നൈജീരിയയില്‍ പ്രതിരോധ മന്ത്രിയെ പുറത്താക്കി

Saturday 23 June 2012 4:31 pm IST

അബൂജ: നൈജീരിയയില്‍ പ്രതിരോധമന്ത്രിയേയും ദേശീയ സുരക്ഷാ ഉപദേഷ്ടാവിനെയും പുറത്താക്കി. സുരക്ഷാ ഉപദേഷ്ടാവ്‌ ഒവോയ്‌ അസാസിയേയും മന്ത്രി ബെല്ലോ മുഹമ്മദിനെയുമാണ്‌ പ്രസിഡന്റ്‌ ഗുഡ്ലക്‌ ജോനാഥന്‍ പുറത്താക്കിയത്‌. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ പ്രതിരോധിക്കുന്നതില്‍ പരാജയപ്പെട്ട സാഹചര്യത്തിലാണു നടപടി. കഴിഞ്ഞ ഞായറാഴ്ച നൈജീരിയയിലെ ക്രിസ്ത്യന്‍ പള്ളിക്കു നേരെ ബൊക്കോ ഹാറം തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ 36 പേര്‍ക്കാണ്‌ ജീവഹാനിയുണ്ടായത്‌. കഴിഞ്ഞ ഒരു മാസത്തിനിടെ വിവിധ ഭീകരാക്രമണങ്ങളിലായി നൂറിലധികം പേരാണ്‌ കൊല്ലപ്പെട്ടത്‌. പ്രതിരോധ മന്ത്രാലയത്തിലെ ഉന്നതരെ പുറത്താക്കുന്ന കാര്യത്തില്‍ പ്രസിഡന്റ് വ്യക്തമായ വിശദീകരണം നല്‍കുന്നില്ലെങ്കിലും ക്രിസ്ത്യന്‍ പളളിക്കു നേരേയുണ്ടായ ആക്രമണമാണു കടുത്ത തീരുമാനത്തിനു കാരണമെന്നു കരുതുന്നു. പുതിയ സുരക്ഷ സുരക്ഷാ ഉപദേഷ്ടാവായി സാമ്പോ ദസൂക്കിയെ നിയമിച്ചെങ്കിലും പുതിയ പ്രതിരോധമന്ത്രി ആരെന്ന കാര്യം വ്യക്തമല്ല. സൈന്യത്തില്‍ കേണല്‍ പദവി വഹിച്ചിട്ടുള്ള ദസൂക്കിയുടെ പ്രഥമ ചുമതല രാജ്യത്തെ ക്രമസമാധാനനില മെച്ചപ്പെടുത്തുകയെന്നതാണ്‌. ബൊക്കോ ഹാറം തീവ്രവാദികളുടെ ആക്രമണങ്ങളുടെ പേരില്‍ നൈജീരിയ ലോകരാജ്യങ്ങള്‍ക്കിടയില്‍ ചെറുതാകുകയാണ്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.