ഗുരുദേവ ശിഷ്യനായ നരസിംഹ സ്വാമികള്‍

Thursday 11 May 2017 10:25 pm IST

മഹാവിഷ്ണു ഹിരണ്യാക്ഷനെ വധിച്ചതോടുകൂടി സഹോദരനായ ഹിരണ്യകശിപു വിഷ്ണുവിദ്വേഷിയായി മാറി, ലോകോപദ്രവകാരിയായിത്തീര്‍ന്നു. താനല്ലാതെ മറ്റാരും ദൈവമല്ലെന്ന് ആ അസുരരാജന്‍ പ്രഖ്യാപിച്ചു. പക്ഷെ സ്വന്തം പുത്രന്‍, പ്രഹ്‌ളാദനെ മാത്രം വിശ്വസിപ്പിക്കാന്‍ അസുരനായില്ല. ഒടുവില്‍ പുത്രനെ വധിക്കാന്‍ ഹിരണ്യകശിപു ഉടവാള്‍ ഊരി. അന്ന് വൈശാഖമാസത്തിലെ വെളുത്തപക്ഷ ചതുര്‍ദ്ദശിയായിരുന്നു. ഭക്തപ്രഹ്‌ളാദന്റെ രക്ഷക്കായി തൂണുപിളര്‍ന്ന് നരസിംഹം അവതരിച്ച സുദിനം. നരസിംഹമൂര്‍ത്തിയെ ഉപാസിച്ച് ശക്തിയും സിദ്ധിയും കൈവരിച്ച, ശ്രീനാരായണഗുരുദേവശിഷ്യനായ നരസിംഹസ്വാമികളുടെ ജീവിതത്തിലൂടെ ഒരു തീര്‍ത്ഥയാത്ര നടത്താം, ഈ സുദിനത്തില്‍. എറണാകുളം ജില്ലയിലെ വടക്കന്‍ പറവൂരിനടുത്തുള്ള എളന്തിക്കര ്രഗാമത്തില്‍, 1053 കര്‍ക്കടകം 30 ന് തറമ്മല്‍ പാപ്പിയുടെ മൂന്നാമത്തെ സന്താനമായി 'കുട്ടി' എന്ന കഥാപുരുഷന്‍ ജനിച്ചു. 18 വയസ്സുള്ളപ്പോള്‍ വീടിനടുത്തുള്ള കാട്ടിലേക്ക് കയറിപ്പോയ കുട്ടി നിരവധി വര്‍ഷങ്ങള്‍ കഴിഞ്ഞ്, നീണ്ട താടിയും മുടിയുമായി കാടിനു വെൡയില്‍ വന്നപ്പോള്‍ നാട്ടുകാര്‍ക്കെല്ലാം അയാള്‍ 'കുട്ടിശാന്തി'യായി. അധികംവൈകാതെ ആ യുവാവ് ഏതോ ഒരു ഉള്‍വിളിയാലെന്നോണം ശിവഗിരിക്കുന്നിലെത്തി. അരോഗദൃഢഗാത്രനായ ആ ക്ഷുഭിതയുവാവിനെ ഗുരുദേവന് നന്നേ ഇഷ്ടപ്പെട്ടു. കുട്ടിശാന്തിക്ക് 'നരസിംഹം' എന്ന പേര് വീണതിന്പിന്നില്‍ ഒരു സംഭവം നടന്നതായി പറയപ്പെടുന്നു. ഒരിക്കല്‍ ഒരാശ്രമ അന്തേവാസി കുട്ടിശാന്തിയെ വല്ലാതെ ശകാരിച്ചു. കോപം സഹിക്കവയ്യാതെ കുട്ടിശാന്തി മുഷ്ടി ചുരുട്ടി ഭിത്തിയില്‍ ആഞ്ഞൊരിടി കൊടുത്തു. ഇടിയുടെ ആഘാതത്തില്‍ ആശ്രമഭിത്തി പിളര്‍ന്നുപോയി. സംഭവം അറിഞ്ഞ ഗുരുദേവന്‍ കുട്ടിശാന്തിയെ വിളിച്ച് ഇപ്രകാരം അരുളിയത്രെ, 'ഇനി മുതല്‍ നീ നരസിംഹം എന്ന പേരില്‍ അറിയപ്പെടട്ടെ.' ശിവഗിരിയില്‍ ശാരദാപ്രതിഷ്ഠക്കുശേഷം ഗുരുദേവന്‍ ആലുവയിലേക്കു പോയപ്പോള്‍ നരസിംഹവവും അദ്ദേഹത്തെ അനുഗമിച്ചു. ആലുവ അദ്വൈതാശ്രമത്തിന്റെ പ്രാരംഭകാല പ്രവര്‍ത്തനങ്ങളില്‍ നരസിംഹസ്വാമികള്‍ സജീവമായിരുന്നു. തുടര്‍ന്ന് ഗുരുദേവനിര്‍ദ്ദേശപ്രകാരം