നെടുമ്പാശേരിയില്‍ കോടികളുടെ ആമകളെ പിടിച്ചു

Tuesday 12 July 2011 2:59 pm IST

കൊച്ചി: രാജ്യാന്തരവിപണിയില്‍ കോടികളുടെ വിലയുള്ള അപൂര്‍വയിനത്തില്‍പ്പെട്ട ആറായിരത്തോളം ആമകളെ നെടുമ്പാശേരി വിമാനത്താവളത്തില്‍ പിടികൂടി. സിംഗപ്പൂരില്‍ നിന്നും അനധികൃതമായി കടത്തികൊണ്ടുവന്ന ആമകളെ ഇന്നലെ അര്‍ദ്ധരാത്രിയാ‍ണ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ചെന്നൈ സ്വദേശി അബ്‌ദുള്‍റഹീം നൈനാ മുഹമ്മദിനെ കസ്റ്റംസ്‌ അധികൃതര്‍ അറസ്റ്റ്‌ ചെയ്‌തു. സിംഗപ്പൂര്‍ എയര്‍ലൈന്‍സ്‌ വിമാനത്തില്‍ രണ്ട്‌ സ്യൂട്ട്കെയ്‌സുകളിലായി തുണിയില്‍ പൊതിഞ്ഞാണ് ആമകളെ കൊണ്ടുവന്നത്‌. വിമാനത്താവളത്തിലെ ഗ്രീന്‍ചാനലിലൂടെയാണ്‌ ഇവ കടത്താന്‍ ശ്രമിച്ചത്‌. സിംഗപ്പൂരില്‍ നിന്ന്‌ രണ്ടരലക്ഷം രൂപയ്ക്ക്‌ വാങ്ങിയതാണ് ആമകളെന്ന് അധികൃതര്‍ അറിയിച്ചു നക്ഷത്ര ആമകളേക്കാള്‍ വലുപ്പം കുറഞ്ഞ ഈ ആമകളെ അലങ്കാരത്തിനാണ്‌ വളര്‍ത്തുന്നത്‌. ചെന്നൈയിലേക്ക്‌ കൊണ്ടുപോകാനാണ്‌ ഇയാള്‍ ലക്ഷ്യമിട്ടിരുന്നത്‌. നിയമപ്രകാരം ഇത്തരം ആമകളുടെ കയറ്റുമതിയും ഇറക്കുമതിയും നിരോധിച്ചിട്ടുളളതാണ്‌. പിടിച്ചെടുത്ത ഈ ആമകളെ സിംഗപ്പൂരിലേക്കു തന്നെ തിരിച്ചയയ്ക്കും.