ചീഫ് ജസ്റ്റിസടക്കം 7 ജഡ്ജിമാരെ അറസ്റ്റു ചെയ്യാന്‍ ഉത്തരവിട്ട് ജസ്റ്റിസ് കര്‍ണന്‍

Monday 8 May 2017 9:52 pm IST

കൊല്‍ക്കത്ത: തന്റെ മാനസിക നില പരിശോധിക്കാന്‍ ഉത്തരവിട്ട സുപ്രീം കോടതി ചീഫ് ജസ്റ്റിസടക്കം ഏഴ് ജഡ്ജിമാരെ അഞ്ചു വര്‍ഷത്തെ തടവും 10,000 രൂപ പിഴയും ശിക്ഷിക്കാന്‍ ഉത്തരവിട്ട് ജസ്റ്റിസ് കര്‍ണന്‍. ജാതീയമായ അധിക്ഷേപം, ഗൂഡാലോചന, അധിക്ഷേപം, കോടതിയലക്ഷ്യ കേസുകളുടെ ദുരുപയോഗം എന്നിവ ചുമത്തിയാണ് കര്‍ണന്റെ ശിക്ഷാ വിധി. ചീഫ് ജസ്റ്റ്‌സിനെ കൂടാതെ ജസ്റ്റിസ് ദീപക് മിശ്ര,ജസ്റ്റിസ് ജെ ചെലമേശ്വര്‍, ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി, ജസ്റ്റിസ് മദന്‍ ബി ലോകുര്‍, ജസ്റ്റിസ് പിനാക്കി ചന്ദ്ര ഗോസ്, ജസ്റ്റിസ് കുര്യന്‍ ജോസഫ്, ജസ്റ്റിസ് ആര്‍ ഭാനുമതി എന്നിവരെ അറസ്റ്റ് ചെയ്യാനാണ് കര്‍ണന്‍ ഉത്തരവിട്ടിരിക്കുന്നത്. കര്‍ണന്‍ അഴിമതിക്കാരനാണെന്നും അദ്ദേഹത്തിനെതിരെ അന്വേഷണം നടത്തണമെന്നും സുപ്രീംകോടതി നിയോഗിച്ച സമിതി റിപ്പോര്‍ട്ട് നല്‍കിയതാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഇതിനെതിരെ പ്രതികരിച്ച കര്‍ണനെ മദ്രാസ് ഹൈക്കോടതിയില്‍ നിന്നും കൊല്‍ക്കത്ത ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റിയിട്ടും പ്രശ്‌നങ്ങള്‍ അവസാനിച്ചില്ല. താന്‍ ദളിത് വംശജനായതിന്റെ പേരിലാണ് ഇത്തരം ഒരു അനുഭവം ഉണ്ടായതെന്നായിരുന്നു കര്‍ണന്റെ ആരോപണം. കഴിഞ്ഞ ആഴ്ച സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെ ഏഴ് ജഡ്ജിമാര്‍ക്ക് കര്‍ണന്‍ സമന്‍സ് അയച്ചിരുന്നു. തുടര്‍ന്ന് പിറ്റേ ദിവസം കര്‍ണന്റെ മാനസിക നില പരിശോധിക്കാന്‍ ഒരു മെഡിക്കല്‍ സംഘത്തിനെ സുപ്രീം കോടതി നിയോഗിച്ചിരുന്നു. എന്നാല്‍ സംഘത്തിനെ പരിശോധന നടത്താന്‍ അദ്ദേഹം അനുവദിച്ചിരുന്നില്ല. ഡല്‍ഹി പോലീസ് കമ്മീഷണര്‍ക്കാണ് സുപ്രീംകോടതി ജഡ്ജിമാരെ അറസ്റ്റ് ചെയ്യാന്‍ കര്‍ണന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. അറസ്റ്റ് വരിക്കാന്‍ തയ്യാറാവാത്ത പക്ഷം ജഡ്ജിമാര്‍ പാര്‍ലമെന്റിനെ സമീപക്കണമെന്നും ഉത്തരവിലുണ്ട്. അതുവരെ സുപ്രീംകോടതിയിലെ ഒരു കേസും അവര്‍ പരിഗണിക്കരുതെന്നും പാസ്‌പോര്‍ട്ടുകള്‍ പോലീസിന് കൈമാറണമെന്നും കര്‍ണന്‍ നിര്‍ദേശിക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.