മൂന്നാറില്‍ ആരാധനാലയങ്ങള്‍ക്ക് പട്ടയം നല്‍കണമെന്ന് ആവശ്യം

Sunday 7 May 2017 11:11 pm IST

തിരുവനന്തപുരം: മൂന്നാറില്‍ പട്ടയമില്ലാത്ത ആരാധനാലയങ്ങള്‍ക്ക് പട്ടയം നല്‍കണമെന്ന് ആവശ്യം. കയ്യേറ്റത്തെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്നലെ തൈക്കാട് ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന മതമേലധ്യക്ഷന്മാരുടെ യോഗത്തിലാണ് ആവശ്യം. എന്നാല്‍ മതചിഹ്നങ്ങള്‍ ഉപയോഗിച്ചുള്ള കയ്യേറ്റം ഒഴിപ്പിക്കണമെന്നും അവര്‍ പറഞ്ഞു. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുമ്പോഴുണ്ടാകുന്ന പ്രായോഗിക പ്രശ്‌നങ്ങളെക്കുറിച്ചും അവര്‍ ചൂണ്ടിക്കാട്ടി. കൈയ്യേറ്റങ്ങള്‍ക്കു വേണ്ടി മതചിഹ്നങ്ങളെ ഉപയോഗിക്കുന്നതിന് യോഗത്തില്‍ പങ്കെടുത്ത ആരും അനുകൂലിക്കുന്നില്ലെന്ന് യോഗത്തിനുശേഷം പുറത്തുവന്ന ഹൈറേഞ്ച് സംരക്ഷണ സമതി ജനറല്‍ കണ്‍വീനര്‍ ഫാ.സെബാസ്റ്റ്യന്‍ കൊച്ചുപുരയ്ക്കല്‍ പറഞ്ഞു. കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍, ഇടുക്കി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലിനെ പ്രതിനിധീകരിച്ച് ഫാ.ജോര്‍ജ് കുഴിപ്പിളളില്‍, കട്ടപ്പന ടൗണ്‍ ജൂമാ മസ്ജിത് ഇമാം മുഹമ്മദ് റഫീഖ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. ഇടതുമുന്നണിയില്‍ ഭിന്നിപ്പുണ്ടെന്ന് വരുത്താന്‍ ശ്രമിക്കേണ്ടെന്ന് മാധ്യമപ്രവര്‍ത്തകരുമായി നടത്തിയ ചര്‍ച്ചയില്‍ മുഖ്യമന്ത്രി പറഞ്ഞു. പ്രശ്‌നങ്ങള്‍ ഉണ്ടാക്കരുത്. ഉദ്യോഗസ്ഥരെ എങ്ങനെ ഉപയോഗിക്കണമെന്ന് സര്‍ക്കാരിനറിയാം. അവരെ തടയുന്ന സമീപനമല്ല സര്‍ക്കാരിന്റേത്. പ്രശ്‌നങ്ങളുണ്ടെന്ന് പ്രചരിപ്പിച്ച് സര്‍ക്കാരിനും ഉദ്യോഗസ്ഥര്‍ക്കും ഇടയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കരുതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. മൂന്നാറിലെ അനധികൃത കെട്ടിടങ്ങള്‍ നീക്കം ചെയ്യണമെന്ന പരിസ്ഥിതി പ്രവര്‍ത്തകരുടെ ആവശ്യത്തോട് മുഖ്യമന്ത്രി വ്യക്തമായി പ്രതികരിച്ചില്ല. പ്രായോഗിക പ്രശ്‌നങ്ങള്‍ പരിഗണിച്ച് ചില ഭേദഗതികളുണ്ടാക്കേണ്ടിവരുമെന്നു മാത്രം പറഞ്ഞു. സുഗതകുമാരി, ജൈവവൈവിധ്യബോര്‍ഡ് ചെയര്‍മാന്‍ ഉമ്മന്‍ വി. ഉമ്മന്‍, വി.എസ്. വിജയന്‍, പരിസ്ഥിതി സംഘടനയായ തണലിന്റെ ഭാരവാഹി ജയകുമാര്‍, ഹരീഷ് വാസുദേവന്‍ തുടങ്ങിയവരുമായാണ് ചര്‍ച്ച നടത്തിയത്. വൈകിട്ടു ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ മന്ത്രിമാര്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് എം.എം. ഹസ്സന്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, വിവിധ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.