ വയനാട്ടില്‍ നിന്നും എത്തിയ സംഘമാണ് പുലിയെ മയക്കുവെടി വച്ച് കീഴടക്കിയത്. തുടര്‍ന്ന് തിരുവനന്തപുരത്തെ നെയ്യാറിലേക്ക് കൊണ്ടു പോകുകയായിരുന്നു. പുലിയുടെ അക്രമത്തില്‍ പ്രദേശവാസികളായ മൂന്നു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.