വികസനം കൊതിച്ച് മട്ടന്നൂര്‍ നഗരസഭയിലെ പ്രാഥമിക വിദ്യാലയങ്ങള്‍

Monday 8 May 2017 3:22 pm IST

മട്ടന്നൂര്‍: പരിമിതിക്കള്ളില്‍ വീര്‍പ്പുമുട്ടി നഗരസഭയിലെ ഏതാനും സ്‌കൂളുകള്‍ .മട്ടന്നൂര്‍ നഗരസഭയിലെ എല്‍പി, യുപി വിഭാഗങ്ങളില്‍പ്പെട്ട ആറോളം സ്‌കൂളുകളാണ് വിവിധ ആവശ്യങ്ങളുമായി പരിമിതികള്‍ക്കുളളില്‍ പ്രവര്‍ത്തിക്കുന്നത്. കല്ലേരിക്കര എല്‍പി സ്‌കൂളിനും കീച്ചേരി എല്‍പി സ്‌കൂളിനും മേറ്റടി എല്‍പി സ്‌കൂളിനും മൂത്രപ്പുരയുടെയും കക്കൂസിന്റേയും അസൗകര്യമാണ് പറയാനുള്ളത്. നിലവില്‍ ഇവിടെയെല്ലാം മൂത്രപ്പുരയുണ്ടെങ്കിലും സ്ഥലപരിമിതിയും ജീര്‍ണ്ണാവസ്ഥയിലുമാണ് മഴയൊന്നു പെയ്താല്‍ ചോര്‍ന്നൊലിക്കുന്നതും പൊട്ടിപ്പൊളിഞ്ഞടര്‍ന്ന് വൃത്തിഹീനവുമായ രീതിയിലാണ്. മേറ്റടി സ്‌കൂളിന് ചുറ്റുമതിലും പണിയണമെന്നാവശ്യവും ഉയര്‍ന്നിട്ടുണ്ട്. കോളാരി എല്‍.പി സ്‌കൂളിലെ കുട്ടികള്‍ വേനല്‍ കടുത്താല്‍ ക്ലാസ്സുമുറിയില്‍ വെന്തുരുകും. ഫാനില്ല എന്നതാണ് കാരണം. പൊറോറ യുപി സ്‌കൂളിലെ കുട്ടികള്‍ക്ക് വായനക്കായി പുസ്തകങ്ങള്‍ അത്യാവശ്യമുണ്ടെങ്കിലും പ്രത്യേകമായി ലൈബ്രറി സൗകര്യവും റീഡിംഗ് റൂമുമില്ല.എന്നാല്‍ കയനി യുപി സ്‌കൂളിന് സ്മാര്‍ട്ട് ക്ലാസ്സ് റൂം ഉണ്ടെങ്കിലും സ്മാര്‍ട്ടാണെന്ന് പറയാനാകില്ല. സ്മാര്‍ട്ട് ക്ലാസ് റൂം ഇനിയും ആധുനികവല്ക്കരിക്കേണ്ടിയിരിക്കുന്നു. സ്‌കൂള്‍ അധികൃതരും നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റ്റിംഗ് കമ്മിറ്റിയും സ്ഥലം എംഎല്‍എയും വിഷയത്തിലിടപെട്ട് ഈ അധ്യയന വര്‍ഷം ആരംഭിക്കുന്നതിന് മുമ്പേ പ്രശ്‌നത്തിന് പരിഹാരം കാണണമെന്നാണ് ജനങ്ങള്‍ ആവശ്യപ്പെടുന്നത്. മുന്‍സിപ്പാലിറ്റി ആസ്ഥാനമായ മട്ടന്നൂര്‍ ടൗണിലെ മട്ടന്നൂര്‍ ഗവ. യുപി സ്‌കൂള്‍ പരിഷ്‌ക്കരിച്ച് ഹൈസ്‌കൂളാക്കി ഉയര്‍ത്തണമെന്ന ആവശ്യം ശക്തമാണ്. നഗരത്തിന്റെ ഹൃദയഭാഗത്ത് എന്നാല്‍ നഗരത്തിന്‍ നിന്നും അല്പം ഉയര്‍ന്ന് ചെറിയൊരു കുന്നില്‍ പ്രവര്‍ത്തിക്കുന്ന ഈ സര്‍ക്കാര്‍ സ്‌കൂള്‍ 1922-23 കാലഘട്ടത്തിലാണ് സ്ഥാപിതമായത്. ഇടയ്ക്ക് കെട്ടിടം പുതുക്കിപ്പണിതിറ്റുണ്ടെങ്കിലും ഇപ്പോള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ഏതാനും കെട്ടിടങ്ങള്‍ 50 വര്‍ഷത്തിലേറെ പഴക്കമുള്ളവയാണ്. 500ല്‍ പരം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്‌ക്കൂളിലെ കാലപ്പഴക്കം ചെന്ന കെട്ടിടങ്ങള്‍ പുതുക്കിപ്പണിയണമെന്നാണ് നാട്ടുകാരുടേയും ,രക്ഷിതാക്കളുടേയും, സ്‌കൂള്‍ വികസന സമിതി യുടേയും ആവശ്യം. ഒപ്പം നല്ലൊരു പ്ലേഗ്രൗണ്ടും സ്‌കൂളിന്റെ ആവശ്യങ്ങളിലൊന്നാണ്. ആസ്‌ത്രേലിയയിലെ ഇന്ത്യന്‍ ഡപ്യൂട്ടി ഹൈക്കമീഷണര്‍ എ.അജയ്കുമാര്‍, പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി മാരാര്‍ തുടങ്ങി ഒട്ടനവധി പ്രതിഭകള്‍ പഠിച്ചിറങ്ങിയ ഈ സ്‌കൂളിന്റെ വികസന ആവശ്യത്തോട് സര്‍ക്കാര്‍ പ്രത്യേക പരിഗണന നല്‍കണമെന്നാണ് നാട്ടുകാരുടെ ആവശ്യം

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.