തൃപ്പൂണിത്തുറയ്ക്കടുത്തുള്ള എരൂര്‍ പോട്ടയിലെ ദേവീക്ഷേത്രത്തിന്റെ പുനരുദ്ധാരണപ്രവര്‍ത്തനങ്ങളില്‍ മുഴുകി. ക്ഷേത്രത്തിനടുത്ത് സ്വാമികള്‍ ഒരു ആശ്രമം സ്ഥാപിച്ചു. ആതുരസേവനരംഗത്ത് ആശ്രമം നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിച്ചു. ഒരിക്കല്‍ ക്ഷേത്രോത്‌സവത്തിനെത്തിയ ആന പാപ്പാനെ വകവയ്ക്കാതെ ഓടി. ആളുകളുടെ ബഹളം കേട്ട് ആശ്രമത്തില്‍ വിശ്രമിച്ചിരുന്ന നരസിംഹസ്വാമികള്‍ പുറത്തുവന്നപ്പോഴാണ് കാര്യത്തിന്റെ ഗൗരവം മനസ്സിലായത്. ഉടനടി അദ്ദേഹം ആ കൊമ്പന്റെ മുന്നിലെത്തി ഗര്‍ജിച്ചു, 'ശ്രീനാരായണപരമഹംസന്റെ ശിഷ്യന്‍ നരസിംഹം ആജ്ഞാപിക്കുന്നു ഇരിക്കവിടെ!' ആ കൊമ്പന്‍ മുട്ടുമടക്കുന്ന കാഴ്ചയാണ് പിന്നീട് ജനം കണ്ടത്. ശ്രീനാരായണധര്‍മ്മസംഘം 1928 ല്‍ രൂപീകൃതമായപ്പോള്‍ നരസിംഹസ്വാമികളും അതിലൊരംഗമായിത്തീര്‍ന്നു. ഗുരുദേവന്‍ രോഗശയ്യയ്യില്‍ കിടന്ന നാളുകളില്‍, നരസിംഹസ്വാമികള്‍ രാപകലെന്നില്ലാതെ അദ്ദേഹത്തെ ശുശ്രൂഷിച്ചുകൊണ്ടിരുന്നു. ഗുരുദേവന്‍ സമാധിയാകുമ്പോള്‍ ധര്‍മ്മതീര്‍ത്ഥസ്വാമികളും സുഗുണാനന്ദസ്വാമികളും അച്യുതാനന്ദസ്വാമികളും നരസിംഹസ്വാമികളും ചേര്‍ന്ന് അദ്ദേഹത്തിന്റെ അടുത്തിരുന്ന് ദൈവദശകം ചൊല്ലുകയായിരുന്നുവെന്ന് ഗുരുദേവന്റെ പല ജീവചരിത്രങ്ങളിലും കാണുന്നു. നരസിംഹസ്വാമികള്‍ ജീവിതത്തില്‍ ഒരിക്കല്‍പ്പോലും എഴുതിയിട്ടില്ല, പ്രസംഗിച്ചിട്ടുമില്ല. ഗുരുദേവന്റെ സന്ദേശം ആചരിച്ച് പ്രചരിപ്പിക്കുന്നതമില്‍ എല്ലായ്‌പ്പോഴും വ്യാപൃതനായിരുന്നു സ്വാമികള്‍. എണ്‍പതാമത്തെ വയസ്സില്‍ 1133 വൃശ്ചികം 5 ന് രാത്രി 11.45 ന് എരൂര്‍ ആശ്രമത്തില്‍വച്ച് നരസിംഹസ്വാമികള്‍ സമാധിയായി. നിരവധി ക്ഷേത്രപ്രതിഷ്ഠകള്‍ നരസിംഹസ്വാമികള്‍ നടത്തിയിട്ടുണ്ട്. അതില്‍ പലതും ഗുരുദേവനിര്‍ദ്ദേശാനുസരണമാണ് നിര്‍വഹിച്ചിട്ടുള്ളത്. സാധാരണ ജനങ്ങളുടെ ആത്മീയോന്നതിക്ക് ക്ഷേത്രങ്ങള്‍ സഹായകമാകുമെന്നതുകൊണ്ടുമാത്രമാണ് നരസിംഹസ്വാമികള്‍ തന്റെ ദൗത്യനിര്‍വ്വഹണത്തിന് തയ്യാറായത്. നരസിംഹത്തിന്റെ രൂപമായിരുന്നുവെങ്കിലും സ്വാമികളുടെ മനസ്സു മുഴുവനും സ്‌നേഹാര്‍ദ്രമായ സഹാനുഭൂതിയായിരുന്നു. അവിടെ സ്വാര്‍ത്ഥത്തിന് സ്ഥാനമുണ്ടായിരുന്നില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.