കവിതയെഴുതാന്‍ ഭയം; നല്ലത് മൗനം: വയലാര്‍ ശരച്ചന്ദ്രവര്‍മ്മ

Monday 8 May 2017 10:12 pm IST

ആലപ്പുഴ: കവിതയെഴുത്തില്‍ നിന്നും വിരമിച്ചില്ലെങ്കില്‍ തല്ലുകൊള്ളുമെന്നതാണ് ഇന്നത്തെ അവസ്ഥയെന്ന് ഗാനരചയിതാവ് വയലാര്‍ ശരച്ചന്ദ്രവര്‍മ്മ. ഉത്തരവാദിത്തമുള്ള ഒരു കുടുംബനാഥന്‍ എന്ന നിലയില്‍ മൗനമാണ് പലപ്പോഴും നല്ലത്. കവികള്‍ കുടുംബത്തില്‍ നിന്ന് അകലുകയും സ്വന്തം ഭാര്യയ്ക്കു പോലും ഇഷ്ട്ടമല്ലാതാകുന്ന സ്ഥിതിയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. മണ്ണാറശാല ശ്രീദേവി നമ്പൂതിരിയുടെ പ്രഥമ കവിതാസമാഹാരം 'കാവ്യാഞ്ജലി' പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. സമൂഹത്തിനു വേണ്ടി തൂലിക ചലിപ്പിച്ച് എന്തെങ്കിലും ചെയ്യാന്‍ ഇന്നത്തെ കവികള്‍ക്ക് കഴിയില്ല. കവിയെന്നാല്‍ കവിത എഴുതി വിരമിക്കുകയെന്നതാണ് ഇപ്പോഴത്തെ അര്‍ത്ഥം. ഭക്തി അടക്കം എല്ലാം ഇന്ന് പാക്കേജാണ്. ഈശ്വരനെ അറിയുന്നത് പോലും മേക്കപ്പിലൂടെയാണ്. പണ്ട് എതാനും കീചകന്‍മാരാണ് ഉണ്ടായിരുന്നതെങ്കില്‍ ഇന്ന് വിദ്യാഭ്യാസമുള്ള കീചകന്‍മാര്‍ നിരവധിയാണ്. സ്ത്രീകളുടെ അവസ്ഥയും മറ്റൊന്നല്ല, സൗന്ദര്യം നഷ്ടപ്പെടുമെന്ന് ഭയന്ന് സ്വന്തം കുട്ടിക്ക് മുലപ്പാല്‍ കൊടുക്കാന്‍ പോലും പലരും തയ്യാറാകുന്നില്ല. സ്ത്രീയുടെ വേഷവിധാനത്തെ കുറിച്ച് പണ്ട് യേശുദാസ് പറഞ്ഞത് സത്യമാണ്. പുരുഷന്മാരെക്കുറിച്ച് പറഞ്ഞാല്‍ അവര്‍ ആയുധം കൊണ്ട് നേരിടും, സ്ത്രീകളെ കുറിച്ച് പറഞ്ഞാല്‍ അവര്‍ സ്ത്രീശക്തി കൊണ്ട് നേരിടും. സത്യം പറഞ്ഞാല്‍ പോലും ആരും വിശ്വസിക്കാത്ത കാലമാണിത്. നമ്മളുടെ സംസ്‌ക്കാരം അടുത്ത തലമുറയ്ക്ക് പകര്‍ന്നു നല്‍കാന്‍ പോലും കഴിയുന്നില്ല. മഹാബലിയെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയെന്നാണ് പ്രചരിക്കപ്പെടുന്നത്. അത് തെറ്റാണെന്നും മഹാബലിയെ സുതലത്തേക്ക് അയക്കുകയായിരുന്നുവെന്നും അവിടെ മഹാബലിക്ക് വാമനന്‍ കാവല്‍ നില്‍ക്കുകയാണെന്നുമാണ് പുരാണമെന്നും പറഞ്ഞാല്‍ പരിഹസിക്കപ്പെടുമെന്ന് ദുരവസ്ഥയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഡോ. ശേഷനാഗ് അദ്ധ്യക്ഷത വഹിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.